ബിരിയാണിയിൽ വറുത്ത കോഴിത്തല; കൊക്കും പൂവും തൂവലും കണ്ണുകളും: ഹോട്ടൽ പൂട്ടി
Mail This Article
തിരൂർ ∙ പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ വറുത്ത കോഴിത്തല കണ്ടെത്തി. പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. ഇന്നലെ തിരൂർ പിസി പടിയിലെ ഒരു വീട്ടുകാരിയാണ് മുത്തൂരിലെ ഒരു കടയിൽനിന്ന് 4 കോഴിബിരിയാണി ഓർഡർ ചെയ്തത്.
ഇതിൽ രണ്ടെണ്ണം ഇവർ കഴിച്ചു. മൂന്നാമത്തെ ബിരിയാണി പാക്കറ്റ് തുറന്നതോടെയാണ് കോഴിയുടെ തല കണ്ടത്. തല വറുത്തെടുത്ത് ബിരിയാണിയിൽ ചേർത്തതായിരുന്നു. കോഴിയുടെ കൊക്കും പൂവും തൂവലും കണ്ണുകളുമെല്ലാം ഇതിലുണ്ടായിരുന്നു. ഇതോടെ ഇവർ തിരൂർ ഭക്ഷ്യസുരക്ഷാ ഓഫിസർ എം.എൻ.ഷംസിയയ്ക്കു പരാതി നൽകി.
ഉടൻ ഓഫിസറും ഭക്ഷ്യസുരക്ഷാ ജില്ലാ ഡപ്യൂട്ടി കമ്മിഷണർ സുജിത് പെരേരയും ചേർന്നു ഹോട്ടലിലെത്തി പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടൽ വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്നു കണ്ടെത്തി. ലൈസൻസുകളും ഉണ്ടായിരുന്നില്ല. ഇവർക്കുണ്ടായിരുന്ന റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. കേസ് റജിസ്റ്റർ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫിസ് അറിയിച്ചു.