ADVERTISEMENT

തിരുവനന്തപുരം ∙ ലോകകേരളസഭയ്ക്കു നിയമ പരിരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം നടത്തുമെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ സഹകരണം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാലാം ലോകകേരളസഭയുടെ സമാപന സമ്മേളനത്തിൽ ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കുടിയേറ്റക്കാരോടുള്ള കേന്ദ്രസർക്കാരിന്റെ നയം മാറണം. കുടിയേറ്റം മുഖ്യവിഷയമായിക്കണ്ട് വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം ഏർപ്പെടുന്ന വിദേശ കരാറുകളിലോ, ഉപകരാറുകളിലോ പലപ്പോഴും കുടിയേറ്റം വിഷയമാകാറില്ല. കുടിയേറ്റ തൊഴിലാളി സംരക്ഷണം സംബന്ധിച്ച ഉപകരാർ ഉണ്ടാക്കുന്നതിനു കേന്ദ്രം മുൻകയ്യെടുക്കണം. കേരളീയ കലാരൂപങ്ങൾ ഓൺലൈനായി പഠിക്കാൻ പ്രവാസികൾക്ക് അവസരമൊരുക്കും. കേരളത്തിന്റെ തനതു കലാരൂപങ്ങൾ കോർത്തിണക്കി കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിൽ അവതരണം നടത്തും. ആദ്യത്തേതു യുഎസിൽ സംഘടിപ്പിക്കും.

കുടുംബശ്രീ മിഷൻ മാതൃകയിൽ പ്രവാസി മിഷൻ രൂപീകരിക്കുന്നതു പരിഗണനയിലാണ്. പ്രവാസികളുടെ പ്രായമായ മാതാപിതാക്കൾക്കു സംരക്ഷണമൊരുക്കുന്നതിനുള്ള കേന്ദ്രം സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. വിദേശ വിദ്യാർഥികളെയടക്കം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാനാണു ശ്രമം. ചില വിദേശരാജ്യങ്ങളിൽ മേശയും കസേരയും ഉണ്ടായാൽ മാത്രം സർവകലാശാലയായി ചിത്രീകരിക്കുന്നുണ്ട്. ആ ചതിക്കുഴിയിൽ വിദ്യാർഥികൾ വീഴരുത്. കേരളത്തിലെ സർവകലാശാലകളിൽ ആധുനിക കോഴ്സുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലോകകേരളസഭ പ്രവാസികളുടെ ആത്മവിശ്വാസം വർധിപ്പിച്ചെന്ന് സഭയെ എതിർക്കുന്നവർ തിരിച്ചറിയണമെന്നു സമാപന പ്രസംഗം നടത്തിയ സ്പീക്കർ എ.എൻ.ഷംസീർ പറ‍ഞ്ഞു. ഏതെങ്കിലും രാജ്യത്ത് ഒരു സംഭവമുണ്ടായാൽ വിളിക്കാൻ ഒരാളുണ്ട് എന്ന ആത്മവിശ്വാസം ഇതുവഴി ജനപ്രതിനിധികൾക്കും ലഭിച്ചുവെന്നു സ്പീക്കർ പറഞ്ഞു. നാലാം ലോകകേരള സഭാ സമ്മേളനത്തിൽ 125 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. 10 പ്രമേയങ്ങൾ അവതരിപ്പിച്ചു. നിർദേശങ്ങൾ സർക്കാരുമായി ഏകോപിപ്പിക്കാൻ 15 അംഗ സ്ഥിരസമിതിയെയും തിരഞ്ഞെടുത്തു.

പലസ്തീന് ഐക്യദാർഢ്യവുമായി ലോകകേരളസഭയിൽ പ്രമേയം

തിരുവനന്തപുരം ∙ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകകേരള സഭയിൽ പ്രമേയം. മുപ്പത്താറായിരത്തോളം മനുഷ്യരെ കൊലപ്പെടുത്തിയ യുദ്ധത്തിൽനിന്ന് ഇസ്രയേൽ പിൻമാറണമെന്ന പ്രമേയം ഓസ്ട്രേലിയയിൽനിന്നുള്ള റെജിൽ പൂക്കുത്താണ് അവതരിപ്പിച്ചത്. പലസ്തീൻ എംബസി കൈമാറിയ കഫിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നൽകി. പലസ്തീൻ പതാക നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഏറ്റുവാങ്ങി.

സമഗ്രമായ കുടിയേറ്റ  നിയമം പാസാക്കുന്നതിനാവശ്യമായ നിയമനിർമാണം നടത്തണമെന്നു കുവൈത്ത് ദുരന്ത പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനോടു ലോക കേരളസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗാർഹികത്തൊഴിലാളികൾക്കു സമഗ്രമായ സാമൂഹിക സുരക്ഷാ പദ്ധതി ആസൂത്രണം ചെയ്യണമെന്ന പ്രമേയം ഉണ്ണിമായ ഉണ്ണിക്കൃഷ്ണ‍ൻ അവതരിപ്പിച്ചു. ബന്ധപ്പെട്ട വ്യക്തി നേരിട്ടു ഹാജരായാൽ പാസ്പോർട്ട് കയ്യിൽ നൽകുന്നതിനു നിയമനിർമാണം നടത്തണമെന്ന് ഇ.ടി.ടൈസൻ എംഎൽഎ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നടപടി സ്വീകരിക്കേണ്ട വിഷയങ്ങളിലാണു പ്രമേയങ്ങളധികവും.

മറ്റു പ്രമേയങ്ങൾ

∙ തൊഴിലും സാമൂഹിക സുരക്ഷയും ഉറപ്പാക്കാൻ കേന്ദ്ര പദ്ധതികൾ വേണം

∙ പ്രവാസികൾക്കു കൃഷിസ്ഥലവും ഫാം ഹൗസും വാങ്ങാൻ കഴിയില്ലെന്നതടക്കം ഫെമ നിയമത്തിലെ നിബന്ധനകൾ പുനഃപരിശോധിക്കണം

∙ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദേശ റിക്രൂട്ടിങ് നിയന്ത്രിക്കണം

∙ ഇന്ത്യൻ എംബസിക്കു കീഴിൽ ലീഗൽ അറ്റാഷെമാരെ നിയമിക്കണം

∙ മാതൃകാപരമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി കേന്ദ്രസർക്കാർ നൽകണം

∙ പ്രവാസ സമൂഹവുമായുള്ള സാംസ്കാരിക വിനിമയത്തിനു നടപടിയെടുക്കണം

പങ്കെടുത്തവരുടെ പട്ടിക ‘രഹസ്യം’

തിരുവനന്തപുരം ∙ ലോകകേരളസഭയുടെ നാലാം സമ്മേളനം അവസാനിച്ചിട്ടും പങ്കെടുത്തവരുടെ പട്ടിക സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടില്ല. പട്ടിക ഉത്തരവായാണ് ഇറക്കുന്നത്. ഉത്തരവ് കഴിഞ്ഞദിവസം ഇറക്കിയെന്നു നോർക്ക അധികൃതർ പറയുന്നുണ്ടെങ്കിലും വെബ്സൈറ്റ് ഉൾപ്പെടെ പ്ലാറ്റ്ഫോമുകളിലൊന്നും പങ്കുവച്ചിട്ടില്ല. കഴിഞ്ഞ സമ്മേളനത്തിലും പ്രതിനിധികളുടെ കാര്യത്തിൽ സർക്കാർ  രഹസ്യം സൂക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 16 മുതൽ 18 വരെയായിരുന്നു മൂന്നാം ലോകകേരളസഭ. 15നു പട്ടിക സഹിതം ഉത്തരവിറക്കി. എന്നാൽ ഔദ്യോഗിക സംവിധാനങ്ങളിലൊന്നും ഉത്തരവും പട്ടികയും പ്രസിദ്ധീകരിച്ചില്ല.

English Summary:

law will be made to provide legal protection to Loka Kerala Sabha says Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com