ADVERTISEMENT

കുന്നമംഗലം(കോഴിക്കോട്)∙ ജാമ്യമെടുക്കാതെ ജയിലിൽ തുടർന്ന പൗരാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കുറ്റമൊന്നും കാണാതെ കോടതി വിട്ടയച്ചു. മാവോവാദികളായ 8 പേരെ കേരളത്തിൽ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുംവരെ താൻ നിയമപോരാട്ടം തുടരുമെന്ന് പുറത്തിറങ്ങിയ അദ്ദേഹം ജയിൽ വളപ്പിൽ പ്രഖ്യാപിച്ചു. നക്സൽ വർഗീസിനെ വെടിവച്ചു കൊന്നവരെ ശിക്ഷിച്ച മാതൃകയിൽ ഈ കേസിലും പ്രതികളെ ശിക്ഷിക്കുംവരെയാകും പോരാട്ടം.

2016 നവംബറിൽ നിലമ്പൂർ വനത്തിൽ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്തതാണു കേസ്. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ വിട്ടയയ്ക്കുന്നു എന്നാണ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് വി.പി.അബ്ദുൽ സത്താർ വിധി പ്രസ്താവിച്ചത്. വൈകിട്ടോടെ കോടതിയിൽ നിന്നു റിലീസ് ഓർഡർ ലഭിച്ചതിനെ തുടർന്നാണ് ജയിലിൽ നിന്നു വിട്ടയച്ചത്. 

ജാമ്യം അനുവദിച്ചിട്ടും ഭരണകൂടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജാമ്യം സ്വീകരിക്കാൻ തയാറാകാതെ 47 ദിവസമായി റിമാൻഡിൽ ജയിലിൽ കഴിയുകയായിരുന്നു ഗ്രോ വാസു. ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.

മുദ്രാവാക്യം തടയാൻ വിധി വിഡിയോ വഴി

കോഴിക്കോട് ∙ കോടതിപരിസരത്തു തുടർച്ചയായി മുദ്രാവാക്യം വിളിക്കുന്ന പശ്ചാത്തലത്തിൽ ഗ്രോ വാസുവിനെ ഇന്നലെ ജില്ലാ ജയിലിൽ നിന്നു വിഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. നേരിട്ടു ഹാജരാക്കരുതെന്നു ജയിൽ സൂപ്രണ്ടിനു കോടതി നിർദേശം നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയശേഷം തിരികെ കൊണ്ടുപോയപ്പോൾ ആദ്യ ദിവസം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായ പരാമർശങ്ങൾ ഗ്രോ വാസു നടത്തിയിരുന്നു.  പൊലീസുകാർ വാസുവിന്റെ വായ് പൊത്തുകയും ബലപ്രയോഗം നടത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി.

English Summary: Gro Vasu Acquitted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com