കോഴിക്കോട്: ആരു നുണയും മിഠായി?
Mail This Article
നാലാം തവണയും എം.കെ.രാഘവൻ വിജയിക്കുമോ അതോ എളമരം കരീം ആ തേരോട്ടം അവസാനിപ്പിക്കുമോ എന്നതാണു കോഴിക്കോട്ടു നിന്നുയരുന്ന ചോദ്യം. അൽപം പതിഞ്ഞ താളത്തിലാണീ കോഴിക്കോടിന്റെ പ്രചാരണ മുന്നേറ്റം. സ്ഥാനാർഥികൾ വ്യക്തിപരമായി പുലർത്തുന്ന ബന്ധങ്ങളുടെ ഊഷ്മളത ആണിക്കല്ലാക്കിയാണു നീക്കങ്ങൾ.
യുഡിഎഫിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം എം.കെ.രാഘവന്റെ സ്ഥാനാർഥിത്വമാണ്. രാഘവനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്ന മുഖവുരയാണ് എല്ലാവർക്കും. പയ്യന്നൂരിൽനിന്നു വന്ന് കോഴിക്കോടിന്റെ സ്വന്തം രാഘവേട്ടനായി മാറിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടംകൂടിയാണ്.
ഇടതുമുന്നണി സ്ഥാനാർഥി എളമരം കരീമിന്റെ കോഴിക്കോടൻ ബന്ധങ്ങളും കരുത്താർന്നതാണ്. തൊഴിലാളി പ്രസ്ഥാന പോരാട്ടങ്ങൾക്ക് അടിത്തറയിട്ട സ്ഥലംകൂടിയാണ് കരീമിന് കോഴിക്കോട്. വ്യവസായമന്ത്രിയെന്ന നിലയിലും കരീം മണ്ഡലത്തിൽ സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്.
2004 ൽ എംപി വീരേന്ദ്രകുമാർ ജയിച്ചശേഷം വന്ന 3 തിരഞ്ഞെടുപ്പിലും മണ്ഡലം ഇടതുമുന്നണിയെ കൈവിട്ടു. കഴിഞ്ഞ 4 തവണയും 4 വ്യത്യസ്ത സ്ഥാനാർഥികളെയാണ് എൽഡിഎഫ് പരീക്ഷിച്ചത്. ഓരോന്നും എണ്ണം പറഞ്ഞ സ്ഥാനാർഥികൾ. 2009 ൽ ഇപ്പോഴത്തെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആയിരുന്നുവെങ്കിൽ പിന്നീട് എ.വിജയരാഘവൻ, എ.പ്രദീപ്കുമാർ എന്നിവരാണു രംഗത്തിറങ്ങിയത്.
ചിട്ടയായ സംഘടനാസംവിധാനത്തിന്റെ സ്വാധീനം ഇടതു മുന്നണിയുടെ പ്രചാരണത്തിൽ വ്യക്തമാണ്. കരീമിനെ ഇറക്കുമ്പോൾ ഇടതുമുന്നണി ലക്ഷ്യമിട്ടതു മണ്ഡലത്തിന്റെ ന്യൂനപക്ഷ അനുകൂല നിലപാടിലൂടെ കൈക്കലാക്കാവുന്ന വോട്ടുകൾ കൂടിയാണ്. എം.കെ.രാഘവനു മണ്ഡലത്തിലുള്ള മേൽക്കൈ മറികടന്ന് ആ വോട്ടുകൾ കൈക്കലാക്കാൻ എളമരം കരീമിനാകുമോ എന്നതു ഫലം നിർണയിക്കും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെ രംഗത്തിറക്കിയ ബിജെപിയും മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിലാണ്. കഴിഞ്ഞ തവണ 1,61,216 വോട്ടുകൾ (15%) പാർട്ടി കരസ്ഥമാക്കിയിരുന്നു.
എം.കെ.രാഘവൻ (71)
കോൺഗ്രസ്
∙ തുടർച്ചയായി 3 തവണ കോഴിക്കോട്ടുനിന്ന് ലോക്സഭാ എംപി
∙ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി
∙ കെപിസിസി മുൻ ജനറൽ സെക്രട്ടറി
അനുകൂലം
∙ മണ്ഡലത്തിന് സുപരിചിതൻ
∙ ജനകീയ പ്രതിഛായ
∙ വികസന പദ്ധതികളുമായി
നിറഞ്ഞുനിൽക്കുന്നയാൾ
പ്രതികൂലം
∙ സംഘടനാസംവിധാനത്തിന്റെ പരിമിതികൾ
∙ ദേശീയതലത്തിൽ കോൺഗ്രസിനേറ്റ തിരിച്ചടികൾ
എളമരം കരീം (71)
സിപിഎം
∙ രാജ്യസഭാംഗം.
∙ 2006–11ൽ സംസ്ഥാന വ്യവസായമന്ത്രി
∙ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, സിഐടിയു ദേശീയ സെക്രട്ടറി
അനുകൂലം
∙ ഇടതുമുന്നണിയുടെ ശക്തികേന്ദ്രം
∙ തൊഴിലാളി നേതാവ്
∙ രാജ്യസഭാംഗമായുള്ള പ്രവർത്തന പരിചയം
പ്രതികൂലം
∙ ബോംബ് രാഷ്ട്രീയ അലകൾ
∙ വ്യവസായമന്ത്രിയായിരുന്നിട്ടും മണ്ഡലത്തിൽ ഇപ്പോഴത്തെ വ്യവസായിക മുരടിപ്പ്
എം.ടി.രമേശ് (51)
ബിജെപി
∙ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി.
∙ 2004ൽ കോഴിക്കോട്ടുനിന്നും 2014ൽ പത്തനംതിട്ടയിൽനിന്നും ലോക്സഭയിലേക്ക് മത്സരിച്ചു.
∙ ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്.
അനുകൂലം
∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം കൂട്ടിയ സ്ഥാനാർഥി.
∙ സമൂഹമാധ്യമങ്ങളിലെ ശക്തമായ പ്രചാരണം.
പ്രതികൂലം
∙ പൗരത്വ നിയമത്തിലുൾപ്പെടെ എതിർമുന്നണികൾ ഉയർത്തുന്ന പ്രചാരണം.
∙ പാർട്ടിയിലെ ഏകോപനമില്ലായ്മ.