ADVERTISEMENT

മലപ്പുറം ∙ 3 തിരഞ്ഞെടുപ്പുകളിലായി പൊന്നാനി ലോക്സഭാ മണ്ഡലം ഇടതു മുന്നണിക്കു പരീക്ഷണശാലയാണ്. ലീഗിന്റെ പൊന്നാനിക്കോട്ടയിൽ വിള്ളൽ വീഴ്ത്താനുള്ള സമവാക്യമാണ് ഇടതുമുന്നണി അന്വേഷിക്കുന്നത്. ആ ലക്ഷ്യത്തിനടുത്തെത്തിയത് വി.അബ്ദുറഹിമാനെ മുന്നിൽ നിർത്തിയപ്പോഴാണ്, 2014 ൽ. ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കാൽലക്ഷം വോട്ടായിരുന്നു. 1977ന് ശേഷം ഏറ്റവും ചെറിയ ഭൂരിപക്ഷം. വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചോദ്യം ഉയരുന്നു: പൊന്നാനി അങ്കത്തിനു വീണ്ടും വി.അബ്ദുറഹിമാൻ വരുമോ? 

പൊന്നാനിയിൽ തീപ്പൊരി പോരാട്ടത്തിന് ഇടതുമുന്നണിയുടെ മനസ്സിലുള്ള ആദ്യ പേരുകളിലൊന്ന് അബ്ദുറഹിമാന്റേതുതന്നെ. അദ്ദേഹം മന്ത്രിയാണ്. മന്ത്രി അങ്കത്തട്ടിൽ ഇറങ്ങണമെങ്കിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിൽനിന്നുണ്ടാവണം. പക്ഷേ, മത്സരത്തിനില്ലെന്ന നിലപാടിലാണു മന്ത്രിയെന്നാണു സൂചന. കെപിസിസി നിർവാഹക സമിതിയംഗമായിരുന്ന അബ്ദുറഹിമാൻ കോൺഗ്രസ് ടിക്കറ്റിൽ പലവട്ടം തിരൂർ നഗരസഭയിലേക്ക് ജയിച്ചിട്ടുണ്ട്. വൈസ് ചെയർമാൻ പദവിയിലുമെത്തി. ഇടതുപക്ഷത്തേക്കു ചുവടുമാറ്റിയശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു 2014 ലേത്. 

തോറ്റെങ്കിലും ലീഗ് കോട്ടയൊന്നിളക്കി. 2016 ൽ താനൂരിൽനിന്നു നിയമസഭയിലേക്ക് ജയിച്ചപ്പോൾ വലിയ അട്ടിമറികളിലൊന്നായി. 2021 ൽ ലീഗ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും അബ്ദുറഹിമാൻ വിജയം ആവർത്തിച്ചു. അബ്ദുറഹിമാൻ വന്നാൽ പൊന്നാനിയങ്കം മുറുകുമെന്നുറപ്പ്. വരുമോ? സാധ്യത തള്ളിക്കളയാനാവില്ല. 

English Summary:

V Abdurahiman contest in Ponnani Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com