ഓർമക്കൊടികൾ പാറുന്നു; ഇന്ന് ബാലാനന്ദൻ ജന്മശതാബ്ദി
Mail This Article
കൊച്ചി ∙ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഇ.ബാലാനന്ദന്റെ ജന്മശതാബ്ദി ഇന്ന്. തൊഴിലാളികൾ സ്നേഹത്തോടെ ‘സ്വാമി’ എന്നു വിളിച്ചിരുന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദിക്ക് പാർട്ടിയുടെ പ്രത്യേക പരിപാടികളൊന്നുമില്ല. ഇ.ബാലാനന്ദൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 1980 ൽ മുകുന്ദപുരത്തു നിന്നു ലോക്‌സഭാംഗമായി. 1988 മുതൽ 2000 വരെ രാജ്യസഭാംഗവുമായിരുന്നു. 1967 മുതൽ 77 വരെ 2 വട്ടം വടക്കേക്കരയിൽ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
1924 ജൂൺ 16 ന് കൊല്ലം ജില്ലയിലെ ശക്‌തികുളങ്ങര ബറുവപ്പട്ടിൽ കുഞ്ഞിരാമൻ ചാന്നാരുടെയും ഉണ്ണിക്കാളി ഈശ്വരിയുടെയും മകനായി ജനിച്ച ബാലാനന്ദൻ 1943 ൽ ഇന്ത്യൻ അലുമിനിയം കമ്പനിയിൽ തൊഴിലാളിയായിരിക്കെയാണു ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ സജീവമാകുന്നത്. ചെറുപ്പത്തിൽ ഷാപ്പ് തൊഴിലാളിയായും കൂലിപ്പണിക്കാരനായും പ്രവർത്തിച്ച ശേഷമാണു ജോലി തേടി കൊച്ചിയിലെത്തുന്നത്. അലുമിനിയം കമ്പനിയിൽ ജോലിക്കു കയറുമ്പോൾ കോൺഗ്രസുകാരനായിരുന്നു. 1943 ൽ കമ്യൂണിസ്റ്റു പാർട്ടിയുടെ ആലുവ സെൽ രൂപീകരിച്ചപ്പോൾ അതിൽ അംഗമായി. ട്രേഡ് യൂണിയൻ സംഘടിപ്പിച്ചതിനു ജോലി നഷ്ടമായ ബാലാനന്ദൻ മുഴുവൻസമയ പാർട്ടി പ്രവർത്തകനായി. പുന്നപ്ര വയലാർ പ്രക്ഷോഭകാലത്ത് അറസ്റ്റിലായി. വിവിധ സമരങ്ങളിൽ പങ്കെടുത്ത് 5 വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ചു. നാലര വർഷം ഒളിവിലായിരുന്നു.
പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിന്ന ബാലാനന്ദൻ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്രകമ്മിറ്റി അംഗം എന്നീ സ്‌ഥാനങ്ങൾ വഹിച്ചു. 1978 മുതൽ 2005 വരെ പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. 1990 മുതൽ 2003 വരെ സിഐടിയു പ്രസിഡന്റ് ആയിരുന്നു. മലയാള മനോരമയിൽ ബാലാനന്ദൻ എഴുതിയ ‘ഓർമക്കൊടികൾ’ എന്ന പ്രതിവാര പംക്‌തി ഏറെ ശ്രദ്ധേയമായിരുന്നു. ഏഴാം ക്ലാസ് വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നു. 2009 ജനുവരി 19ന് നിര്യാതനായി. ഭാര്യ പരേതയായ സരോജിനി ബാലാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.