പൊതുഗതാഗത സമഗ്ര സർവേക്ക് നിർദേശം; യാത്രാസൗകര്യമുള്ള എല്ലാ റോഡിലും ബസ്

Mail This Article
തിരുവനന്തപുരം∙ പൊതുഗതാഗത സംവിധാനത്തിൽ സമഗ്ര പൊളിച്ചെഴുത്തിന് സർക്കാർ. ഇതുവരെ ബസ് ഓടാത്തതും സർവീസ് നിന്നു പോയതുമായ റോഡുകളും പുതുതായി നിർമിച്ച റോഡുകളും കണ്ടെത്തും. ജനങ്ങളുടെ ആവശ്യവും പരിഗണിക്കും. ഇതിനെല്ലാമായി സമഗ്ര ഗതാഗത സർവേ നടത്തും. യാത്രാ സൗകര്യമുള്ള എല്ലാ റൂട്ടുകളിലും പൊതുഗതാഗതം എത്തണമെന്ന മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശ പ്രകാരമാണിത്. യാത്രക്കാരുടെ ആവശ്യമനുസരിച്ച് പുനഃക്രമീകരിക്കാനും ലക്ഷ്യമിടുന്നു. ജില്ലാതലത്തിൽ മോട്ടർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്തു പ്രതിനിധികളുടെ വരെ സഹായത്തോടെയാണ് പുതിയ റൂട്ടുകൾ കണ്ടെത്തുക. ജനങ്ങൾക്കും അറിയിക്കാം. പ്രാഥമിക സർവേ റിപ്പോർട്ട് ഏഴിന് മുൻപ് സമർപ്പിക്കണം. കണ്ടെത്തുന്ന റൂട്ടുകളിൽ സ്വകാര്യബസുകൾക്കും പെർമിറ്റ് നൽകും.
റൂട്ടുകളെപ്പറ്റിയും അവിടെ ബസുകളുടെ പുനഃക്രമീകരണം എങ്ങനെ വേണമെന്നതു പഠിക്കുന്നതിനും കിഫ്ബിയുടെ കൺസൽറ്റൻസിയായ കിഫ്കോണിനെയും പ്രമുഖ കൺസൽറ്റിങ് ഗ്രൂപ്പായ കെപിഎംജിയെയും നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതുകൂടാതെയാണ് പുതിയ സർവേ. നിലവിൽ കെഎസ്ആർടിസിക്കു പോലും തങ്ങളുടെ റൂട്ടുകളെപ്പറ്റി കൃത്യതയില്ല. യാത്രക്കാർ കാത്തുനിൽക്കുന്ന റൂട്ടുകളിൽ ബസ് വിടാതെ പ്രധാന റൂട്ടുകളിൽ മാത്രം ആളില്ലാതെ സർവീസ് നടത്തുന്ന ബസുകളും ധാരാളമാണെന്നാണ് കെഎസ്ആർടിസിയുടെ തന്നെ പഠനം തെളിയിക്കുന്നത്. ദിവസവും കെഎസ്ആർടിസിയിലേക്ക് നൂറു കണക്കിന് പരാതികൾ വരുന്നുമുണ്ട്.
1980ൽ ആണ് ജില്ലാതലത്തിൽ പഠനം നടത്തി റൂട്ടുകൾ കെഎസ്ആർടിസിക്കും സ്വകാര്യബസുകൾക്കും വീതിച്ചു നൽകിയത്. പിന്നീട് ക്രമീകരണമൊന്നും നടന്നിട്ടില്ല. 2001 ൽ 36,000 സ്വകാര്യബസുകളാണ് കേരളത്തിൽ സർവീസ് നടത്തിയിരുന്നത്. ആറായിരത്തിലധികം കെഎസ്ആർടിസി ബസുകളും സർവീസ് നടത്തിയിരുന്നു. ഇപ്പോൾ ഏഴായിരത്തിൽ താഴെ സ്വകാര്യബസുകളും കഷ്ടിച്ച് 4000 കെഎസ്ആർടിസി ബസുകളുമാണ് സർവീസ് നടത്തുന്നത്. സ്റ്റാർട്ടപ്പ് കമ്പനികൾക്ക് പൊതുഗതാഗതത്തിൽ നിക്ഷേപത്തിന് അവസരം നൽകും. വലിയ ബസ് നഷ്ടമാകുന്നിടത്ത് ചെറിയ വണ്ടികൾ സർവീസിന് അയയ്ക്കാൻ സ്വകാര്യ സംരംഭകരെയും ക്ഷണിക്കും.