തദ്ദേശ വോട്ടർപട്ടികയിൽ 2.66 കോടി വോട്ടർമാർ
Mail This Article
തിരുവനന്തപുരം ∙ ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,66,72,979 വോട്ടർമാർ ഉണ്ടെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. 1,26,29,715 പുരുഷൻമാർ, 1,40,43,026 സ്ത്രീകൾ, 238 ട്രാൻസ്‌ജെൻഡർ എന്നിങ്ങനെയാണു കണക്ക്. കഴിഞ്ഞ ജനുവരി ഒന്നിനോ മുൻപോ 18 വയസ്സ് പൂർത്തിയായവരാണു പട്ടികയിൽ.
ജൂൺ 6നു പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 2,68,57,023 വോട്ടർമാർ ഉണ്ടായിരുന്നു. അനർഹരായ 4,52,951 പേരെ ഒഴിവാക്കിയും അർഹരായ 2,68,907 പേരെ പുതുതായി ചേർത്തും ആണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. ജൂൺ 21 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചു. പരാതിയുണ്ടെങ്കിൽ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാം. കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും വോട്ടർപട്ടിക പരിശോധനയ്ക്കു ലഭിക്കും.