സിപിഎമ്മിനു സെൽഫ് ഗോളായി ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട്; ‘കാഫിറി’നു പിന്നിൽ ആര്?
Mail This Article
കോഴിക്കോട് ∙ വടകരയിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഇളക്കിമറിച്ച ‘കാഫിർ’ പരമാർശം സിപിഎമ്മിനെതിരെ തിരിച്ച് യുഡിഎഫ്. വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതു സിപിഎമ്മിന്റെ മുൻ എംഎൽഎ കെ.കെ.ലതികയാണെന്നു വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിലും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും ആരോപിച്ചു. ലതികയെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യണമെന്നു പ്രവീൺ കുമാർ ആവശ്യപ്പെട്ടു.
‘എന്നെ ആഞ്ഞുവെട്ടാൻ സിപിഎം ഉപയോഗിച്ച വ്യാജസൃഷ്ടിയായിരുന്നു കാഫിർ പ്രയോഗമെന്നു ബോധ്യപ്പെടാത്ത ഒരാളും ഇപ്പോൾ നാട്ടിലുണ്ടാകില്ല. ആ പ്രയോഗം ഉള്ളതാണെന്നു വരുത്തിത്തീർത്ത് ഞങ്ങളെയൊക്കെ ഒരു മതത്തിന്റെ പേരിൽ കള്ളികൾക്കുള്ളിലാക്കി നാടിനെ ഭിന്നിപ്പിക്കാനായിരുന്നു ശ്രമം. അതു വ്യാജമായിരുന്നുവെന്നു പൊലീസ് തന്നെ കോടതിയിൽ റിപ്പോർട്ട് നൽകിയതിൽ സമാധാനമുണ്ട്. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർ മാപ്പു പറയണം. സത്യമാണെന്ന് വിശ്വസിച്ചുപോയ സിപിഎമ്മുകാരോടെങ്കിലും മാപ്പ് പറയുമോ? പ്രതികൾ ആരാണെന്ന് പൊലീസിനും സിപിഎമ്മിനും അറിയാം’– ഷാഫി പറഞ്ഞു.
‘ലതികയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ പിന്നിലുള്ളവരെ കണ്ടെത്താനാകൂ. വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച എല്ലാവർക്കുമെതിരെ കേസെടുക്കണം. സത്യം പുറത്തു വരണം. ഈ കേസിൽ പൊലീസ് നിഷ്ക്രിയത്വം കാണിച്ചു. പ്രത്യേക ഏജൻസി കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും’– പ്രവീൺ കുമാർ പറഞ്ഞു.
‘കാഫിറി’നു പിന്നിൽ ആര്?
വടകരയിലെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ടിൽ കൃത്യമായ ഉത്തരത്തിലെത്താൻ ഇനിയും കാത്തിരിക്കണം. കൃത്യമായ നടപടികളിലൂടെ വിവരം തേടുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയാണ് കാത്തിരിപ്പു നീളാൻ ഇടയാക്കിയത്. പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ട ‘അമ്പാടിമുക്ക് സഖാക്കൾ’, ‘പോരാളി ഷാജി’ എന്നീ ഫെയ്സ്ബുക് അക്കൗണ്ടുകളുടെ വിവരങ്ങൾ തേടി പൊലീസ് നേരത്തേ ഫെയ്സ്ബുക്കിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി (എംഎൽഎടി) മുഖേന വിവരങ്ങൾ തേടണമെന്നായിരുന്നു എഫ്ബിയുടെ മറുപടി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുഖേനയാണ് ഇതു ചെയ്യേണ്ടത്. ഇതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണു പൊലീസ് ഇപ്പോൾ പറയുന്നത്. സംഭവത്തിൽ ഫെയ്സ്ബുക്കിന്റെ നോഡൽ ഓഫിസറെയും പ്രതിയാക്കിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് ഏപ്രിൽ 25നാണു സ്ക്രീൻഷോട്ട് പുറത്തുവരുന്നത്. അന്നുതന്നെ കേസെടുത്തിരുന്നെങ്കിലും അന്വേഷണം ഇഴഞ്ഞു. നീതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നു യുഡിഎഫ് പ്രഖ്യാപിച്ചതോടെയാണു പൊലീസ് കാര്യമായ നടപടികളിലേക്കു കടന്നത്. സംഭവത്തിൽ കുറ്റ്യാടി മുൻ എംഎൽഎ കെ.കെ.ലതികയുടെ മൊഴി രേഖപ്പെടുത്തുകയും അവരുടെ മൊബൈൽ ഫോൺ സൈബർ സെൽ മുഖേന പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.