സ്പീക്കർ മ്യൂട്ട് !; തിരഞ്ഞെടുപ്പു കാലത്തു രാഷ്ട്രീയ പ്രസംഗങ്ങൾക്ക് സ്വയം നിരോധനം ഏർപ്പെടുത്തിയ അനുഭവങ്ങൾ പങ്കുവച്ച് സ്പീക്കറും മുൻസ്പീക്കർമാരും
തിരുവനന്തപുരം ∙ ‘ഇവിടെ രാഷ്ട്രീയം പറയരുത്’ എന്ന് എഴുതിവച്ചിട്ടുള്ള ചായക്കടകളുണ്ട്. എല്ലാവരും എവിടെയും രാഷ്ട്രീയം പറയുന്ന തിരഞ്ഞെടുപ്പുകാലത്തു കേരളത്തിൽ ഈ ടാഗ്‍ലൈനുമായി നടക്കേണ്ടിവരുന്നത് ഒരേ ഒരു രാഷ്ട്രീയക്കാരനു മാത്രമാണ്– സ്പീക്കർ.

നിയമസഭയിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയത്തിന് അതീതമായി കാണേണ്ട സ്പീക്കർ കക്ഷിരാഷ്ട്രീയം പറയരുതെന്നതു നിയമമോ, ചട്ടമോ അല്ല. കീഴ്‌വഴക്കവും മര്യാദയുമാണ്.
എന്നാൽ, രാഷ്ട്രീയജീവികളായതിനാൽ തിരഞ്ഞെടുപ്പുകാലത്തുപോലും രാഷ്ട്രീയം പറയാൻ കഴിയാത്തതു കഷ്ടമാണ്. ആ വീർപ്പുമുട്ടൽ എങ്ങനെ അതിജീവിക്കാനായെന്നു പറയുന്നു സ്പീക്കറും മുൻ സ്പീക്കർമാരും.
വല്ലാത്ത ബോറടി
∙ എ.എൻ.ഷംസീർ (2022–): സത്യം പറഞ്ഞാൽ വല്ലാത്ത ബോറടിയാണ്. ഞാൻ എണ്ണിനോക്കി. 1995ലെ തദ്ദേശ തിരഞ്ഞെടുപ്പു മുതൽ ഏതാണ്ടു 17 തിരഞ്ഞെടുപ്പുകളിൽ പ്രചാരണരംഗത്തുണ്ട്. ഇന്നിപ്പോൾ കാഴ്ചക്കാരൻ മാത്രം. കഴിഞ്ഞദിവസം തലശ്ശേരി മണ്ഡലത്തിൽ സ്ഥാനാർഥിയുടെ സ്വീകരണ പരിപാടി കണ്ടു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥിയായിരുന്നു. 2019ൽ തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയും. ഇത്തവണ ഒരു റോളുമില്ല.
മിണ്ടാതിരുന്നു
∙ വി.എം.സുധീരൻ (1985–87):
രാഷ്ട്രീയ വിഷയങ്ങളിൽ ഉടനടി പ്രതികരിച്ചാണു ശീലം. സ്പീക്കറായിരിക്കെ അതിനു കഴിയില്ലല്ലോ? ഔചിത്യം പാലിക്കേണ്ടതിന്റെ ഭാഗമായി മിണ്ടാതിരിക്കേണ്ടിവന്നു. സ്പീക്കറായിരിക്കെയാണ് 87ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
പ്രാദേശികം മാത്രം
∙ തേറമ്പിൽ രാമകൃഷ്ണൻ (1995–96, 2004–06): മുഖ്യമന്ത്രി മാറിയതിനാൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴാണു രണ്ടുതവണയും സ്പീക്കറായത്. സ്പീക്കർ സ്ഥാനത്തിരിക്കെ 96ലും 2006ലും നിയമസഭയിലേക്കു മത്സരിച്ചു. വിവാദ രാഷ്ട്രീയം പറയാതെ, മണ്ഡലത്തിലെ പ്രാദേശിക വിഷയങ്ങൾ മാത്രം പറയുന്നതിലാണു ശ്രദ്ധിച്ചത്. സ്ഥാനാർഥി എന്നതിനൊപ്പം സ്പീക്കറായാണല്ലോ ജനം കാണുന്നത്.
രാഷ്ട്രീയം ഒഴിവാക്കി
∙ എം.വിജയകുമാർ (1996–2001): അടുത്തടുത്തു രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകൾ (1998, 1999) വന്ന സമയമായിരുന്നു. തിരഞ്ഞെടുപ്പുകളിൽ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ നിരാശയുണ്ടായിരുന്നു. മെല്ലെ അതിനോടു പൊരുത്തപ്പെട്ടു. കക്ഷിരാഷ്ട്രീയം പറഞ്ഞില്ല. എന്നാൽ, ഭരണഘടനാമൂല്യം സംരക്ഷിക്കണമന്നോർപ്പിച്ചുള്ള പല പ്രസംഗങ്ങളും നടത്തി.
സ്കൂൾ വാർഷികം മാത്രം
∙ എൻ.ശക്തൻ (2015–16):
ബാർ കോഴ, സോളർ, നിയമസഭാ കയ്യാങ്കളി എന്നിങ്ങനെ വിവാദകാലത്തെ സ്പീക്കറായിരുന്നു. കക്ഷിരാഷ്ട്രീയമെന്നല്ല, ഒരുതരം രാഷ്ട്രീയവും മിണ്ടിയിട്ടില്ല. അതു ശരിയല്ലെന്നായിരുന്നു ബോധ്യം. സ്കൂൾ വാർഷികം പോലെ രാഷ്ട്രീയമില്ലാത്ത ചടങ്ങുകളിൽ പങ്കെടുത്താണു തിരഞ്ഞെടുപ്പുഘട്ടം കടന്നത്.
പൊതിഞ്ഞു പറഞ്ഞു
∙ എം.ബി.രാജേഷ് (2021–22):
തൃക്കാക്കര ഉപതിരഞ്ഞെടുപ്പു നടക്കുമ്പോൾ സ്പീക്കറാണ്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇടപെടാൻ കഴിഞ്ഞില്ലെന്നതു മാത്രമല്ല, സുഹൃത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങാൻ കഴിയാത്തതും വീർപ്പുമുട്ടലുണ്ടാക്കി. തീക്ഷ്ണമായി പറയേണ്ടതു പലതും പൊതിഞ്ഞു പറയേണ്ടിവന്നു.
രാഷ്ട്രീയം മനസ്സിൽ
∙ പി.ശ്രീരാമകൃഷ്ണൻ (2016–21): കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ സ്പീക്കറാണ്. അന്നു പറയേണ്ട രാഷ്ട്രീയമെല്ലാം മനസ്സിലാണു പറഞ്ഞത്. രാഷ്ട്രീയം പറയാനാകാത്തതിന്റെ വീർപ്പുമുട്ടൽ പുറത്തുവന്നാലോ എന്നു കരുതി തിരഞ്ഞെടുപ്പുകാലത്തു ചടങ്ങുകളുടെ എണ്ണം കുറച്ചു. എന്നിട്ടും അബുദാബിയിലെ ഒരു ചടങ്ങിലെ പ്രസംഗം വിവാദമായി.
(2006–11 കാലത്തു സ്പീക്കറായിരുന്ന കെ.രാധാകൃഷ്ണൻ ഈ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ ഇടതു സ്ഥാനാർഥിയാണ്. മുൻ സ്പീക്കർമാരിൽ ഇത്തവണ മത്സരരംഗത്തുള്ളതു രാധാകൃഷ്ണൻ മാത്രം. )