ആളും ആരവവുമില്ല; നിശ്ശബ്ദം എകെജി സെന്റർ
തിരുവനന്തപുരം ∙ വോട്ട് എണ്ണുന്നതിനു മുൻപു തന്നെ സിപിഎം വിധി ഉറപ്പിച്ചിരുന്നോ? ഇന്നലെ രാവിലെ എകെജി സെന്ററിനു മുന്നിലെ കാഴ്ചകൾ അങ്ങനെ തോന്നിപ്പിക്കുന്നതായിരുന്നു.മുൻ തിരഞ്ഞെടുപ്പുകളിൽ, ഫലപ്രഖ്യാപന ദിവസം പ്രവർത്തകർ പുറത്ത് കാത്തുനിൽക്കും, മുന്നേറ്റം ഉണ്ടായെന്ന വിവരം ലഭിച്ചാലുടൻ മുദ്രാവാക്യം വിളി

തിരുവനന്തപുരം ∙ വോട്ട് എണ്ണുന്നതിനു മുൻപു തന്നെ സിപിഎം വിധി ഉറപ്പിച്ചിരുന്നോ? ഇന്നലെ രാവിലെ എകെജി സെന്ററിനു മുന്നിലെ കാഴ്ചകൾ അങ്ങനെ തോന്നിപ്പിക്കുന്നതായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ, ഫലപ്രഖ്യാപന ദിവസം പ്രവർത്തകർ പുറത്ത് കാത്തുനിൽക്കും, മുന്നേറ്റം ഉണ്ടായെന്ന വിവരം ലഭിച്ചാലുടൻ മുദ്രാവാക്യം വിളി ഉയരും. എന്നാൽ ഇന്നലെ, കവാടത്തിനു പുറത്ത് നാലഞ്ചു പൊലീസുകാരും റിസപ്ഷനിൽ പാർട്ടി ചാനലിലെ വാർത്ത കേൾക്കുന്ന ഏതാനും പ്രവർത്തകരും മാത്രം. തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിയുടെ ഓഫിസ് ആണെന്നുപോലും തോന്നില്ല. ചാനലിൽ നോക്കി ഇരുന്നവർക്കു മുന്നിലേക്കു പ്രതീക്ഷയുടെ ഫ്ലാഷുകൾ വന്നു.
ഇടതുമുന്നണി 8 സീറ്റുകളിൽ മുന്നിൽ. ചിലർ കസേര അൽപം കൂടി ടിവിയോട് ചേർത്തിട്ടു. അപ്പോഴേക്കും ഇടതുമുന്നണി യുഡിഎഫിനൊപ്പം എത്തി. തപാൽ വോട്ടുകളാണ് എണ്ണുന്നതെന്ന ഫ്ലാഷ് വന്നപ്പോൾ ഒരാളുടെ കമന്റ്: ‘ആ വോട്ടിൽ നമ്മളാണല്ലോ മുന്നിൽ.’ കേട്ടയാൾ തലയാട്ടി. 8.43ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എത്തി. ആരോടും ഒന്നും മിണ്ടാതെ അദ്ദേഹം മുകളിലത്തെ നിലയിലെ ഓഫിസിലേക്കു പോയി. വേറെ ആരുണ്ട് മുകളിൽ? ഒരാൾ റിസപ്ഷനിസ്റ്റിനോടു ചോദിച്ചു. പി.കെ.ബിജുവും എം.സ്വരാജും നേരത്തേ വന്നിട്ടുണ്ടെന്നു മറുപടി.
മുന്നിൽനിന്ന ഇടതു സ്ഥാനാർഥികൾ മെല്ലെ യുഡിഎഫിനു വഴി മാറുന്ന ഫ്ലാഷുകളായിരുന്നു പിന്നീട്. പാലക്കാടും കാസർകോടും ഉൾപ്പെടെ നാലഞ്ചെണ്ണത്തിൽ പാർട്ടിയുടെ സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നുണ്ട് എന്ന ആശ്വാസത്തോടെ പാർട്ടിപത്രം തുറന്നുനോക്കിയ ആൾ ഒന്നു തല ഉയർത്തുമ്പോഴേക്കും അതാ പാലക്കാട് എ.വിജയരാഘവൻ പിന്നിലേക്ക്. കുറച്ച് വോട്ടുകൾക്കാണെന്ന് അവതാരകൻ പറഞ്ഞപ്പോൾ പ്രതീക്ഷ. മെല്ലെ പത്രം മടക്കി മേശപ്പുറത്തു വച്ചിട്ട് ചാനലിൽ ശ്രദ്ധിച്ചു.
കാസർകോട്ടെ എം.വി. ബാലകൃഷ്ണനും പിന്നിൽ. സിപിഎമ്മിനു മേൽക്കൈയുള്ള നിയമസഭാ മണ്ഡലങ്ങൾ എണ്ണാനിരിക്കുന്നതേയുള്ളൂ എന്ന അവതാരകന്റെ വാക്കുകൾ കേട്ട ഒരാൾ അടുത്തിരുന്ന ആളിനോട്, ‘ഉണ്ണിത്താൻ ഇത്തവണ തോൽക്കുമെന്ന് അവിടത്തെ സഖാക്കൾ അന്നേ പറഞ്ഞതാ...’ അപ്പോഴേക്കും രാജ്മോഹൻ ഉണ്ണിത്താൻ ലീഡിൽ!
മുറ്റത്തു നിന്ന ഒരാൾ എതിരെയുള്ള പാർട്ടി ഫ്ലാറ്റിൽ ചൂണ്ടി ചോദിച്ചു, ‘അവിടെ കിടക്കുന്നത് ഇപി സഖാവിന്റെ കാറല്ലേ? സഖാവ് ഇങ്ങോട്ടു വന്നില്ല?’ കേട്ടുനിന്ന ആളിന്റെ മറുപടി: ‘രണ്ടിടത്തെയും ടിവിയിൽ ഒരേ വാർത്തയല്ലേ?’. മറ്റൊരാൾ പറഞ്ഞു, ‘ഇപി സഖാവ് ഇന്നലെ കണ്ണൂരിലേക്കു പോയി’. ഇതിനിടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ എത്തി. മറ്റുള്ളവർക്കൊപ്പം അദ്ദേഹവും ചാനൽ വാർത്ത നോക്കി നിൽക്കെ, നരേന്ദ്ര മോദി 6000 വോട്ടിനു പിന്നിലെന്ന് ഫ്ലാഷ്. എല്ലാവർക്കും ആവേശം.
വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർഥി ആര്? എങ്ങനെ മോദി പിന്നിലായി എന്നൊക്കെയായി പിന്നീടുള്ള വർത്തമാനങ്ങൾ. ആനാവൂർ പോയതും സ്വരാജ് വന്നു. അപ്പോൾ തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 7000 ൽ എത്തിയെന്ന വാർത്ത. സ്വരാജ് ഒരു മിനിറ്റ് വാർത്ത കണ്ട ശേഷം അകത്തേക്കു മടങ്ങി. അപ്പോൾ സിപിഎം സ്ഥാനാർഥികളിൽ രാധാകൃഷ്ണൻ മാത്രമായിരുന്നു മുന്നിൽ.