ജോലിസമ്മർദം: പൊലീസിൽനിന്ന് സ്വയം വിരമിക്കുന്നവർ കൂടുന്നു
Mail This Article
കൊല്ലം ∙ ജോലിസമ്മർദം, മേലുദ്യോഗസ്ഥരുടെ മോശം ഇടപെടൽ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ മൂലം സംസ്ഥാന പൊലീസ് സേനയിൽനിന്ന് സ്വയം വിരമിക്കൽ (വിആർഎസ്) വാങ്ങി പിരിഞ്ഞുപോകുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലെന്ന് സർക്കാരിന്റെ പഠന റിപ്പോർട്ട്. കൂട്ടകൊഴിഞ്ഞുപോക്ക് തടയാൻ സർക്കാർ അടിയന്തര നടപടി തുടങ്ങി. ജോലി വിടാൻ തയാറെടുക്കുന്നവരുടെ പട്ടിക ശേഖരിച്ചു തുടങ്ങി.
ഓഫിസർമാർ ഉൾപ്പെടെ 167 പേർ പുതുതായി വിആർഎസ് അപേക്ഷ നൽകിയിട്ടുണ്ടെന്ന് പൊലീസ് മേധാവിക്ക് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കൈമാറിയ റിപ്പോർട്ട് പറയുന്നു. 2023ൽ സെപ്റ്റംബർ വരെ മാത്രം 81 പേർ അപേക്ഷ നൽകി 60 വിരമിക്കൽ നേടി. കോഴിക്കോട് സിറ്റി, മലപ്പുറം, ഇടുക്കി, കോട്ടയം, എറണാകുളം സിറ്റി എന്നീ പൊലീസ് ജില്ലകളിലാണ് ഏറ്റവുമധികം ഉദ്യോഗസ്ഥർ സ്വയം വിരമിച്ചത്.
സ്വയം വിരമിച്ചവരിൽ 4 പേർ 15 വർഷത്തിനു മുകളിൽ സർവീസ് ബാക്കിയുള്ളവരാണ്. 16 പേർ 10 വർഷത്തിൽ താഴെ സർവീസ് ഉള്ളവർ. 128 പേർ 5 വർഷത്തിൽ താഴെ സർവീസ് ബാക്കിയുള്ളവർ. ഭൂരിപക്ഷവും പുരുഷന്മാർ. 3 പേർ സ്ത്രീകളാണ്. വിആർഎസ് നേടിയ 148 പേരിൽ സിവിൽ പൊലീസ് ഓഫിസർമാർ 13 പേരും സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ 42 പേരും സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർമാർ 2 പേരും എസ്ഐ– ഗ്രേഡ് എസ്ഐമാർ 47 പേരും എ എസ്ഐ– ഗ്രേഡ് എഎസ്ഐ മാർ 44 പേരുമാണ്. കൂടുതൽ പേർ സേന വിട്ടുപോകുന്നതു തടയാൻ സാമ്പത്തിക ആസൂത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബോധവൽകരണം നടത്താനാണ് തീരുമാനം.
പഠന റിപ്പോർട്ടിലെ പരിഹാര നിർദേശങ്ങൾ
∙ സേനയുടെ അംഗബലം വർധിപ്പിക്കണം
∙ മാനസിക പിരിമുറുക്കം കുറയ്ക്കാൻ തിരുവനന്തപുരം എസ് എപി ക്യാംപിലുള്ള സംവിധാനം എല്ലാ ജില്ലയിലും വേണം
∙ ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം പരിശോധിക്കണം
∙ ജോലിസമയം 8 മണിക്കൂർ ആക്കി വിശ്രമം ഉറപ്പുവരുത്തണം
∙ പരാതികൾ അവതരിപ്പിക്കാൻ സംവിധാനം ശക്തമാക്കണം
∙ അവധികൾ പരമാവധി ലഭ്യമാക്കണം
∙ ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയും സേവന– വേതന വ്യവസ്ഥകൾ പരിഷ്കരിച്ചും ജോലി ആകർഷകമാക്കണം
∙ ആകർഷകമായ ആരോഗ്യപദ്ധതികൾ അവതരിപ്പിക്കണം
∙ പിണറായി സർക്കാരിന്റെ കാലത്ത് 2019 മുതൽ 2023 സെപ്റ്റംബർ 30 വരെ 169 പേർ അപേക്ഷിച്ചതിൽ 148 പേർ വിആർഎസ് നേടി.