കോടതിച്ചെലവു കൂടും; കോടതി വ്യവഹാരങ്ങളുടെ ഫീസ് വർധനയിലൂടെ ലക്ഷ്യമിടുന്നത് 101.41 കോടി
Mail This Article
തിരുവനന്തപുരം /കൊച്ചി ∙ കോടതി വ്യവഹാരങ്ങൾക്കു ചെലവേറും. ഫീസ് വർധനയിലൂടെ 101.41 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 138–ാം വകുപ്പിന് കീഴിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപ വരെയാണെങ്കിൽ 250 രൂപയാണ് ഇനി ഫീസ്. 10 രൂപയാണ് ഇൗടാക്കിക്കൊണ്ടിരുന്നത്. 10,000 രൂപയിൽ കൂടുതലാണെങ്കിൽ 3 ലക്ഷം രൂപ വരെയുള്ള കേസുകൾക്കു ചെക്ക് തുകയുടെ 5% ഫീസ് അടയ്ക്കണം.
കുറ്റാരോപിതൻ സെഷൻസ് കോടതിയിൽ ഫയൽ ചെയ്യുന്ന അപ്പീലിന് 1000 രൂപയും ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് വിചാരണക്കോടതിയിൽ ഒടുക്കിയ ഫീസിന്റെ പകുതിക്കു തുല്യമായ തുകയും നൽകണം. ഹൈക്കോടതിയിൽ പരാതിക്കാരൻ ഫയൽ ചെയ്യുന്ന റിവിഷൻ പെറ്റീഷനിൽ ചെക്ക് തുകയുടെ പത്തിലൊന്നും ശിക്ഷാവിധിക്കെതിരെ കുറ്റാരോപിതൻ ഫയൽ ചെയ്യുന്ന റിവിഷൻ പെറ്റീഷനുകളിൽ 1500 രൂപയും കോടതി ഫീസായി ഉയർത്തി.
10 രൂപ അടച്ച് കോടതിയിൽ ചെക്ക് കേസ് ഫയൽ ചെയ്യാമായിരുന്ന അവസ്ഥ മാറി 250 മുതൽ 3 ലക്ഷംരൂപവരെ കോടതി ഫീസ് ഉയരുന്നത് ഇത്തരം കേസുകളുമായി കോടതിയെ സമീപിക്കുന്നവർക്കു തിരിച്ചടിയാകും. കുടുംബക്കോടതികളിൽ വസ്തു സംബന്ധമായ കേസുകൾ ഫയൽ ചെയ്യുന്നത് 50 രൂപയായിരുന്നത് പരിഷ്കരിച്ചു 200 രൂപ മുതൽ 2 ലക്ഷം രൂപവരെയാക്കിയിട്ടുണ്ട്. ഹൈക്കോടതിയിൽ നൽകുന്ന അപ്പീലിലും ഇതേ നിരക്കിലാണ് ഫീസ് ഈടാക്കുന്നത്.
ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുന്നതിനു 100 രൂപയാണ് ഫീസ്. ഒന്നിലേറെ ഹർജിക്കരാണ്ടെങ്കിൽ അവർ ഓരോരുത്തരും ഇതു നൽകണം. റിട്ട് ഹർജിക്ക് അനുബന്ധ ഫീസ് എല്ലാം ഉൾപ്പെടെ പരമാവധി 172 രൂപയാണ് ഈടാക്കുന്നത്. നിലവിൽ സിവിൽ കോടതികളിൽ മണി സ്യൂട്ട് ഫയൽ ചെയ്യുന്നതിനാണ് ഏറ്റവുമധികം ഫീസ് ഈടാക്കുന്നത്.