ADVERTISEMENT

മലപ്പുറം∙ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള മുസ്‌ലിം ലീഗ് നേതൃയോഗം ഇന്നു ചേരാനിരിക്കെ, ഹാരിസ് ബീരാൻ എന്ന ഒറ്റപ്പേരിലേക്ക് പാർട്ടി നേതൃത്വം എത്തിയതായി സൂചന. ഇന്നു രാവിലെ 10ന് തിരുവനന്തപുരത്താണു നേതൃയോഗം. നിയമസഭാ സമ്മേളനം ഇന്നു തുടങ്ങുന്നതിനാൽ പാർട്ടി എംഎൽഎമാർക്കു കൂടി പങ്കെടുക്കാനുള്ള സൗകര്യം പരിഗണിച്ചാണു യോഗം തിരുവനന്തപുരത്താക്കിയത്. ഗൾഫ് സന്ദർശനത്തിലായിരുന്ന സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തി. 

കേരളത്തിൽനിന്ന് 3 രാജ്യസഭാ സീറ്റുകളിലേക്കാണ് 25നു തിരഞ്ഞെടുപ്പു നടക്കുന്നത്. നിയമസഭയിലെ കക്ഷിനിലപ്രകാരം യുഡിഎഫിന് ഒരാളെ ജയിപ്പിക്കാനാകും. ഈ സീറ്റ് ലീഗിനു നൽകാൻ നേരത്തേ ധാരണയായിരുന്നു. 13ന് ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 

മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന ഉപാധ്യക്ഷൻ സി.പി.ബാവ ഹാജി, യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസ്, വി.കെ.ഫൈസൽ ബാബു, പ്രവാസി വ്യവസായിയും കെഎംസിസി നേതാവുമായ അൻവർ അമീൻ ചേലാട്ട് എന്നിവരാണ് ഹാരിസ് ബീരാനു പുറമേ പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ ഹാരിസ് ബീരാന്റെയും പി.കെ.ഫിറോസിന്റെയും പേരുകൾക്കാണ് അവസാനവട്ട ചർച്ചകളിൽ മുൻതൂക്കം ലഭിച്ചത്. ഹാരിസ് ബീരാന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടി നേതൃത്വം ഇതിനകം പല തലങ്ങളിൽ അനൗദ്യോഗിക കൂടിയാലോചനകൾ നടത്തിയിരുന്നു. തീരുമാനത്തിനെതിരെ പാർട്ടിക്കുള്ളിൽനിന്നു കാര്യമായ എതിർപ്പ് ഉയർന്നില്ലെന്നാണു സൂചന. സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉൾപ്പെടെ മുസ്‌ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നത്. 

English Summary:

Muslim Leagues Rajya Sabha seat: Chance for haris beeran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com