കൊല്ലം ∙ ഉച്ചവെയിലിന്റെ മൂപ്പിനെ മഴമേഘങ്ങൾ പൊതിഞ്ഞപ്പോൾ മാനത്തും മണ്ണിലും ഇടിമിന്നലുണ്ടായി; വാക്കുകളുടെ മിന്നലേറ്റ് കാലം കോരിത്തരിച്ചു. തലമുറകളിലൂടെ ഒഴുകുന്ന സ്നേഹപ്രവാഹം. കേരളത്തിന്റെ സ്വന്തം കലയായ കഥാപ്രസംഗത്തിന്റെ നൂറാം പിറന്നാളായിരുന്നു കൊല്ലത്തെ കുടുംബവീട്ടിൽ. പല നാട്ടിൽ നിന്നുള്ളവർ

കൊല്ലം ∙ ഉച്ചവെയിലിന്റെ മൂപ്പിനെ മഴമേഘങ്ങൾ പൊതിഞ്ഞപ്പോൾ മാനത്തും മണ്ണിലും ഇടിമിന്നലുണ്ടായി; വാക്കുകളുടെ മിന്നലേറ്റ് കാലം കോരിത്തരിച്ചു. തലമുറകളിലൂടെ ഒഴുകുന്ന സ്നേഹപ്രവാഹം. കേരളത്തിന്റെ സ്വന്തം കലയായ കഥാപ്രസംഗത്തിന്റെ നൂറാം പിറന്നാളായിരുന്നു കൊല്ലത്തെ കുടുംബവീട്ടിൽ. പല നാട്ടിൽ നിന്നുള്ളവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ഉച്ചവെയിലിന്റെ മൂപ്പിനെ മഴമേഘങ്ങൾ പൊതിഞ്ഞപ്പോൾ മാനത്തും മണ്ണിലും ഇടിമിന്നലുണ്ടായി; വാക്കുകളുടെ മിന്നലേറ്റ് കാലം കോരിത്തരിച്ചു. തലമുറകളിലൂടെ ഒഴുകുന്ന സ്നേഹപ്രവാഹം. കേരളത്തിന്റെ സ്വന്തം കലയായ കഥാപ്രസംഗത്തിന്റെ നൂറാം പിറന്നാളായിരുന്നു കൊല്ലത്തെ കുടുംബവീട്ടിൽ. പല നാട്ടിൽ നിന്നുള്ളവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ഉച്ചവെയിലിന്റെ മൂപ്പിനെ മഴമേഘങ്ങൾ പൊതിഞ്ഞപ്പോൾ മാനത്തും മണ്ണിലും ഇടിമിന്നലുണ്ടായി; വാക്കുകളുടെ മിന്നലേറ്റ് കാലം കോരിത്തരിച്ചു. തലമുറകളിലൂടെ ഒഴുകുന്ന സ്നേഹപ്രവാഹം. കേരളത്തിന്റെ സ്വന്തം കലയായ കഥാപ്രസംഗത്തിന്റെ നൂറാം പിറന്നാളായിരുന്നു കൊല്ലത്തെ കുടുംബവീട്ടിൽ. പല നാട്ടിൽ നിന്നുള്ളവർ ഒത്തുചേർന്ന മഹോത്സവം. സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ മുഴങ്ങിയ കഥാപ്രസംഗത്തിന്റെ ഉശിരാർന്ന ഈരടികൾ, പോയ കാലത്തിനും പ്രതിഭകൾക്കുമുള്ള കുട്ടികളുടെ ദക്ഷിണയായി.

കഥാപ്രസംഗത്തിന്റെ നൂറാം വാർഷികത്തിൽ, പ്രശസ്ത കാഥികൻ വി.സാംബശിവന്റെ നാട്ടിൽ കലോത്സവമെത്തിയതു നിയോഗമല്ലാതെ മറ്റെന്താണ്? ഇത്രയേറെ കുട്ടികൾ ആവേശത്തോടെ കഥാപ്രസംഗ കലയിൽ പുതുപാതകൾ വെട്ടിത്തെളിക്കുന്നതിന്റെ സന്തോഷത്തിലാണു സാംബശിവന്റെ മകനും കാഥികനുമായ ഡോ. വസന്തകുമാർ സാംബശിവൻ. കലോത്സവ വേദിയായ വി.സാംബശിവൻ സ്മൃതിയിൽ കഥാപ്രസംഗം അവതരിപ്പിച്ചതിനു പിന്നാലെ കുട്ടികൾ കൊല്ലം നഗരത്തിലെ അമ്മച്ചിവീടിൽ കാഥിക കുലപതിയുടെ ഓര്‍മകളുറങ്ങുന്ന ‘സാഹിതി’ വീട്ടിലേക്ക് ഓടിയെത്തി. വസന്തകുമാറും അനുജൻ ഡോ. ജിനരാജും കുടുംബവും സ്നേഹത്തോടെ കുട്ടികളെ സ്വീകരിച്ചു. 

ADVERTISEMENT

മുറ്റത്തെ മാവിൻചുവട്ടിലെ തണലിൽ സാംബശിവന്റെയും ഭാര്യ സുഭദ്രയുടെയും ചിത്രങ്ങൾ കൊത്തിയ ശിലാഫലകത്തെ കുട്ടികൾ സ്നേഹാദരത്തോടെ വണങ്ങി. ഹാർമോണിയവും തബലയും വയലിനും ക്ലാർനറ്റും ഗിറ്റാറുമെല്ലാം അവിടെ നിരത്തി. കഥയും പാട്ടും സംഗീതവും അഭിനയവും എല്ലാം ചേർന്ന കഥാപ്രസംഗങ്ങൾ കാണിക്കയായി അവതരിപ്പിച്ചു. മഴ പെയ്യാൻ തുടങ്ങി, ഒപ്പം ഓർമകളുടെ കാറ്റ് വീശി. 100 വയസ്സായ കഥാപ്രസംഗത്തിന്റെ വളർച്ച എങ്ങനെയെന്നു കുട്ടികൾ ചോദിച്ചപ്പോൾ, വസന്തകുമാർ കഥച്ചെപ്പ് തുറന്നു.

‘‘1924 ഇടവ മാസത്തിലാണു കഥാപ്രസംഗ കലയുടെ ആരംഭം. കാണികളുടെ മുഖത്തു നോക്കി സംസാരിക്കുന്ന സത്യസന്ധമായ കലയാണിത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സംഗീതജ്ഞനുമായ സി.എ.സത്യദേവനാണ് ആദ്യ കാഥികൻ. ഹരികഥാ കാലക്ഷേപം നടത്തിയിരുന്ന സത്യദേവൻ, കുമാരനാശാന്റെ നിര്‍ദേശത്തിലാണു പുതിയ കഥപറച്ചിൽ ആലോചിച്ചത്. ആശാന്റെ ചണ്ഡാലഭിക്ഷുകിയെ ആസ്പദമാക്കി തയാറാക്കിയ കലാരൂപത്തിനു കഥാപ്രസംഗം എന്നു പേരിട്ട് ചെറായിക്കു സമീപം ചേന്ദമംഗലത്ത് കേളപ്പനാശാന്റെ സ്‌കൂള്‍ അങ്കണത്തില്‍ അവതരിപ്പിച്ചു. സ്വാമി ബ്രഹ്‌മവ്രതന്‍, സ്വാമി മംഗളാനന്ദന്‍, കെ.കെ.വാധ്യാര്‍, കെ.കെ.തോമസ്, പി.സി.എബ്രഹാം, ജോസഫ് കൈമാപറമ്പന്‍, എം.പി.മന്മഥന്‍ തുടങ്ങിയവരും മഹാകവികളുടെ കൃതികളെ അരങ്ങിലെത്തിച്ചു.

ADVERTISEMENT

1944ല്‍ കെടാമംഗലം സദാനന്ദന്‍ കഥാപ്രസംഗത്തിൽ അരങ്ങേറി. ചങ്ങമ്പുഴയുടെ ‘ദേവത’യുമായി 1949ല്‍ വി.സാംബശിവനും അരങ്ങിലെത്തിയതോടെ കഥാപ്രസംഗം ജനങ്ങൾക്കിടയിൽ തരംഗമായി. സാംബശിവന്‍ സ്വന്തമായും രചനകൾ നിർവഹിച്ചു. അനീസ്യ, ഒഥല്ലോ, കാരമസൊവ് സഹോദരന്മാര്‍, അന്നാക്കരീനിന തുടങ്ങി 55 വ്യത്യസ്ത കൃതികള്‍ ആയിരക്കണക്കിനു വേദികളിൽ അച്ഛൻ അവതരിപ്പിച്ചു. നല്ല സാഹിത്യവും ഭാഷയും കേൾക്കാനുള്ള അവസരങ്ങളായിരുന്നു അതെല്ലാം. അച്ഛനാണ് എന്നെയും വേദിയില്‍ എത്തിച്ചത്. കോളജില്‍ രസതന്ത്രം പഠിപ്പിച്ചിരുന്ന എനിക്ക് ശാസ്ത്രകഥകളും പ്രിയപ്പെട്ടതായി മാറി’’– വസന്തകുമാർ പറഞ്ഞു‌.

ചാലക്കുടി കാർമൽ എച്ച്എസ്എസ് പ്ലസ് വൺ ബയോ മാത്‌സ് വിദ്യാർഥിനി സ്നേഹ മനീഷ്, വാണിയംകുളം ടിആർകെ എച്ച്എസ്എസിലെ പ്ലസ്ടു ബയോസയൻസ് വിദ്യാർഥിനി കെ.സി.പവിത്ര എന്നിവരാണു സാംബശിവന്റെ വീട്ടിൽ കഥാപ്രസംഗം അവതരിപ്പിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടു കളിക്കാരന്റെ മകൾ’ അവതരിപ്പിച്ച സ്നേഹയ്ക്കൊപ്പം ആദർശ്, സാത്വിക്, ഐബൻ, ഗ്ലോവിൻ എന്നിവരും ‘നർമദയുടെ വിലാപം’ അവതരിപ്പിച്ച പവിത്രയ്ക്കൊപ്പം അമർഷോൺ, സഞ്ജയ് കൃഷ്ണ, അഭിഷേക്, ധന്വന്ത് എന്നിവരും പിന്നണി വായിച്ചു. നേരത്തെയും സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ടെങ്കിലും ഇത്തവണ ‘സാഹിതി’യിൽ പോകാനും വസന്തകുമാറിന്റെ മുൻപിൽ കഥാപ്രസംഗം അവതരിപ്പിക്കാനും സാധിച്ചത് അപൂർവ ഭാഗ്യമാണെന്നു പറയുകയാണു കുട്ടികൾ.

ADVERTISEMENT

കുട്ടികളെല്ലാം മിടുക്കരാണെന്നും മുൻഗാമികൾ നടന്ന വഴികളിൽനിന്നു മാറി പുതുവഴികളിലൂടെയാണു പോകുന്നതെന്നും വസന്തകുമാർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ‘‘സാംബശിവനാണു കാഥികരുടെ റോൾ മോഡൽ. അദ്ദേഹത്തെ അതേപടി അനുകരിക്കുന്നതു പലരുടെയും ശീലമാണ്. ഇപ്പോഴത്തെ കുട്ടികൾക്ക് ഈ അനുകരണഭ്രമമില്ല. ഇവർക്കു പൂർവ തലമുറയേക്കാൾ പ്രാവീണ്യമുണ്ട്. മറ്റു കലകളും പഠിച്ചിട്ടുള്ളതിനാൽ ഈ തലമുറയുടെ ശബ്ദവും അഭിനയവും മുഖഭാവങ്ങളും അംഗചലനങ്ങളും മികച്ചതാണ്. പറച്ചിലിൽ ധൃതി കാട്ടാതിരിക്കാനും ചലനങ്ങളിൽ പക്വത വരുത്താനും ശ്രദ്ധിക്കണം. കലോത്സവത്തിനു പിന്നണി വായിക്കാൻ വിദ്യാർഥികൾ വേണമെന്ന നിർബന്ധം അനാവശ്യമാണ്. പിന്നണി ശബ്ദം കാഥികന്റേതിനേക്കാൾ മുകളിലാകാതെ നോക്കണം.’’– വസന്തകുമാർ പറഞ്ഞു.

ഹാർമോണിയത്തിന്റെ താളത്തിനൊത്ത് ഒഥല്ലോയിലെ ‘‘അപ്സരസ്സാണെന്റെ ഡസ്റ്റമൺ, ഹൃദ്യമായി പാടുമാടും സുഹൃത്ത് സംഗമത്തിൽ, സൽസ്വഭാവത്തിന്റെ ദേവതയാണവൾ...” എന്ന ഗാനശകലം വസന്തകുമാർ പാടിയപ്പോൾ കുട്ടികളുടെ ഹൃദയം നിറഞ്ഞു. കുമാരനാശാന്റെ സ്മാരകത്തില്‍നിന്നും സാംബശിവന്റെ സ്മാരകമുറ്റത്തു കൊണ്ടുവന്നു നട്ട കസ്തൂരി ചെമ്പകതൈയിൽനിന്ന് സുഗന്ധം പരന്നു. കഥകളുടെ പെരുമഴയിൽ മാവാകെ നനഞ്ഞു.

English Summary:

In memory of V. Sambasivan, student participants of Kerala School Kalolsavam celebrated the centenary of Kathaprasangam in Kollam.