ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭ
Mail This Article
കൊച്ചി / തിരുവനന്തപുരം ∙ മുസ്‌ലിം ലീഗിനു മൂന്നാം ലോക്സഭാ സീറ്റില്ല. പകരം രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനം സ്വീകരിക്കാൻ ലീഗിൽ ധാരണയായി. നാളെ നേതൃയോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തീരുമാനം പ്രഖ്യാപിക്കും.
ഹൈക്കമാൻഡിന്റെ അനുമതി ആവശ്യമാണെന്നും അന്തിമ തീരുമാനം ഇന്ന് അറിയിക്കാമെന്നുമാണ് കോൺഗ്രസ് നേതൃത്വം ലീഗിനെ അറിയിച്ചിരിക്കുന്നത്. യുഡിഎഫിലെ ഉഭയകക്ഷി സീറ്റ് ചർച്ചകൾ ഇതോടെ പൂർത്തിയായി. കോൺഗ്രസും ലീഗും നാളെ സ്ഥാനാർഥി നിർണയ നടപടികളിലേക്കു കടക്കും.
കോൺഗ്രസിന്റെ 16 സീറ്റിൽ പതിനഞ്ചിലും സിറ്റിങ് എംപിമാരുള്ള സാഹചര്യത്തിൽ മൂന്നാം സീറ്റ് അനുവദിക്കാനുള്ള ബുദ്ധിമുട്ട് ആലുവ പാലസിലെ ചർച്ചയിൽ അവർ ലീഗിനെ അറിയിച്ചു. തുടർന്നാണു ജൂൺ–ജൂലൈ മാസങ്ങളിൽ യുഡിഎഫിനു ലഭിക്കുന്ന രാജ്യസഭാ സീറ്റ് ലീഗ് ആവശ്യപ്പെട്ടത്. യുഡിഎഫിന് ഇപ്പോഴുള്ള രണ്ടു രാജ്യസഭാംഗങ്ങളിൽ ഒന്നു കോൺഗ്രസും ഒന്നു ലീഗുമാണ്.
ഒരു സീറ്റ് കൂടി നൽകിയാൽ കൂടുതൽ പ്രാതിനിധ്യം ലീഗിനാകുമെന്ന പ്രശ്നം കോൺഗ്രസ് ചൂണ്ടിക്കാട്ടിയെങ്കിലും വിട്ടുവീഴ്ചയെന്ന നിലയിൽ ഇതിലേക്കുതന്നെ കാര്യങ്ങളെത്തി. യുഡിഎഫ് സംവിധാനം നിലവിൽ വന്നശേഷം പലവട്ടം ലീഗിന് രാജ്യസഭയിൽ ഒരേ സമയം 2 എംപിമാരുണ്ടായിട്ടുണ്ട്. 2006ൽ ആണ് ഒന്നായി ചുരുങ്ങിയത്.