ലീഗിനെതിരെ ആക്രമണം കടുപ്പിച്ച് സിപിഎം
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗിനെതിരെ ആക്രമണവും ആരോപണവും കടുപ്പിച്ച് സിപിഎം. പാർട്ടി പത്രത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ എഴുതിയ ലേഖനത്തിൽ മതരാഷ്ട്രവാദം പ്രചരിപ്പിക്കാനുള്ള ദൗത്യം ലീഗ് ഏറ്റെടുത്തുവെന്നാണ് ആരോപണം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ലീഗിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ തുടർച്ചയായിട്ടാണ് ലേഖനത്തിലെ വിമർശനങ്ങൾ.
‘ഇപ്പോൾ ലീഗ് ഉയർത്തുന്ന പല മുദ്രാവാക്യങ്ങളും ജമാ അത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള മതരാഷ്ട്ര വാദികൾ മുന്നോട്ടുവയ്ക്കുന്ന വിധത്തിലുള്ളതാണ്. സിപിഎം മതവിരുദ്ധ പ്രസ്ഥാനമാണെന്ന ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന ജമാഅത്തെ ഇസ്‌ലാമിയുടെ മൂശയിൽ രൂപപ്പെട്ടതാണ്. കേരള വിഭജനമെന്ന മുദ്രാവാക്യവും ഇത്തരം അജൻഡകൾ സ്വീകരിക്കുന്ന ലീഗ് പക്ഷപാതികളിൽ നിന്ന് ഉയർന്നു വരുന്നതാണ്.
മതരാഷ്ട്ര വാദികളുടെയും തീവ്രവാദ സമീപനം സ്വീകരിക്കുന്നവരുടെയും മുദ്രാവാക്യമേറ്റെടുത്ത് മുസ്‌ലിം ലീഗ് പ്രവർത്തിക്കുമ്പോൾ ആ സമൂഹത്തിൽ മതരാഷ്ട്ര വാദം പ്രചരിപ്പിക്കുകയെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ദൗത്യം അവർ സ്വയം ഏറ്റെടുക്കുകയാണ്. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന മുസ്‌ലിം സമൂഹത്തെ മതരാഷ്ട്ര വാദികളുടെ കൈകളിലെത്തിക്കുകയെന്ന ജമാഅത്തെ ഇസ്‌ലാമി അജൻഡയുടെ പ്രയോഗമാണിത്. ഇത്തരം മതരാഷ്ട്ര ആശയങ്ങളെ ചൂണ്ടിക്കാട്ടി ശക്തിപ്പെടാൻ സംഘപരിവാറിന് അവസരമൊരുക്കുകയും ചെയ്യുന്നു’– ലേഖനത്തിൽ ആരോപിക്കുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത ഘട്ടത്തിൽ ലീഗ് ശരിയായ നിലപാടല്ല സ്വീകരിച്ചതെന്നും അതിനെതിരെ പാർട്ടിയിലുയർന്ന പ്രതിഷേധത്തെ തുടർന്നാണ് ഐഎൻഎൽ രൂപീകരണത്തിലേക്ക് നയിച്ചതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.