വട്ടമണ്ണപ്പുറം സ്കൂളിന്റെ നല്ല പാഠം: 2 കുടുംബങ്ങൾക്കു വീടിന്റെ തണൽ
Mail This Article
എടത്തനാട്ടുകര (പാലക്കാട്) ∙ കുട്ടികളുടെ സ്വപ്നം നാടാകെ ഏറ്റെടുത്തപ്പോൾ രണ്ടു കുടുംബങ്ങൾക്കു വീടായി. വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂളിലെ മനോരമ നല്ലപാഠം ക്ലബ് മൂന്നു സഹപാഠികൾക്കായി 13 ലക്ഷത്തോളം രൂപ ചെലവിട്ടു നിർമിച്ച 2 വീടുകൾ കൈമാറി.
സാമ്പത്തിക പ്രയാസവും അപ്രതീക്ഷിത രോഗവുമൊക്കെ തളർത്തിയ കുടുംബങ്ങളെ വീടിന്റെ സുരക്ഷിതത്വത്തിലേക്കു കൈപിടിക്കാൻ കുട്ടികൾ തീരുമാനിച്ചപ്പോൾ സഹായങ്ങളുമായി നാടൊന്നാകെ ഒത്തുചേരുകയായിരുന്നു. കഴിഞ്ഞ വർഷം നല്ലപാഠം പ്രവർത്തനങ്ങളുടെ പേരിൽ ജില്ലാതലത്തിൽ സ്കൂളിനു ലഭിച്ച രണ്ടാം സമ്മാനമായ 10,000 രൂപയായിരുന്നു ആദ്യ മൂലധനം.
മിഠായി പോലും വാങ്ങാതെ കുട്ടികൾ സ്വരുക്കൂട്ടിയ നാണയത്തുട്ടുകൾ മുതൽക്കൂട്ടായി. വിവിധ ജോലികൾ സൗജന്യമായി ചെയ്തു നൽകിയ തൊഴിലാളികൾ മുതൽ എടത്തനാട്ടുകര ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ വരെ ഒപ്പം നിന്നപ്പോൾ 3 മാസം കൊണ്ടു വീടുകൾ ഒരുങ്ങി. വീടുനിർമാണ സമയത്തു മണൽ അരിക്കാനും മണ്ണു മാറ്റാനുമൊക്കെ തൊഴിലാളികൾക്കൊപ്പം കുട്ടികളും കൂടി.
എൻ.ഷംസുദ്ദീൻ എംഎൽഎയുടെയും 3 പഞ്ചായത്ത് അധ്യക്ഷരുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി കുടുംബങ്ങൾക്കു താക്കോൽ കൈമാറി. വീടുപണിക്ക് ഒപ്പം നിന്നവരെയും മന്ത്രി ആദരിച്ചു. ‘ഒരു സത്കർമത്തിൽ പങ്കാളിയായ സന്തോഷത്തോടെ ഇന്നു കിടന്നുറങ്ങാം, ഇതുപോലുള്ള കുട്ടികളാണു നാളെയുടെ മാതൃക’ – മന്ത്രി പറഞ്ഞു.