ADVERTISEMENT

കോഴിക്കോട് ∙ ഫോട്ടോ ഫിനിഷിൽ കണ്ണൂർ സ്ക്വാഡ് സ്വർണക്കപ്പിൽ മുത്തമിട്ടു. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ കോഴിക്കോട് ജില്ലയെ 3 പോയിന്റിന്റെ വ്യത്യാസത്തിൽ പിന്നിലാക്കി കണ്ണൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായി. കണ്ണൂർ 952 പോയിന്റ് നേടിയപ്പോൾ‍ 949 പോയിന്റുമായാണു കോഴിക്കോട് വെള്ളിക്കപ്പ് നേടിയത്. 938 പോയിന്റു നേടി പാലക്കാട് മൂന്നാമതെത്തി. 

കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാംപ്യൻമാരായ കണ്ണൂർ ജില്ലാ ടീമിന്റെ ആഹ്ലാദം.ചിത്രം:ഹരിലാൽ∙മനോരമ
കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാംപ്യൻമാരായ കണ്ണൂർ ജില്ലാ ടീമിന്റെ ആഹ്ലാദം.ചിത്രം:ഹരിലാൽ∙മനോരമ

23 വർഷങ്ങൾക്കു ശേഷമാണ് കണ്ണൂർ കിരീടം നേടുന്നത്. 1997,1998 വർഷങ്ങളിൽ കപ്പ് നേടിയ ജില്ല 2000 ൽ പാലക്കാടുമായി ഒന്നാം സ്ഥാനം പങ്കിട്ടു.സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 249 പോയിന്റുമായി കിരീടം നിലനിർത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ബിഎംജി എച്ച്എസ്എസ് (116 പോയിന്റ്) രണ്ടാം സ്ഥാനവും പത്തനംതിട്ട കിടങ്ങണ്ണൂർ എസ്‌വിജി വിഎച്ച്എസ്എസ് (92) മൂന്നാം സ്ഥാനവും നേടി.

കൊല്ലത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ ഓവറോൾ ചാംപ്യന്മാരായ കണ്ണൂർ ജില്ലാ ടീമിന് മുഖ്യാതിഥി നടൻ മമ്മൂട്ടി സ്വർണക്കപ്പ് സമ്മാനിക്കുന്നു. എം.മുകേഷ് എംഎൽഎ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, പി.സി.വിഷ്ണുനാഥ് എംഎൽഎ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മന്ത്രി സജി ചെറിയാൻ, എം.നൗഷാദ് എംഎൽഎ, മന്ത്രി ജെ.ചിഞ്ചു റാണി തുടങ്ങിയവർ സമീപം.ചിത്രം∙മനോരമ
കൊല്ലത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ ഓവറോൾ ചാംപ്യന്മാരായ കണ്ണൂർ ജില്ലാ ടീമിന് മുഖ്യാതിഥി നടൻ മമ്മൂട്ടി സ്വർണക്കപ്പ് സമ്മാനിക്കുന്നു. എം.മുകേഷ് എംഎൽഎ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, പി.സി.വിഷ്ണുനാഥ് എംഎൽഎ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മന്ത്രി സജി ചെറിയാൻ, എം.നൗഷാദ് എംഎൽഎ, മന്ത്രി ജെ.ചിഞ്ചു റാണി തുടങ്ങിയവർ സമീപം.ചിത്രം∙മനോരമ

സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. 117.5 പവൻ സ്വർണക്കപ്പ് മമ്മൂട്ടി കണ്ണൂരിനു സമ്മാനിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായിരുന്നു. മന്ത്രി വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സജി ചെറിയാൻ, ജെ.ചിഞ്ചുറാണി തുടങ്ങിയവർ മറ്റു ട്രോഫികൾ സമ്മാനിച്ചു. കൊല്ലം എംഎൽഎ കൂടിയായ നടൻ മുകേഷാണു പരിപാടിയുടെ അവതാരകനായെത്തിയത്.

കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാംപ്യൻമാരായ കണ്ണൂർ ജില്ലാ ടീമിന്റെ ആഹ്ലാദം.ചിത്രം:ഹരിലാൽ∙മനോരമ
കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാംപ്യൻമാരായ കണ്ണൂർ ജില്ലാ ടീമിന്റെ ആഹ്ലാദം.ചിത്രം:ഹരിലാൽ∙മനോരമ


കോഴിക്കോടിനെ അപ്പീലിലൂടെ പിന്നിലാക്കിയെന്ന് പരാതി; സമ്മാനം വാങ്ങാതെ കുട്ടികൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പരിചമുട്ടിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട എൻഎച്ച്എസ്എസ് ടീം.ഗിബി സാം∙മനോരമ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പരിചമുട്ടിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട എൻഎച്ച്എസ്എസ് ടീം.ഗിബി സാം∙മനോരമ


കൊല്ലം ∙ വിജയിച്ച കോഴിക്കോടിനെ അപ്പീലിലൂടെ പിന്നിലാക്കിയെന്ന് ആരോപണം; സമ്മാനദാനച്ചടങ്ങിൽനിന്നു വിട്ടുനിന്നു കുട്ടികൾ. 

സംസ്ഥാന കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡ് നേടിയ എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസ്.ചിത്രം:വിഘ്നേഷ് കൃഷ്ണമൂർത്തി∙മനോരമ
സംസ്ഥാന കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡ് നേടിയ എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസ്.ചിത്രം:വിഘ്നേഷ് കൃഷ്ണമൂർത്തി∙മനോരമ

കലോത്സവത്തിന്റെ അവസാനദിവസം ഉച്ചവരെ അപ്പീലുകൾ പരിഗണിക്കാതിരിക്കുകയും അവസാനനിമിഷം കണ്ണൂരിന് അനുകൂലമായി അപ്പീലുകൾ അംഗീകരിച്ചു നൽകി വിജയിപ്പിക്കുകയും ചെയ്തുവെന്നാണു വിദ്യാർഥികളും അധ്യാപകരും ആരോപിച്ചത്. തുടർന്നാണു വിദ്യാർഥികൾ വിട്ടുനിന്നത്. അധ്യാപകരാണു സമാപനസമ്മേളന വേദിയിൽ കയറി ട്രോഫി വാങ്ങിയത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘ നൃത്തത്തിൽ എ ഗ്രേഡ് നേടിയ ഇടുക്കി തൊടുപുഴ കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസ് ടീം.ചിത്രം:റെജു അർണോൾഡ്∙മനോരമ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘ നൃത്തത്തിൽ എ ഗ്രേഡ് നേടിയ ഇടുക്കി തൊടുപുഴ കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസ് ടീം.ചിത്രം:റെജു അർണോൾഡ്∙മനോരമ

കോഴിക്കോട് ജില്ല 20 അപ്പീൽ കൊടുത്തെങ്കിലും ഒരു അപ്പീൽ മാത്രം അംഗീകരിച്ചു ഗ്രേഡ് നൽകുകയായിരുന്നുവെന്നു വിദ്യാർഥികൾ പറഞ്ഞു. 


 എച്ച്എസ്എസ് വിഭാഗം  കൂടിയാട്ട മത്സരത്തിൽ എ ഗേഡ് നേടിയ  പാരിപ്പള്ളി എഎസ് എച്ച്എസ്എസ് ടീം.
എച്ച്എസ്എസ് വിഭാഗം കൂടിയാട്ട മത്സരത്തിൽ എ ഗേഡ് നേടിയ പാരിപ്പള്ളി എഎസ് എച്ച്എസ്എസ് ടീം.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലകളുടെ പോയിന്റ് നില

∙ കണ്ണൂർ: 952
∙ കോഴിക്കോട്: 949
∙ പാലക്കാട്: 938
∙ തൃശൂർ: 925
∙ മലപ്പുറം: 913
∙ കൊല്ലം: 912
∙ എറണാകുളം: 899
∙ തിരുവനന്തപുരം: 870
∙ ആലപ്പുഴ: 852
∙ കാസർകോട്: 846
∙ കോട്ടയം: 837
∙ വയനാട്: 818
∙ പത്തനംതിട്ട: 774
∙ ഇടുക്കി: 730 

മത്സരവിജയികൾക്കുള്ള സമ്മാനത്തുക അടുത്ത വർഷം കൂട്ടും: മന്ത്രി 

കൊല്ലം ∙ സംസ്ഥാന കലോത്സവത്തിലെ മത്സരവിജയികൾക്കുള്ള സമ്മാനത്തുക അടുത്ത വർഷം മുതൽ വർധിപ്പിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി.  സമ്മാനാർഹർക്ക് 1000 രൂപ വീതമാണ് ഇപ്പോൾ നൽകുന്നത്. പുതിയ മത്സരയിനങ്ങൾ കൂട്ടിച്ചേർത്തു കലോത്സവ ചട്ടം  പരിഷ്കരിക്കുമെന്നും  കൊല്ലത്തുനടന്ന   സമാപനസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. പുതിയ ചട്ടം അനുസരിച്ചായിരിക്കും അടുത്ത വർഷം മത്സരം നടക്കുക.

പ്രേമചന്ദ്രനെ ഒഴിവാക്കിയതിൽ വിവാദം

കൊല്ലം ∙  സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നിന്ന് കൊല്ലത്തെ എംപിയായ എൻ.കെ.പ്രേമചന്ദ്രനെ ഒഴിവാക്കിയതിൽ വിവാദം. എംപിയുടെ പേരും സമാപന ചടങ്ങിന്റെ നോട്ടിസിൽ ഉൾപ്പെടുത്തിയിരുന്നില്ല. 

ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്ന കൊല്ലം നഗരത്തിലെ എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവരെ സമാപന ചടങ്ങിൽ ഉൾപ്പെടുത്തുകയും ഇവർ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഉദ്ഘാടന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി പങ്കെടുത്തിരുന്നു. 

ഫുഡ്‌ കമ്മിറ്റി ചെയർമാൻ കൂടിയായ പി.സി. വിഷ്ണുനാഥ്‌ എംഎൽഎയുടെ പേരും നോട്ടിസിൽ ഉണ്ടായിരുന്നില്ല. ജില്ലയിലെ മറ്റു എംഎൽഎമാരായ പി.എസ്.സുപാൽ, കോവൂർ കുഞ്ഞുമോൻ എന്നിവരുടെ പേര് നോട്ടിസിൽ ഉൾപ്പെടുത്തുകയും വേദിയിൽ ഇരുത്തുകയും ചെയ്തിരുന്നു. പ്രശ്നം ചർച്ചയായതോടെയാണ് പി.സി. വിഷ്ണുനാഥിനെ വേദിയിൽ ഉൾപ്പെടുത്തിയത്.

സാഹിത്യ മത്സരങ്ങളിൽ പെൺമലയാളത്തിളക്കം

കൊല്ലം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭാഷയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പെൺകുട്ടികളുടെ തിളക്കാർന്ന പ്രകടനം. ഹയർ സെക്കൻ‍ഡറി വിഭാഗം കഥാരചനയിൽ പങ്കെടുത്ത 16 പേരിൽ പേരിന് ഒരു ആൺകുട്ടി മാത്രം. 16 പേരും എ  ഗ്രേഡ് നേടി. കവിതാ രചനയിൽ മത്സരിച്ചത്14 പേർ ഇതിൽ പെ‍ൺകുട്ടികൾ–12. എല്ലാവർക്കും എ ഗ്രേഡ് ലഭിച്ചു. ഉപന്യാസ രചനയിൽ പങ്കെടുത്ത 14 പേരിൽ  പതിനൊന്നും പെൺകുട്ടികളാണ്. എല്ലാവർക്കും എ ഗ്രേഡ്. പ്രസംഗ മത്സരത്തിൽ ആൺപ്രാതിനിധ്യം കുറച്ചുകൂടി ഭേദമാണ്.  10 പെൺകുട്ടികളും 4 ആണും. 13 പേർക്ക് എ ഗ്രേഡ് ലഭിച്ചപ്പോൾ ബി ഗ്രേഡ് ലഭിച്ചത് ആൺകുട്ടികളിൽ ഒരാൾക്ക്. 

ഹൈസ്കൂൾ വിഭാഗം കഥാരചനയിൽ 14 പേർ മത്സരിച്ചു– 12 പെൺകുട്ടികളും 2 ആൺകുട്ടികളും. കവിതാരചനയിൽ 15 പേരാണു പങ്കെടുത്തത്  ഇതിൽ ഒരു ആൺകുട്ടി മാത്രം.  ഉപന്യാസ മത്സരത്തിൽ ആൺകുട്ടികൾ നില മെച്ചപ്പെടുത്തി– 9 പെൺകുട്ടികളും 5 ആൺകുട്ടികളും  മൂന്നു മത്സരങ്ങളിലും എല്ലാവർക്കും എ ഗ്രേഡ്. 15 പേർ പങ്കെടുത്ത പ്രസംഗ മത്സരത്തിൽ 9 പെൺകുട്ടികളും  6 ആൺകുട്ടികളും ആയിരുന്നു. 8 പേർക്ക് എ ഗ്രേഡും 6 പേർക്ക് ബി ഗ്രേഡും ലഭിച്ചു. ഒരാൾക്ക് ഗ്രേഡ് ഇല്ല. 

സംസ്ഥാന കലോത്സവം: ഇവർ മുന്നിൽ 

സ്കൂൾ
∙ ഒന്നാം സ്ഥാനം: പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ്
∙ രണ്ടാം സ്ഥാനം: തിരുവനന്തപുരം വഴുതക്കാട് കാർമൽ എച്ച്എസ്എസ്
∙ മൂന്നാം സ്ഥാനം: പത്തനംതിട്ട കിടങ്ങന്നൂർ എസ്‍വിജി വിഎച്ച്എസ്എസ് 

സംസ്കൃതോത്സവം

സ്കൂളുകൾ
ഒന്നാം സ്ഥാനം: ഇടുക്കി നരിയംപാറ എംഎംഎച്ച്എസ്
രണ്ടാം സ്ഥാനം: പാരിപ്പള്ളി എഎസ് എച്ച്എസ്എസ്
മൂന്നാം സ്ഥാനം: ആലപ്പുഴ തുറവൂർ ടിഡിഎച്ച്എസ്എസ്,
പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ്
ജില്ലകൾ
∙ ഒന്നാം സ്ഥാനം: കൊല്ലം, തൃശൂർ, പാലക്കാട്
∙ രണ്ടാം സ്ഥാനം: പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർകോട്
∙ മൂന്നാം സ്ഥാനം: കോഴിക്കോട്

അറബിക് കലോത്സവം

സ്കൂളുകൾ
∙ ഒന്നാം സ്ഥാനം: ഇടുക്കി കല്ലാർ ഗവ. എച്ച്എസ്എസ്
∙ രണ്ടാം സ്ഥാനം: കോട്ടയം ഈരാറ്റുപേട്ട മുസ്‍ലീം ഗേൾസ് എച്ച്എസ്എസ്
∙ മൂന്നാം സ്ഥാനം: പത്തനംതിട്ട കോന്നി ഐരാവൺ പിഎസ്‍വി പിഎം എച്ച്എസ്എസ്.

സുരക്ഷയിൽ പൊലീസിന് എ ഗ്രേഡ്

കൊല്ലം ∙  പതിനായിരങ്ങൾ ഒഴുകിയെത്തിയിട്ടും കലോത്സവത്തിനു സുരക്ഷയൊരുക്കിയതിൽ പൊലീസിനു നൽകാം, എ ഗ്രേഡ്. സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ, അസി. പൊലീസ് കമ്മിഷണർ എ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണു ക്രമീകരണങ്ങൾ. തിരക്കു നിയന്ത്രിക്കുന്നത്, വേദികളിലും ഗ്രീൻ റൂമിലും സുരക്ഷ ഉറപ്പാക്കുന്നത്, കുട്ടികൾക്കു താമസസൗകര്യം ഒരുക്കിയിട്ടുള്ള സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കുന്നത്...എല്ലാം പൊലീസിന്റെ കയ്യിൽ ഭദ്രമായിരുന്നു. 

ആൺകുട്ടികൾക്ക് 9 സ്കൂളുകളിലും പെൺകുട്ടികൾക്ക് 16 സ്കൂളിലുമാണു താമസസൗകര്യം ഒരുക്കിയത്. ഇവ ബന്ധിപ്പിച്ചു മൊബൈൽ യൂണിറ്റുകളുമുണ്ടായിരുന്നു. നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും  പ്രത്യേക ക്രമീകരണം ഒരുക്കി. ഇതിനായി സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള മൊബൈൽ യൂണിറ്റുകൾക്കു പുറമേ 12 യൂണിറ്റുകളെ കൂടി നിയോഗിച്ചു. പാർക്കിങ് സ്ഥലങ്ങളിലും പൊലീസിന്റെ സേവനമുണ്ടായിരുന്നു.

ഭക്ഷണശാലയിലും പുറത്തും തിരക്കു നിയന്ത്രിക്കുന്നതിനായി അറുപതോളം  പൊലീസുകാരാണുണ്ടായിരുന്നക്.   ബീച്ച്, കുളങ്ങൾ തുടങ്ങി കുട്ടികൾ ഇറങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസിനെ നിയോഗിച്ചു. ബീച്ചിൽ 50 ലൈഫ് ഗാർഡുകളുമുണ്ട്. കഴിഞ്ഞ ദിവസം തിരയിൽപ്പെട്ട കുട്ടിയെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. 

അക്ഷയപാത്രമായി പൊലീസ് പവിലിയൻ 

ആശ്രാമം മൈതാനത്തെ പ്രധാന വേദിക്കു സമീപമുള്ള പൊലീസ് പവിലിയൻ  ഒരു അക്ഷയപാത്രമായിരുന്നു ചായ, നേന്ത്രക്കായ, സ്നാക്സ് എന്നിവ മുതൽ ജൂസും കപ്പ പുഴുങ്ങിയതും വരെയാണിവിടെ സൗജന്യമായി നൽകിയത്.  ചില ദിവസങ്ങളിൽ 4,000 പേർക്കു വീതമാണു ചായയും സ്നാക്സും നൽകിയത്.  കഴിഞ്ഞ ദിവസം 600 കിലോ തണ്ണിമത്തൻ ജൂസ് വിതരണം ചെയ്തു. പേരയ്ക്ക, പാഷൻ ഫ്രൂട്ട് എന്നിവയുടെ  ജൂസും നൽകുന്നുണ്ട്. സന്ധ്യയ്ക്കു കപ്പയും മുളകു കറിയും ആയിരുന്നു.   എആർ ക്യാംപിലെ കന്റീനിൽ തയാറാക്കിയ ലഘുഭക്ഷണമാണ് എത്തിച്ചിരുന്നത്. 

English Summary:

Kerala School Kalolsavam 2024: Kannur emerges Winner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com