ബാർ കോഴ: ബാറുടമകളുടെ മൊഴിയെടുത്തു; അനിമോന്റെ ആരോപണത്തിൽ സംഘടനയ്ക്കുള്ളിൽ അന്വേഷണം നടത്തും
Mail This Article
തിരുവനന്തപുരം ∙ ബാർ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന നേതാക്കളിൽ നിന്നു മൊഴിയെടുത്തു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സെക്രട്ടറി പത്മദാസ്, ട്രഷറർ ബിനോയ് ജോസഫ് എന്നിവരുടെ മൊഴിയാണ് ഇന്നലെ കൊച്ചിയിലെത്തി രേഖപ്പെടുത്തിയത്. സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാറിന്റെ മൊഴി അടുത്ത ദിവസമെടുക്കും.
ബാർകോഴയാരോപണം പുറത്തുവന്നതിനു പിറ്റേന്നു വിദേശയാത്രയ്ക്കു പുറപ്പെട്ട മന്ത്രി എം.ബി.രാജേഷ് ഇന്നു തിരിച്ചെത്തും. രാത്രി കൊച്ചിയിലെത്തുന്ന മന്ത്രി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷമാണു തലസ്ഥാനത്തെത്തുക. മന്ത്രിയുടെ ഓഫിസ് നൽകിയ പരാതിയിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോർട്ട് അധികം വൈകാതെ സമർപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണം കഴിഞ്ഞാൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെ ആരോപണത്തിൽ സംഘടനയ്ക്കുള്ളിൽ അന്വേഷണം നടത്തുമെന്ന് അസോസിയേഷൻ നേതാക്കൾ സൂചിപ്പിച്ചു. ശബ്ദസന്ദേശം തയാറാക്കുന്നതിനും സംഘടനാ നേതൃത്വത്തെ സംശയനിഴലിൽ നിർത്തുന്നതിനും അനിമോന് ആരുടെയെല്ലാം സഹായം ലഭിച്ചുവെന്നാണു പരിശോധിക്കുക. അനിമോൻ ഇപ്പോഴും സസ്പെൻഷനിലാണ്.
ഇതിനിടെ, തിരുവനന്തപുരത്ത് സംഘടനയുടെ ആസ്ഥാന മന്ദിരത്തിനായി വാങ്ങാനുദ്ദേശിച്ച സ്ഥലത്തിന്റെ റജിസ്ട്രേഷൻ നീട്ടിവച്ചു. ഉടമയിൽനിന്ന് ലീഗൽ ഹെയർഷിപ് (നിയമപരമായ പിന്തുടർച്ചാവകാശം) സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണു കാരണമെന്നാണു വിവരം. 472 പേരിൽ നിന്നായി 4.54 കോടി രൂപയാണു സ്ഥലം വാങ്ങാൻ ആദ്യഘട്ടം സമാഹരിച്ചത്. ബാക്കി തുക കണ്ടെത്താനുള്ള നിർദേശമാണ് അനിമോൻ കോഴയാരോപണമായി ഗ്രൂപ്പിലിട്ടതെന്നാണ് അസോസിയേഷന്റെ വാദം. വിവാദത്തിനിടെ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ ബാറുടമകളിൽനിന്നും മ്യൂച്ചൽഫണ്ടിൽ നിന്നുമായി ശേഷിച്ച തുക അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ബാറുടമകളും ഒരു ലക്ഷം രൂപ വീതം നൽകുമ്പോൾ ഈ തുക തിരിച്ചുകൊടുക്കുമെന്നാണു വാഗ്ദാനം.