ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം സീറ്റ് ചോദിച്ച് ലീഗ്; ചർച്ച തുടരും
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു അധിക സീറ്റ് വേണമെന്ന് മുസ്‌ലിം ലീഗ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇപ്പോൾ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റ് കൂടാതെ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നാണ് സീറ്റ് വിഭജന ചർച്ചയിലെ ലീഗിന്റെ ആവശ്യം.
കുറഞ്ഞത് മൂന്നു സീറ്റിന് അർഹതയുണ്ടെന്ന് ലീഗ് ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിലും ഇതേ ആവശ്യം ലീഗ് ഉന്നയിച്ചെങ്കിലും അതു പരിഗണിക്കപ്പെട്ടില്ല. തർക്കത്തിനോ വാദപ്രതിവാദത്തിനോ ഇല്ല. സീറ്റ് അനുവദിച്ചു സഹായിക്കണം – പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, പി.എം.എ.സലാം, കെ.പി.എ.മജീദ് എന്നിവരുൾപ്പെട്ട ലീഗ് സംഘം ആവശ്യപ്പെട്ടു. ആഗ്രഹിക്കുന്ന സീറ്റ് ഏതാണെന്ന് ലീഗ് പറഞ്ഞില്ല.
ചർച്ച ചെയ്യാമെന്ന മറുപടി കോൺഗ്രസ് നേതൃത്വം നൽകി. തങ്ങളുടെ പരിമിതികളും പറഞ്ഞു. കെ.സുധാകരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ എന്നിവർ പങ്കെടുത്തു. യുഡിഎഫ് യോഗം ചേരുന്ന ഫെബ്രുവരി അഞ്ചിനു മുൻപ് ധാരണയിൽ എത്തിച്ചേരാൻ ഇരുപാർട്ടികളും തീരുമാനിച്ചു. ജെഎസ്എസ്, കേരള ഡെമോക്രാറ്റിക് പാർട്ടി എന്നിവരുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്നലെ നടന്നു.