ചിത്രയ്ക്കെതിരായ നീക്കത്തോട് യോജിപ്പില്ല: എം.വി.ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം∙ അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ചതിന്റെ പേരിൽ ഗായിക കെ.എസ്.ചിത്രയ്ക്കെതിരായ നീക്കത്തോടു സിപിഎമ്മിന് യോജിപ്പില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എം.ടി.വാസുദേവൻ നായർ, എം.മുകുന്ദൻ, ടി.പത്മനാഭൻ എന്നിവരെയൊക്കെ ഏതെങ്കിലും പദപ്രയോഗത്തിന്റെ പേരിൽ തള്ളിപ്പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ ബിജെപി പരിപാടിയിൽ പങ്കെടുത്ത നടിയും നർത്തകിയുമായ ശോഭനയുടെ കാര്യത്തിൽ പാർട്ടിയെടുത്ത നിലപാടു തന്നെയാണ് ഇക്കാര്യത്തിലുമുള്ളത്. കലാരംഗത്തു വലിയ സംഭാവനകൾ നൽകിയ ഇവരെല്ലാം നാടിന്റെ പൊതു സ്വത്താണ്. നിലപാടുകളെ വിമർശിക്കാമെങ്കിലും അവരെ ഏതെങ്കിലും കള്ളിയിലാക്കി മാറ്റേണ്ട കാര്യമില്ല. കേന്ദ്ര നിലപാടുകൾക്കെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു നടത്തുന്ന സമരത്തോട് സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളോടൊപ്പം നിൽക്കില്ലെന്നും രാഷ്ട്രീയമായ ഉന്നമാണുള്ളതെന്നുമാണ് അവർ വ്യക്തമാക്കുന്നത്.
കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി വിമാനത്താവളത്തിൽ സ്വീകരിക്കാനും യാത്രയാക്കാനും പോയി വണങ്ങിയത് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേസുകളിലെ ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന പ്രതിപക്ഷ ആരോപണത്തെയും ഗോവിന്ദൻ വിമർശിച്ചു. പ്രതിപക്ഷ ബഹുമാനവും സ്നേഹവും പാടില്ലെന്ന് ആരാണു പറഞ്ഞത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ കണ്ടാൽ പിന്നെ എന്താ ചെയ്യേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.
കൊൽക്കത്തയിൽ ജ്യോതിബസു അനുസ്മരണത്തിൽ പങ്കെടുക്കാമെന്നേറ്റിരുന്ന മുഖ്യമന്ത്രി അതൊഴിവാക്കിയാണോ നരേന്ദ്ര മോദിയെ സ്വീകരിക്കാൻ പോയതെന്ന ചോദ്യത്തിന് ‘ഇത് വളരെ പെട്ടെന്നുണ്ടായതാണെന്നും പ്രധാനമന്ത്രി വരുമ്പോൾ മുഖ്യമന്ത്രിക്കു പോകാതിരിക്കാനാകില്ലല്ലോ’ എന്നുമായിരുന്നു മറുപടി.