ടി.എസ്.തിരുമുമ്പ് പാർട്ടിയെ വഞ്ചിച്ചോ? സിപിഐയും സിപിഎമ്മും രണ്ടു തട്ടിൽ
കാസർകോട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ കണ്ണൂരിന് പരസ്‌പരം കൊന്നൊടുക്കിയതിന്റെ ചോരപുരണ്ട ചരിത്രമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞടിച്ചപ്പോൾ കമ്യൂണിസ്റ്റുകാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉയർത്തിക്കാണിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ‘അവസരവാദി’യായ ഗവർണർക്ക് അറിയാത്ത ഉജ്വല
കാസർകോട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ കണ്ണൂരിന് പരസ്‌പരം കൊന്നൊടുക്കിയതിന്റെ ചോരപുരണ്ട ചരിത്രമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞടിച്ചപ്പോൾ കമ്യൂണിസ്റ്റുകാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉയർത്തിക്കാണിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ‘അവസരവാദി’യായ ഗവർണർക്ക് അറിയാത്ത ഉജ്വല
കാസർകോട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ കണ്ണൂരിന് പരസ്‌പരം കൊന്നൊടുക്കിയതിന്റെ ചോരപുരണ്ട ചരിത്രമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞടിച്ചപ്പോൾ കമ്യൂണിസ്റ്റുകാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉയർത്തിക്കാണിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ‘അവസരവാദി’യായ ഗവർണർക്ക് അറിയാത്ത ഉജ്വല
കാസർകോട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ കണ്ണൂരിന് പരസ്‌പരം കൊന്നൊടുക്കിയതിന്റെ ചോരപുരണ്ട ചരിത്രമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞടിച്ചപ്പോൾ കമ്യൂണിസ്റ്റുകാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉയർത്തിക്കാണിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ‘അവസരവാദി’യായ ഗവർണർക്ക് അറിയാത്ത ഉജ്വല ചരിത്രം കണ്ണൂരിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയൻ ഓർത്തെടുത്ത പേരുകളിലൊന്ന് സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായ ടി സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ (ടി.എസ്. തിരുമുമ്പ് 1906-1984) പേരായിരുന്നു. അദ്ദേഹത്തെ ആദരവോടെ സ്മരിക്കുന്ന പാർട്ടിയാണ് സിപിഎം. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 51 കോടി രൂപ ചെലവിൽ കാസർകോട് ജില്ലയിൽ സാംസ്കാരിക നിലയം പണിയുന്നു.
എന്നാൽ ഇടതു ചരിത്രകാരൻ അജയകുമാർ കോടോത്ത് 2021-ൽ പുറത്തിറക്കിയ പുസ്തകത്തിൽ മുൻ മലബാർ പ്രവിശ്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനെ സഹായിച്ച ഒരു അവസരവാദിയായാണ് തിരുമുമ്പിനെ അവതരിപ്പിക്കുന്നത്. തീപ്പൊരി കവിതയുടെ പേരിൽ ഇ.എം.എസ് നമ്പൂതിരിപ്പാട് ‘പാടുന്ന പടവാൾ’ എന്നു വിളിച്ച സംസ്‌കൃത പണ്ഡിതനും കവിയുമായ തിരുമുമ്പ് പൊലീസിനു മുന്നിൽ കീഴടങ്ങുകയും കോൺഗ്രസ് പാർട്ടിയിൽ ചേരുകയും സഹ കമ്യൂണിസ്റ്റുകാരെ ഒറ്റുകൊടുക്കുകയും ചെയ്തതിന്റെ തെളിവുകളാണ് പുസ്തകം പുറത്തുകൊണ്ടുവരുന്നത്.
ജവഹർലാൽ നെഹ്‌റു സർക്കാരിനെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിക്കാനുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കട്ട തിസീസിനെ ‘അസംബന്ധം’ എന്നാണ് തിരുമുമ്പ് വിശേഷിപ്പിച്ചത്. വിരോധാഭാസമെന്നു പറയട്ടെ, 1948 ഫെബ്രുവരിയിൽ കൊൽക്കത്തയിൽ നടന്ന സിപിഐയുടെ കോൺഗ്രസിൽ തിരുമുമ്പ് തന്നെ ‘കൽക്കട്ട തീസിസ്’ അംഗീകരിച്ചിരുന്നതായും കാസർകോട്ടു തിരിച്ചെത്തിയതിനു ശേഷം അതിനെ തള്ളുകയാണ് ചെയ്തതെന്നും അജയകുമാർ കോടോത്ത് പറയുന്നു.
∙ ആദ്യകാല തിരുമുമ്പും സിപിഎമ്മും
‘കൽക്കട്ട തീസീസി’ നോട് വിയോജിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞതിനാൽ 1948-ൽ തിരുമുമ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചുവെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ‘‘അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം 1948 ൽ അവസാനിച്ചു. ആത്മീയതയിലേക്ക് തിരിയുന്നതിന് മുമ്പ് വിപ്ലവകാരി ആയിരുന്ന അരബിന്ദോ ഘോഷിനെപ്പോലെയായിരുന്നു അദ്ദേഹം’’– സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തിരുമുമ്പിന്റെ ജന്മനാടായ കാസർകോട് തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന് 2 തവണ എംഎൽഎയുമായ കെ.പി സതീഷ് ചന്ദ്രൻ പറഞ്ഞു.
ആദ്യകാല കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ നേതാവായിരുന്നു ടി.എസ്.തിരുമുമ്പ്. കവിയും സാംസ്കാരിക നേതാവുമായിരുന്നു. എ.കെ.ഗോപാലൻ നയിച്ച ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ബ്രാഹ്മണ മേധാവിത്വത്തിനെതിരായ സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. 1930 കളിൽ വിപ്ലവ കവിതയെഴുതി ജയിലിൽ പോയ ഇന്ത്യയിലെ ആദ്യത്തെ കവിയും അദ്ദേഹമാണെന്ന് സതീഷ് ചന്ദ്രൻ പറഞ്ഞു. ‘‘1948 ൽ അദ്ദേഹം കൽക്കട്ട തീസിസിനോട് വിയോജിച്ച് പാർട്ടിയിൽ നിന്ന് രാജിവച്ചു. 1948 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം ഞങ്ങൾ ഉയർത്തിക്കാട്ടുന്നു’’ –അദ്ദേഹം പറഞ്ഞു.
അവിടെയാണ് സിപിഎം വസ്തുതകളിൽനിന്നു വ്യതിചലിക്കുന്നതെന്ന് തിരുമുമ്പിന്റെ സമകാലികനായ പ്രമുഖ കമ്യൂണിസ്റ്റ് കെ.മാധവന്റെ (1915-2016) മകനും അദ്ദേഹത്തിന്റെ ജീവചരിത്രമായ ‘ഗാന്ധിയൻ കമ്മ്യൂണിസ്റ്റിനൊപ്പം അര നൂറ്റാണ്ട്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ അജയകുമാർ കോടോത്ത് ചൂണ്ടിക്കാട്ടുന്നു.
‘‘തീപ്പൊരി വാഗ്മിയും വിപ്ലവ കമ്യൂണിസ്റ്റ് നേതാവും എന്ന നിലയിൽ തിരുമുമ്പിന് മികച്ച ജീവിതമുണ്ടായിരുന്നു, എന്നാൽ പാർട്ടിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ പുറത്താകലും പ്രസ്ഥാനത്തോടുള്ള വഞ്ചനയും ഒരുപോലെ പ്രധാനമാണ്. നമുക്ക് അദ്ദേഹത്തെ ആഘോഷിക്കാം, പക്ഷേ അരോചകമായ വസ്തുതകൾ പരവതാനിക്ക് കീഴിൽ മൂടരുത്’’– കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകൻ കൂടിയായിരുന്ന കോടോത്ത് പറഞ്ഞു.
∙ തിരുമുമ്പ് ആദ്യകാലം
1937-ൽ കാസർകോട് താലൂക്കിൽ കർഷകസംഘം– കർഷക പ്രസ്ഥാനത്തിന്റെ യൂണിറ്റ് സ്ഥാപിതമായപ്പോൾ ടി.എസ്.തിരുമുമ്പ് അതിന്റെ പ്രഥമ പ്രസിഡന്റും കെ. മാധവൻ പ്രഥമ സെക്രട്ടറിയുമായി. 1939 ഡിസംബറിലെ പിണറായി സമ്മേളനത്തിനു ശേഷം കേരളത്തിൽ സിപിഐ രൂപീകരിച്ചപ്പോൾ കാസർകോട് താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. തിരുമുമ്പ് താലൂക്ക് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റും മാധവൻ കമ്മിറ്റിയുടെ സെക്രട്ടറിയുമായി രണ്ടു പതിറ്റാണ്ടിലേറെ തുടർന്നു. കയ്യൂർ മേഖലയിൽ കർഷക സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഇരുനേതാക്കളും മുൻനിരയിലുണ്ടായിരുന്നു.
1948-ൽ, ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ കൽക്കട്ടയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തിരുമുമ്പ്, മാധവൻ, കാസർകോട് വെള്ളിക്കോത്ത് നിന്നുള്ള മറ്റൊരു പ്രമുഖ നേതാവ് പി.അമ്പു നായർ എന്നിവരെയാണ് സിപിഐ ചുമതലപ്പെടുത്തിയത്. എന്നാൽ കോഴിക്കോട്ടുവച്ച് മാധവൻ യാത്ര അവസാനിപ്പിച്ചു. ട്രെയിനിൽ നിന്ന് ഇറങ്ങി ഒളിവിൽ പോകണമെന്ന് ആവശ്യപ്പെട്ട് കമ്യൂണിസ്റ്റ് നേതാവ് പി.കൃഷ്ണപിള്ളയുടെ രഹസ്യ കത്ത് ലഭിച്ചതായിരുന്നു കാരണം.
കൽക്കട്ട കോൺഗ്രസിൽ പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായ ബി.ടി.രണദിവെ നെഹ്‌റുവിന്റെ സർക്കാരിനെതിരെ സായുധ വിപ്ലവം ആഹ്വാനം ചെയ്യുന്ന കൽക്കട്ട തിസീസ് അവതരിപ്പിച്ചു. ‘ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റായി’ നെഹ്‌റുവിനെ പ്രമേയം ചിത്രീകരിച്ചു. പാർട്ടി കോൺഗ്രസിൽ തിരുമുമ്പും പി. അമ്പു നായരും ഇത് അംഗീകരിച്ചു.
ആത്മകഥയായ ‘പയസ്വിനിയുടെ തീരങ്ങളിൽ’ കെ. മാധവൻ എഴുതി: ‘രണ്ട് നേതാക്കളും (തിരുമുമ്പും അമ്പു നായരും) കൽക്കട്ടയിൽനിന്ന് കൂടുതൽ വിഭാഗീയ നിലപാടുമായി മടങ്ങി’.
കൽക്കട്ട തിസീസ് നടപ്പാക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കൊള്ളയടിക്കാൻ സിപിഐ നേതാവ് കാന്തലോട്ട് കുഞ്ഞമ്പു പാർട്ടിയുടെ കാസർകോട് താലൂക്ക് കമ്മിറ്റി യോഗത്തിൽ ആഹ്വാനം ചെയ്തു. കെ. മാധവൻ അതിനെ എതിർത്തു. മാധവൻ എതിർത്തപ്പോൾ, മലബാർ കമ്മിറ്റിയുടെ തീരുമാനമായതിനാൽ രണ്ട് പോലീസുകാർ മാത്രമുള്ള അഡൂരിലെ ഔട്ട്‌പോസ്റ്റിൽ ഒരു ടോക്കൺ ആക്രമണമെങ്കിലും നടത്തണമെന്ന് തിരുമുമ്പ് പറഞ്ഞു. തുടർന്നും പാർട്ടി യോഗങ്ങളിൽ അദ്ദേഹം തീപ്പൊരി പ്രസംഗങ്ങൾ തുടർന്നു, സർക്കാരിനെ താഴെയിറക്കാൻ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തു– തിരുമുമ്പിന്റെ സമകാലികരെ അഭിമുഖം നടത്തിയ ശേഷം ‘ഹാഫ് എ സെഞ്ച്വറി വിത്ത് എ ഗാന്ധിയൻ കമ്മ്യൂണിസ്റ്റിൽ’ അജയകുമാർ കോടോത്ത് എഴുതി.
അങ്ങനെയിരിക്കെ, 1948 മേയ് മാസത്തോടെ, നിഷ്പ്രയോജനകരമായ ഒരു കാര്യത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്നും താൻ പോലീസ് വലയത്തിലാണെന്നും മനസ്സിലാക്കിയ തിരുമുമ്പ് അസ്വസ്ഥനായി. മടിക്കൈ ഗ്രാമപഞ്ചായത്തിലെ എരിക്കുളത്തെ ഒളിസങ്കേതത്തിൽ മാധവനുമായി ഒരു കൂടിക്കാഴ്ച നടത്തി. ബംഗളൂരിലേക്ക് രക്ഷപ്പെടാമെന്നു തിരുമുമ്പ് മാധവനോട് പറഞ്ഞു. എന്നാൽ താൻ ഒരിക്കലും കൽക്കട്ട തീസിസിനെ അംഗീകരിച്ചിട്ടില്ലെന്നു പറഞ്ഞ മാധവൻ നാടുവിടാൻ വിസമ്മതിച്ചു. ആ കൂടിക്കാഴ്ച നടന്ന് തൊട്ടുപിന്നാലെ 1948 മേയ് 21-ന് തിരുമുമ്പ് ചെറുവത്തൂർ പോലീസിന് മുന്നിൽ കീഴടങ്ങിയ വാർത്തയാണ് മാധവൻ അറിഞ്ഞത്.
∙ കീഴടങ്ങലും ക്ഷമാപണവും
1948 ജൂലൈയിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (മദ്രാസ്) സി.കെ.വിജയരാഘവൻ മദ്രാസ് പ്രവിശ്യയിൽ സിപിഐയെ നിരോധിക്കുന്നതിന് അനുമതി തേടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തെഴുതി. ചെറുവത്തൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർക്ക് തിരുമുമ്പ് നൽകിയ കീഴടങ്ങൽ മൊഴിയും അദ്ദേഹത്തെ ചോദ്യം ചെയ്ത മദ്രാസ് സ്‌പെഷൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് വി. അയ്യാസ്വാമിയുടെ റിപ്പോർട്ടും ആണ് ഇതിന് ആധാരമായി ഉൾപ്പെടുത്തിയിരുന്നത്. ‘‘ഇന്ത്യയിലെല്ലായിടത്തും അല്ലെങ്കിലും മദ്രാസ് പ്രവിശ്യയിൽ എങ്കിലും പാർട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ ടി. എസ്. തിരുമുമ്പ് നൽകിയ സാമഗ്രികൾ മതിയെന്ന് മദ്രാസ് സർക്കാർ കരുതുന്നു’’ –വിജയരാഘവന്റെ റിപ്പോർട്ടിൽ പറയുന്നു.
‘മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുമ്പോഴാണ് 2006 ൽ എഗ്‌മോറിലെ തമിഴ്‌നാട് ആർക്കൈവ്‌സിൽനിന്ന് തിരുമുമ്പിന്റെ കീഴടങ്ങൽ സംബന്ധിച്ച ഈ ഫയൽ തനിക്ക് കിട്ടിയതെന്ന് അജയകുമാർ കോടോത്ത് പറഞ്ഞു.
കീഴടങ്ങൽ പ്രസ്താവനയിൽ പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുക, ജന്മിമാരുടെ വീടുകളിൽ നിന്ന് അരിയും മറ്റും പിടിച്ചെടുക്കുക തുടങ്ങിയ കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്ന് തിരുമുമ്പ് വ്യക്തമാക്കിയിരുന്നു. ‘രണദിവെ തയ്യാറാക്കിയ പ്രമേയം ഏകകണ്‌ഠേന പാസാക്കി. പി.സി. ജോഷി പോലും അത് അംഗീകരിച്ചു’ തിരുമുമ്പിന്റെ മൂന്ന് പേജുള്ള കീഴടങ്ങൽ പ്രസ്താവനയിൽ പറയുന്നു.
(വാസ്തവത്തിൽ കോൺഗ്രസിനുള്ളിലെ പുരോഗമനവാദികളെയാണ് നെഹ്‌റു പ്രതിനിധീകരിക്കുന്നതെന്നും നെഹ്‌റുവിനെ പിന്തുണച്ച് ജനാധിപത്യ വിപ്ലവം വിജയകരമായി നടത്തുക എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കടമയെന്നും ഉള്ള പി.സി.ജോഷിയുടെ പ്രമേയം 1947 ഡിസംബറിൽ ബോംബെയിൽ ചേർന്ന പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗം തള്ളുകയാണുണ്ടായത്).
തിരുമുമ്പ് പൊലീസിനു കീഴടങ്ങി കൊടുത്ത മൊഴിയിൽ താഴെപ്പറയുന്ന ഉണ്ടായിരുന്നത് താഴെപ്പറയുന്ന വിവരങ്ങളാണ്–
കൽക്കട്ടയിൽ നടന്ന കോൺഗ്രസിൽ രണദിവെയുടെ പ്രമേയത്തെ പിന്തുണയ്ക്കുന്ന പ്രസംഗങ്ങൾ, സായുധ വിപ്ലവം നടത്തുന്ന തെലങ്കാന ലൈൻ പിന്തുടരാനുള്ള വ്യക്തമായ ആഹ്വാനമായിരുന്നു. പാർട്ടി നയത്തെപ്പറ്റി തനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസിലെ പ്രമേയത്തെ എതിർക്കാനുള്ള കാഴ്ചപ്പാടോ ധൈര്യമോ ഉണ്ടായിരുന്നില്ല. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിൽ നിന്നായി നാൽപതോളം പേർ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു. ഇ.എം.എസ്.നമ്പൂതിരിപ്പാട്, സി.എച്ച്. കണാരൻ, കല്ലാട്ട് കൃഷ്ണൻ, പി.വി.കുഞ്ഞിരാമൻ നമ്പ്യാർ, കെ.വാസുദേവൻ, മുഹമ്മദ് കോയ, എൻ.സി.ശേഖർ എന്നിവർ പങ്കെടുത്തു. കൽക്കട്ടയിൽനിന്നു മടങ്ങിയ ശേഷം സിപിഐയുടെ കാസർകോട് താലൂക്ക് കമ്മിറ്റിയിൽ പാർട്ടി നയം വിശദീകരിച്ചെങ്കിലും സമാധാനപരമായ പ്രതിഷേധത്തിനാണ് താൻ വാദിച്ചത്. ഭക്ഷ്യക്ഷാമമാണ് താലൂക്കിലെ ഏറ്റവും വലിയ പ്രശ്‌നം എന്നതിനാൽ ഭൂവുടമകളെയും സമ്പന്നരായ കർഷകരെയും സമീപിച്ച് അവരുടെ മിച്ചം വരുന്ന അരിയും നെല്ലും ‘യാചിച്ചു’ വാങ്ങാനാണ് താൻ ആഗ്രഹിച്ചത്. മറ്റ് സഖാക്കൾ, പ്രത്യേകിച്ച് മലബാറിൽ നിന്നുള്ളവർ, ഇത് പാർട്ടി ലൈനല്ലെന്നു പറഞ്ഞ് ഈ നിർദ്ദേശം നിരസിച്ചു. ‘ഭക്ഷ്യ കലാപങ്ങൾ’ സംഘടിപ്പിക്കാൻ അവർ ആഗ്രഹിച്ചു. ജന്മിമാരുടെ (ഭൂവുടമകളുടെ) വീടുകളിൽനിന്ന് നിർബന്ധിതമായി നെല്ല് എടുക്കണമെന്നും പൊലീസ് ഇടപെടൽ ഉണ്ടായാൽ അവരെ ആക്രമിക്കണമെന്നും തീരുമാനിച്ചു. അക്രമത്തെ ന്യായീകരിച്ച് ജില്ലാ കമ്മിറ്റിയിൽനിന്ന് തനിക്ക് ഒരു കത്ത് ലഭിച്ചു.
തിരുമുമ്പ് അറസ്റ്റിലായി 48 മണിക്കൂറിനുള്ളിൽ കാസർകോട് താലൂക്കിലെ കമ്യൂണിസ്റ്റ് ഒളിത്താവളങ്ങളിൽ വ്യാപകമായ റെയ്ഡും മർദനവും ഉണ്ടായി. ഇപ്പോൾ സിപിഎമ്മിന്റെ കോട്ടയായ മടിക്കൈ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പൊലീസ് പീഡനമുണ്ടായത്. ഇതേ മടിക്കൈയിൽ തിരുമുമ്പിന്റെ സ്മരണയ്ക്കായി 51 കോടി രൂപ ചെലവിൽ എൽഡിഎഫ് സർക്കാർ സാംസ്കാരിക നിലയം നിർമിക്കുന്നുവെന്നതാണ് വിരോധാഭാസമെന്ന് അജയകുമാർ കോടോത്ത് പറയുന്നു.
∙ പാർട്ടിയെ വഞ്ചിച്ചുവോ?
തമിഴ്‌നാട് ആർക്കൈവ്സിൽ നിന്ന് തിരുമുമ്പിന്റെ മറ്റൊരു മൊഴി കൂടി അജയകുമാർ കോടോത്ത് കണ്ടെടുത്തു. അതിൽ പറയുന്നത് ഇങ്ങനെ– ‘തെലങ്കാന മോഡൽ അക്രമസംഭവങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് കെ.എ.കേരളീയന്റെ കത്തുകിട്ടി. അതു കോഴിക്കോടു നിന്നാണ് പോസ്റ്റ് ചെയ്തിരുന്നത്. കെ. മാധവനും ആ കൂട്ടത്തിൽ ഉണ്ടായിട്ടുണ്ടാവും.’
കൽക്കട്ട തിസീസ് മുന്നോട്ടുവച്ച സായുധ സമരത്തിനോട് അടിമുടി എതിർപ്പുണ്ടായിരുന്ന കെ. മാധവനെയും കൂട്ടത്തിൽ ഉൾപ്പെടുത്തി വഞ്ചിക്കാൻ തിരുമുമ്പ് ശ്രമിച്ചതായി അജയകുമാർ ആരോപിക്കുന്നു.
‘എന്റെ പിതാവ് എല്ലായ്പ്പോഴും അക്രമത്തിന് എതിരായിരുന്നു. സർക്കാരിനെതിരെ അക്രമാസക്തമായ വിപ്ലവത്തിനുള്ള പദ്ധതി അദ്ദേഹത്തിന്റെ കൈവശമുണ്ടെന്ന് ആരോപിച്ചത് ഏറ്റവും വലിയ വഞ്ചനയാണ്. 1950 ൽ കാഞ്ഞങ്ങാടിനടുത്തുള്ള വേലാശ്വരത്തെ ഒരു ഒളിസങ്കേതത്തിൽനിന്ന് മാധവനെ പോലീസ് അറസ്റ്റ് ചെയ്തു. കൽക്കട്ട തീസിസ് അംഗീകരിക്കാത്ത അദ്ദേഹത്തെയും പീഡിപ്പിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. 2006ൽ തിരുമുമ്പിന്റെ കീഴടങ്ങൽ രേഖകൾ പിതാവിന് വായിച്ചുകൊടുത്തപ്പോൾ, അദ്ദേഹം ഒരു വാക്ക് മാത്രം പറഞ്ഞു– ‘നുണയൻ’– കോടോത്ത് പറയുന്നു.
∙ തിരുമുമ്പ് കോൺഗ്രസിൽ ചേരുന്നു
തിരുമുമ്പിന്റെ കീഴടങ്ങൽ പോലീസ് ആഘോഷമാക്കുകയും കമ്യൂണിസ്റ്റുകാർക്കെതിരെ സംസാരിക്കാൻ പ്രതിഭാധനനായ ആ വാഗ്മിക്ക് കോൺഗ്രസുകാർ വേദിയൊരുക്കുകയും ചെയ്തു. ഇതേപ്പറ്റി 1949 ഏപ്രിൽ 5ന് ഒരു പ്രമുഖ പത്രത്തിൽ ‘രാഷ്ട്രീയ ആത്മഹത്യ’ എന്ന തലക്കെട്ടിലാണ് വാർത്ത വന്നത്. ‘കമ്യൂണിസ്റ്റ് പ്രവർത്തനങ്ങളെപ്പറ്റി മി. ടി.എസ്. തിരുമുമ്പിന്റെ പ്രസംഗം’ എന്നും തലക്കെട്ടിൽ പറയുന്നു. കാസർകോട് ഉദമ ഗ്രാമപഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ തിരുമുമ്പ് പ്രസംഗിച്ചതിനെപ്പറ്റിയാണ് ആ വാർത്ത.
കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതിന്റെ കാരണങ്ങൾ തിരുമുമ്പ് വിശദീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 200 വർഷത്തെ അടിമത്തത്തിൽനിന്നു രാജ്യത്തെ മോചിപ്പിച്ച കോൺഗ്രസിന്റെ ദേശീയ സർക്കാരിനെ വിപ്ലവത്തിലൂടെ അട്ടിമറിക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വപ്നം ‘തലച്ചോറിലെ ചില തകരാറുകൾ മൂല’മാണെന്ന് തിരുമുമ്പ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. അതുവരെ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ വിപ്ലവങ്ങളെല്ലാം അസംബന്ധമാണെന്നും തിരുമുമ്പ് വിശദീകരിച്ചു.
പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുകയും പീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാക്കളെ ആദരിക്കുന്നതിനേക്കാൾ പാർട്ടിയെ ഒറ്റുകൊടുത്ത തിരുമുമ്പിനെ ഓർക്കാനാണ് സിപിഎമ്മിന് താൽപ്പര്യമെന്നാണ് അജയകുമാർ കോടോത്ത് കുറ്റപ്പെടുത്തുന്നത്.