8 വർഷം മുൻപു വോട്ടു ചെയ്തപ്പോൾ പുരട്ടിയ മഷിയടയാളം മായുന്നില്ല; വോട്ടു ചെയ്യാനാകാതെ ഉഷ
Mail This Article
ഷൊർണൂർ ∙ കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗർ പൂളക്കുന്നത്ത് വീട്ടിൽ ഉഷ (62) എങ്ങനെ വോട്ടു ചെയ്യും? കാരണം, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിച്ച മഷിയടയാളം ഇപ്പോഴും വിരലിൽ തന്നെയുണ്ട്. അതുകൊണ്ടു വീണ്ടും വോട്ടു ചെയ്യാൻ പോകാൻ ആശങ്കയുണ്ട്.
കുളപ്പുള്ളി എയുപി സ്കൂളിൽ 2016 ൽ വോട്ടു ചെയ്തപ്പോൾ പതിപ്പിച്ച മഷി പിന്നെ മാഞ്ഞില്ല. തുടർന്നു നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പോയപ്പോൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തു. കാര്യം പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. എന്നാൽ, ഉഷയെ അറിയുന്ന രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാർ തർക്കമില്ലെന്ന് അറിയിച്ചതോടെ അത്തവണ വോട്ടു ചെയ്തു.
അടയാളം മായുമെന്നു കരുതി സോപ്പും ചില ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെനിന്നു. വരയുള്ളതിനാൽ ബൂത്തിൽ ചെന്നു തർക്കിക്കേണ്ടി വരുമെന്നു ഭയന്ന് 2019 ൽ ലോക്സഭയിലേക്കും 2021 ൽ നിയമസഭയിലേക്കും വോട്ടു ചെയ്യാൻ പോയില്ല.
ഇന്നലെ ഡിസിസി ജനറൽ സെക്രട്ടറി ടി.വൈ.ഷിഹാബുദ്ദീൻ വോട്ടു ചോദിച്ചെത്തിയപ്പോഴാണ് ഉഷ ഇക്കാര്യം പറയുന്നത്. തിരഞ്ഞെടുപ്പ് വിഭാഗത്തെ കാര്യം അറിയിച്ചപ്പോൾ പരിശോധിക്കാമെന്നാണു മറുപടി കിട്ടിയത്.
തിരഞ്ഞെടുപ്പ് മഷി ഇത്രയും കാലം മായാതെനിന്ന ചരിത്രമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇക്കാര്യം ചർമരോഗ വിദഗ്ധരും സ്ഥിരീകരിക്കുന്നു. എന്നാൽ, ചിലർക്ക് നഖത്തിനുള്ളിൽ ഇതുപോലെ കറുത്ത വര കാണാറുണ്ടെന്നും പരിശോധിച്ചാൽ മാത്രമേ എന്താണെന്നു വ്യക്തമാകുകയുള്ളുവെന്നും ഡോക്ടർമാർ പറഞ്ഞു.