പ്രശാന്ത് നാരായണൻ അന്തരിച്ചു; ‘ഛായാമുഖി’ ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയ നാടകങ്ങളുടെ ശിൽപി
Mail This Article
തിരുവനന്തപുരം ∙ പ്രമുഖ നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഗവ. ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ പത്തു മുതൽ ഒരു മണി വരെ നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കാലടി സൗത്തിലെ സഹോദരൻ അശോകന്റെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.
മൂന്നു പതിറ്റാണ്ടായി നാടക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന പ്രശാന്ത്, മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’ ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയ നാടകങ്ങൾ ഒരുക്കി. തിരുവനന്തപുരം വെള്ളായണി സ്വദേശിയായ പ്രശാന്ത് കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടെയും കെ.ശാന്തകുമാരി അമ്മയുടെയും മകനാണ്.
17–ാം വയസ്സിൽ ‘ഭാരതാന്തം’ ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തിയ പ്രശാന്ത് ഛായാമുഖി കൂടാതെ മണികർണിക, തൊപ്പിക്കാരൻ, അരചചരിതം, ബലൂണുകൾ, ജനാലയ്ക്കപ്പുറം, വജ്രമുഖൻ, മകരധ്വജൻ, ചിത്രലേഖ, കറ തുടങ്ങി മുപ്പതോളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. അറുപതോളം നാടകങ്ങൾ സംവിധാനവും ചെയ്തു. കർണാടക സർക്കാരിനു വേണ്ടി ഭാസന്റെ സംസ്‌കൃത നാടകമായ ‘സ്വപ്നവാസവദത്തം’ സംവിധാനം ചെയ്തതും ഏറെ ശ്രദ്ധ നേടി.
തിരുവനന്തപുരത്ത് 2015ൽ ആരംഭിച്ച കളം എന്ന നാടക സംഘത്തിന്റെ ചെയർമാൻ ആയിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ഉൾപ്പെടെ നേടിയിട്ടുണ്ട്. കഴിഞ്ഞ 22ന് കൊച്ചിയിൽ എം.ടി.വാസുദേവൻ നായരെ ആദരിക്കാനായി ‘മനോരമ ഓൺലൈൻ’ സംഘടിപ്പിച്ച പരിപാടിയിൽ അവതരിപ്പിച്ച ‘മഹാസാഗരം’ എന്ന നാടകത്തിലാണ് അവസാനമായി അരങ്ങിലെത്തിയത്.