ജോസ് വള്ളൂരും എം.പി വിൻസന്റും സ്ഥാനമൊഴിഞ്ഞേക്കും: ഡിസിസി പ്രസിഡന്റിന്റെ ചുമതല വി.കെ. ശ്രീകണ്ഠനെ ഏൽപ്പിച്ചേക്കും
Mail This Article
തൃശൂർ ∙ ജോസ് വള്ളൂരിനോട് ഡിസിസി പ്രസിഡന്റ് സ്ഥാനവും എം.പി. വിൻസന്റിനോട് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ഒഴിയാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നു സൂചന. ഇതു സംബന്ധിച്ച് ഇന്നലെ ചർച്ച നടത്തിയെങ്കിലും രണ്ടു പേർക്കെതിരെ മാത്രം നടപടിയെടുക്കുന്നതു പാർട്ടിയിൽ അസ്വാരസ്യമുണ്ടാക്കുമെന്നു കരുതി ഔദ്യോഗിക തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റിന്റെ ചുമതല വി.കെ. ശ്രീകണ്ഠൻ എംപിയോടു തൽക്കാലം ഏറ്റെടുക്കാൻ കഴിയുമോ എന്നു കേന്ദ്ര നേതൃത്വം ആരാഞ്ഞിട്ടുണ്ട്.
കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു തോൽവിയെത്തുടർന്നു ജില്ലയിൽ കോൺഗ്രസിൽ ഉണ്ടായ തർക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കഴിഞ്ഞ ദിവസം ഡിസിസി ഓഫിസിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ആക്രമിക്കുന്നതിൽ വരെയെത്തിയിരുന്നു. ഇതിനു പിന്നാലെ ഡിസിസി പ്രസിഡന്റ് ഡൽഹിയിലേക്കു പോയി. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആവശ്യമെങ്കിൽ രാജി വയ്ക്കാൻ തയാറാണെന്നു ഫലം വന്ന അന്നു തന്നെ ജോസ് വള്ളൂർ പറഞ്ഞിരുന്നു. എന്നാൽ, ഫലം സംബന്ധിച്ച വിശകലനം വരട്ടെയെന്നാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തന്നോട് പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. പിന്നീട് ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ചെയർമാൻ, അനിൽ അക്കര, ടി.എൻ.പ്രതാപൻ എന്നിവർക്കെതിരെ പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വെള്ളി വൈകിട്ടാണ് ഡിസിസി ഓഫിസിൽ ഇരുവിഭാഗം തമ്മിൽ ഏറ്റുമുട്ടിയത്. ഈ സംഭവത്തിൽ ഡിസിസി പ്രസിഡന്റ് അടക്കം 20 പേർക്കെതിരെയും കെ.മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുരിയച്ചിറ അടക്കം മറുപക്ഷത്തെ 8 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.