ADVERTISEMENT

തിരുവനന്തപുരം ∙ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകൾക്കു നികുതിയിളവ് പ്രഖ്യാപിച്ചു. സർക്കാരിന് വർഷം ഒരു കോടി രൂപ വരുമാനം കുറയുമെങ്കിലും ഭാവിയിൽ നേട്ടമുണ്ടാകുമെന്നാണു പ്രതീക്ഷ. ദിവസവും നാനൂറോളം ടൂറിസ്റ്റ് ബസുകളാണ് കേരളത്തിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു സർവീസ് നടത്തുന്നത്. ഇതിൽ കേരളത്തിൽ റജിസ്റ്റർ ചെയ്തവ 56 എണ്ണം മാത്രമാണ്. റജിസ്ട്രേഷൻ ഏറെയും നാഗാലാൻഡിലും അരുണാചൽപ്രദേശിലുമാണ്. നാഗാലാൻഡിൽ എല്ലാ വിഭാഗം ടൂറിസ്റ്റ് ബസുകൾക്കും ഒരു വർഷത്തെ നികുതി 70,000 രൂപയാണ്. കേരളത്തിൽ ഇത് 3.6 മുതൽ 6.4 ലക്ഷം രൂപ വരെയാണ്. പുതിയ തീരുമാനത്തോടെ ദക്ഷിണേന്ത്യയിൽ നികുതി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാകും. ഇതോടെ ഇവിടെ കൂടുതൽ റജിസ്ട്രേഷൻ നടക്കുമെന്നാണു പ്രതീക്ഷ.

ഇതര സംസ്ഥാനത്ത് റജിസ്റ്റർ‌ ചെയ്ത് ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത് ടൂറിസത്തിനായി കേരളത്തിലെത്തുന്ന ബസുകൾക്ക് എത്തുന്ന തീയതി മുതൽ‌ പരമാവധി 7 ദിവസത്തേക്ക് കേരളത്തിലെ റജിസ്ട്രേഷൻ നികുതിയുടെ ത്രൈമാസ വിഹിതം കണക്കാക്കി അതിന്റെ പത്തിലൊരു ഭാഗം ഈടാക്കും. 7 ദിവസം കഴിഞ്ഞാൽ ഓരോ മാസത്തെയും നികുതി ഈടാക്കാൻ നിയമം ഭേദഗതി ചെയ്യും. സ്ഥിരമായി കേരളത്തിൽ‌ സർ‌വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളിൽനിന്നു ത്രൈമാസ നികുതി തന്നെ ഈടാക്കും.

ബസുകൾക്ക് 3 ലക്ഷം രൂപ ഫീസ് വാങ്ങിയാണ് കേന്ദ്രം ‘ഓൾ ഇന്ത്യ പെർമിറ്റ്’ നൽകുന്നത്. ഇതിൽ ഓരോ സംസ്ഥാനത്തിനും വിഹിതമുണ്ട്. രാജ്യത്ത് ഏത് വാഹനം ‘ഓൾ ഇന്ത്യ പെർമിറ്റ്’ എടുത്താലും 5.6% നികുതി കേരളത്തിനു ലഭിക്കും. ഇതിനു പുറമേ സംസ്ഥാനം ചുമത്തുന്ന നികുതിയിലാണ് ഇപ്പോൾ കുറവു വരുന്നത്.

 ഒറ്റത്തവണ തീർ‌പ്പാക്കൽ‌ പദ്ധതി തുടരും

മോട്ടർ‌ വാഹന വകുപ്പിൽ‌ നികുതി കുടിശിക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർ‌പ്പാക്കൽ‌ പദ്ധതി ഈ വർ‌ഷവും തുടരും. 4 വർ‌ഷമോ അതിൽ‌ കൂടുതലോ കുടിശികയുള്ള ട്രാൻ‌സ്പോർ‌ട്ട് വാഹനങ്ങൾക്ക്‌ 4 വർ‌ഷത്തെ നികുതിയുടെ 30 ശതമാനവും നോൺ‌ ട്രാൻ‌സ്പോർ‌ട്ട് വാഹനങ്ങൾക്ക് 40 ശതമാനവും അടച്ചാൽ മതി. പൊളിച്ചുകളഞ്ഞതോ കൈവശമില്ലാത്തതോ ആയ വാഹനങ്ങളിൽ‌നിന്ന് ഭാവിയിൽ‌ ഉണ്ടാകാവുന്ന ബാധ്യതകളും ഇതുവഴി ഒഴിവാക്കാം.

വാർഷിക നിരക്ക് (പഴയ തുക ബ്രാക്കറ്റിൽ)

∙ ഓർഡിനറി: സീറ്റൊന്നിന് 6000 രൂപ (9000) – 40 സീറ്റ് ബസിന് 2.4 ലക്ഷം രൂപ (3.6 ലക്ഷം)

∙ പുഷ്ബാക്: സീറ്റൊന്നിന് 8000 രൂപ (12,000) – 40 സീറ്റ് ബസിന് 3.2 ലക്ഷം രൂപ (4.8 ലക്ഷം)

∙ സ്ലീപ്പർ ബെർത്ത്: സീറ്റൊന്നിന് 12,000 (16,000) – 40 സീറ്റ് ബസിന് 4.8 ലക്ഷം രൂപ (6.4 ലക്ഷം)

പഴകിയ ബസുകൾ ദുരന്തമുണ്ടാക്കും

കെഎസ്ആർടിസി അടിയന്തരമായി ചെയ്യേണ്ടത് കാലപ്പഴക്കം വന്ന ബസുകൾ നിരത്തിൽ നിന്നു മാറ്റുകയെന്നതാണ്. ഇവ ഇനിയും ഓടിക്കുന്നത് ദുരന്തമുണ്ടാക്കും. വർഷം 300 പുതിയ ബസ് വീതം വാങ്ങിയിരുന്ന കോർപറേഷൻ ഇടതു സർക്കാരിന്റെ കാലത്ത് ആകെ 300 ബസുകൾ വാങ്ങിയോ എന്നു സംശയം. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ കെഎസ്ആർടിസിക്ക് രക്ഷപ്പെടാനാകില്ല. പെട്രോൾ സെസ് ഏർപ്പെടുത്തിയതിന്റെ നേട്ടം സർക്കാരിനുണ്ടായില്ല. സംസ്ഥാനാന്തര വാഹനങ്ങൾ അതിർത്തിക്കപ്പുറത്തു നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.

ഡിജോ കാപ്പൻ പൊതുഗതാഗത സംരക്ഷണ സമിതി ചെയർമാൻ

English Summary:

Tax concession for All India Tourist Buses in Kerala budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com