പാനൂരിൽ ചിലർ കച്ചവടത്തിനായി ബോംബുണ്ടാക്കുന്നു: ഇ.പി.ജയരാജൻ
Mail This Article
കണ്ണൂർ ∙ പാനൂർ ബോംബ് സ്ഫോടനക്കേസിൽ പ്രതികൾ ആരായാലും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് നടപടികൾ കൃത്യമാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. പ്രദേശത്തു വിൽപനയ്ക്കുവേണ്ടി ബോംബും പടക്കങ്ങളും നിർമിക്കാറുണ്ട്.
ബോംബ് നിർമിച്ചും ആളുകളെ കൊന്നും നിൽക്കുന്നവർ സിപിഎമ്മിനുനേരെ അടിസ്ഥാനരഹിതമായ ആരോപണവുമായി വരരുത്. സ്ഫോടനവുമായി സിപിഎമ്മിനു ബന്ധമില്ല. ഡിവൈഎഫ്ഐയിൽ ലക്ഷക്കണക്കിന് ആളുകളുണ്ട്. അവരിൽ ചിലർ ചെയ്യുന്ന കാര്യത്തിനു സംഘടനയെ കുറ്റം പറയാൻ കഴിയുമോ? യൂണിറ്റ് ഭാരവാഹി എന്നതു വലിയ നേതാവൊന്നുമല്ല.
ആയുധമുണ്ടാക്കലും സംഭരിക്കലും ബിജെപി, ആർഎസ്എസ്, കോൺഗ്രസ് കക്ഷികളുടെ പരിപാടിയാണ്. കേസിൽ പെട്ടവർ യഥാർഥത്തിൽ കുറ്റവാളികളാണോയെന്നു തീരുമാനിക്കേണ്ടതു കോടതിയാണ്. ആരന്വേഷിച്ചാലും സിപിഎമ്മിനു ഭയമില്ല. സിപിഎം പ്രവർത്തകർ ശബ്ദം കേട്ട് സംഭവസ്ഥലത്തേക്കു പോയതാണോയെന്ന ചോദ്യത്തിന്, കുറച്ചു കഴിഞ്ഞാൽ എല്ലാം വ്യക്തമാകുമെന്ന് ജയരാജൻ മറുപടി നൽകി.