യുഡിഎഫ് സീറ്റ് വിഭജനമായി: രാജ്യസഭാ സീറ്റ് ലീഗിന്; അടുത്ത ഒഴിവിൽ കോൺഗ്രസ്
Mail This Article
തിരുവനന്തപുരം∙ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മുസ്‌ലിം ലീഗിനു നൽകുമെന്നും ഇതിനുശേഷമുള്ള ഒഴിവ് കോൺഗ്രസ് എടുക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ ലീഗുമായി ധാരണയായി. ഭരണം ലഭിക്കുകയാണെങ്കിൽ ലീഗിനു 2 രാജ്യസഭാ സീറ്റ് ഉറപ്പാക്കും. യുഡിഎഫിലെ സീറ്റുവിഭജനചർച്ച പൂർത്തിയായതായി സതീശൻ പറഞ്ഞു. 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ലീഗിനു മൂന്നാം സീറ്റിന് അർഹതയുണ്ടെങ്കിലും നൽകാൻ നിർവാഹമില്ല. യുഡിഎഫിന്റെ 3 രാജ്യസഭാംഗങ്ങളും ഒരേ സമുദായക്കാരാകുമെന്ന വിമർശനത്തെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, കോൺഗ്രസ് ലോക്സഭയിലേക്കു 16 സീറ്റിൽ മത്സരിക്കുന്നുണ്ടെന്നും അക്കാര്യം പരിശോധിച്ചാൽ ഇതിനു മറുപടിയാകുമെന്നും സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് രാജ്യസഭാംഗമാകാൻ ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ലോക്സഭാംഗമാണെന്നായിരുന്നു സതീശന്റെ മറുപടി. പ്രസിഡന്റിനെ മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കെ.സുധാകരൻ സ്ഥാനാർഥിയാകുമ്പോൾ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറേണ്ടതുണ്ടോ എന്നതു പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ സിപിഐ എതിർക്കേണ്ട കാര്യമില്ല. കഴിഞ്ഞതവണ മത്സരിച്ചപ്പോഴും ദേശീയതലത്തിൽ സിപിഐ കോൺഗ്രസിനൊപ്പം ബിജെപിവിരുദ്ധ ചേരിയിലായിരുന്നു.
ബിജെപിക്കു രണ്ടക്ക സീറ്റ് കേരളത്തിൽനിന്നു കിട്ടുമെന്നാണു മോദിയുടെ പ്രഖ്യാപനം. പൂജ്യം കണ്ടുപിടിച്ച നാടാണ് ഇന്ത്യ. ഒട്ടേറെ ഗണിതശാസ്ത്ര വിശാരദർ ഉണ്ടായിരുന്ന നാട്. അതുകൊണ്ട് പൂജ്യത്തെ വില കുറച്ചു കാണേണ്ടതില്ലെന്നു സതീശൻ പരിഹസിച്ചു.
സ്ഥാനാർഥിപ്പട്ടിക: കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഇന്ന്
തിരുവനന്തപുരം ∙ യുഡിഎഫ് സീറ്റുവിഭജനം പൂർത്തിയായതോടെ സ്ഥാനാർഥി നിർണയത്തിലേക്കു കോൺഗ്രസ് കടക്കുന്നു. ഇന്നു രാവിലെ 10.30ന് കേരളത്തിനു വേണ്ടിയുള്ള എഐസിസി സ്ക്രീനിങ് കമ്മിറ്റി യോഗം ഇവിടെ ചേരും. ഹരീഷ് ചൗധരി ചെയർമാനായ കമ്മിറ്റിയിൽ ജിഗ്‌നേഷ് മേവാനി അംഗമാണ്. മൂന്നാമത്തെ അംഗം വിശ്വജിത് കദം ഇന്നത്തെ യോഗത്തിന് ഉണ്ടാകില്ല. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലും ഒറ്റപ്പേരോ പാനലോ തയാറാക്കുകയാണ് സ്ക്രീനിങ് കമ്മിറ്റിയുടെ ദൗത്യം. സിറ്റിങ് എംപിമാരുടെ മണ്ഡലങ്ങളിൽ മാറ്റത്തിനു സാധ്യത കുറവാണ്. അവസാനനിമിഷ മാറ്റങ്ങൾ ഉണ്ടായാൽ അതു ഡൽഹിയിൽ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി (സിഇസി) യോഗത്തിലാകും. വയനാട്, ആലപ്പുഴ സീറ്റുകളെ സംബന്ധിച്ച ചർച്ചകളും ഡൽഹി യോഗത്തിലേ ഉണ്ടാകൂ. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരുമോ എന്നത് അദ്ദേഹത്തിന്റെയും ഹൈക്കമാൻഡിന്റെയും തീരുമാനമാണ്. കഴിഞ്ഞതവണ തോറ്റ ആലപ്പുഴയിൽ ഒന്നാമതായി പരിഗണിക്കുന്നത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ ആയതിനാൽ അക്കാര്യത്തിലും തീരുമാനം ഹൈക്കമാൻഡിന്റേതാകും.