ഹുസൈൻ മടവൂരിന്റെ രാജി: പരിഹസിച്ച് വെള്ളാപ്പള്ളി
Mail This Article
ചേർത്തല ∙ നവോത്ഥാന സമിതി വൈസ് ചെയർമാൻ ഹുസൈൻ മടവൂരിന്റെ രാജി ‘മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണതു പോലെ’യാണെന്നു സമിതി ചെയർമാനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ.
‘‘ഇദ്ദേഹം രാജി വയ്ക്കാൻ കാരണം തേടി ഇരിക്കുകയായിരുന്നു. ഞാൻ പറഞ്ഞത് അവസരമായെടുത്തു രാജി വച്ചന്നേയുള്ളൂ. പണ്ടേ തീവ്രവാദം പറയുന്ന ആളാണ് ഹുസൈൻ മടവൂർ’’– വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാന സർക്കാർ മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കുകയാണെന്നും അവർ ചോദിക്കുന്നതെല്ലാം കൊടുക്കുകയാണെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്നലെ അക്കാര്യം അദ്ദേഹം ആവർത്തിച്ചു. ന്യൂനപക്ഷ പ്രീണനത്തിനിടെ ഇടതുപക്ഷം ഈഴവ സമുദായം അടക്കമുള്ള അടിസ്ഥാന വർഗത്തെ വിസ്മരിച്ചെന്നും അതിന്റെ ദുരന്തമാണു തിരഞ്ഞെടുപ്പിൽ നേരിട്ടതെന്നും എടത്വയിൽ എസ്എൻഡിപി യോഗം പരിപാടിയിൽ വെള്ളാപ്പള്ളി ആരോപിച്ചു.
‘‘ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും എൽഡിഎഫ് സ്ഥാനാർഥി നിർണയം പാളിപ്പോയി. അത് ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു. എ.എം.ആരിഫിനോടു പറയേണ്ട കാര്യമില്ല. ഇപ്പോൾ കേന്ദ്രമന്ത്രിമാരായ രണ്ടുപേരും മിടുക്കരാണ്. തുഷാർ വെള്ളാപ്പള്ളിയെ മന്ത്രിയാക്കുമെന്നു ഞാൻ കേട്ടിട്ടില്ല. ബിഡിജെഎസിനു മന്ത്രിസ്ഥാനം കിട്ടണോ എന്ന് അവർ തീരുമാനിച്ചോട്ടെ’– വെള്ളാപ്പള്ളി പറഞ്ഞു.