ADVERTISEMENT

തിരുവനന്തപുരം∙ എൽഡിഎഫിന്റെ രാജ്യസഭാ സീറ്റുകളിൽ അവകാശവാദം പെരുകുമ്പോഴും സിപിഎം മനസ്സു തുറക്കുന്നില്ല. ആദ്യം ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വരട്ടെ എന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ പ്രതികരണം. ജൂലൈ ഒന്നിനാണ് മൂന്നു രാജ്യസഭാംഗങ്ങൾ വിരമിക്കുന്നത്. തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്ന ഘട്ടത്തിൽ ആലോചിക്കാമെന്ന നിലപാടാണ് സിപിഎമ്മിന്റേത്.

എളമരം കരീമും (സിപിഎം) ബിനോയ് വിശ്വവും (സിപിഐ) ജോസ് കെ.മാണിയും (കേരള കോൺഗ്രസ്–എം) ഒഴിയുമ്പോൾ കരീമിന്റെ സീറ്റ് സിപിഎം നിലനിർത്താനാണ് എല്ലാ സാധ്യതയും. 67 നിയമസഭാംഗങ്ങൾ പാർട്ടിക്കുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിൽ ഇപ്പോഴത്തേതു പോലെ നാല് അംഗങ്ങൾക്കുള്ള അവകാശം സിപിഎം ചൂണ്ടിക്കാട്ടും.

മൂന്നു സാധ്യതകളാണ് ആ സാഹചര്യത്തിലുണ്ടാവുക: 1) ബിനോയ് ഒഴിയുമെങ്കിലും പി.സന്തോഷ്കുമാർ രാജ്യസഭയിൽ ഉള്ളതിനാൽ, എൽഡിഎഫിനു കിട്ടുന്ന രണ്ടാമത്തെ സീറ്റ് കേരള കോൺഗ്രസിന് (എം) കൈമാറാൻ സിപിഐയിൽ സമ്മർദം ചെലുത്തുക. 2) കേരള കോൺഗ്രസിന് (എം) മറ്റെന്തെങ്കിലും പദവിയോ അടുത്ത ഊഴമോ വാഗ്ദാനം ചെയ്ത് മെരുക്കുക. 3) രണ്ടു പാർട്ടികൾക്കും മൂന്നു വർഷം വീതം സീറ്റ് പകുത്തു കൊടുക്കുക. ഇങ്ങനെ ചെയ്ത കീഴ്‌വഴക്കം മുന്നണിയിലുണ്ട്. അങ്ങനെ പങ്കിടാൻ തീരുമാനിച്ചാൽ രണ്ടാമത്തെ അവസരത്തിനു വേണ്ടിയുള്ള ഉപതിരഞ്ഞെടുപ്പ് അടുത്ത സർക്കാരിന്റെ കാലത്താവും നടക്കുക.

സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയ് വിശ്വം ഒഴിയുന്ന സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് സിപിഐ പറയുന്നു. പാർട്ടി ചെയർമാനായ ജോസ് കെ.മാണി രാജ്യസഭയിൽ തുടരേണ്ട ആവശ്യകതയാണ് കേരള കോൺഗ്രസ് (എം) ചൂണ്ടിക്കാട്ടുന്നത്. ആർജെഡിയും സീറ്റിനായി പരസ്യമായ അവകാശവാദം ഉന്നയിച്ചു. മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാത്ത ഏക ഘടകകക്ഷിയായതിനാൽ രാജ്യസഭ പരിഗണിക്കണമെന്നാണ് അവരുടെ ആവശ്യം.

ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു ശേഷമേ ഇനി എൽഡിഎഫ് യോഗം ചേരാനിടയുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയൻ 19ന് വിദേശത്തു നിന്നു തിരിച്ചെത്തും. ബിനോയ് വിശ്വം രണ്ടു ദിവസം മുൻപ് രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചു.

English Summary:

CPM does not open its mind about rajyasabha seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com