‘നല്ലപാഠം’ സാമൂഹിക പ്രതിബദ്ധതയുടെ വഴിയേ നയിക്കുന്നു: മന്ത്രി ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം ∙ പഠനപ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതയുടെ വഴിയേ നയിക്കുകയെന്ന സർക്കാർ നയത്തോടു ചേർന്നു പോകുന്നതാണ് മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നല്ലപാഠം പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അധ്യാപക സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങൾ നല്ലപാഠത്തിന്റെ ഭാഗമായി കേരളത്തിലൊട്ടാകെ നടപ്പാക്കിയിട്ടുണ്ട്.
കാസർകോട്ട് എൻഡോസൾഫാൻ ദുരന്തത്തിന്റെ കഷ്ടതയനുഭവിച്ച കുട്ടികൾക്കായി നിർമിച്ച പെരിയയിലെ ബഡ്സ് സ്കൂൾ അതിന് മികച്ച ഉദാഹരണമാണ്. അവിടത്തെ കുട്ടികളുടെ അമ്മമാർക്ക് തൊഴിൽപരിശീലനം നൽകുന്നതുൾപ്പെടെ പദ്ധതികളും നടപ്പാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങൾ, പരിസ്ഥിതി അവബോധം, ഭാഷാ സ്നേഹം തുടങ്ങിയവയൊക്കെ പ്രോത്സാഹിപ്പിക്കുന്ന പ്രമേയങ്ങളാണ് ഓരോ വർഷവും നല്ലപാഠം മുഖ്യ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കുന്നത്. പഠനത്തിലെന്ന പോലെ അധ്യാപകർ തന്നെയാണ് ഈ നന്മവഴിയിലൂടെയും കുട്ടികളെ നയിക്കേണ്ടത്– മന്ത്രി ചൂണ്ടിക്കാട്ടി.
അധ്യാപകരും എഴുത്തുകാരുമാണ് സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതെന്ന് മുഖ്യാതിഥിയായിരുന്ന കവി പ്രഫ.വി. മധുസൂദനൻ നായർ ചൂണ്ടിക്കാട്ടി. അധ്യാപകർ സ്വയം ശുദ്ധീകരിക്കാനും തിരുത്താനും ശ്രമിച്ചുകൊണ്ടേയിരിക്കണം. ഏതു ചോദ്യം നേരിടാനും സജ്ജരായിരിക്കണം. എല്ലാ ശിഷ്യരും മക്കളുടെ സ്ഥാനത്താണ്. നമ്മൾ വലുതായെങ്കിലേ മക്കൾ നമ്മളെക്കാൾ വലിയവരാകൂ’– അദ്ദേഹം പറഞ്ഞു. പ്രശസ്ത വാസ്തുശിൽപി ജി.ശങ്കർ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവരും അധ്യാപകരുമായി സംവദിച്ചു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തനം നടത്തിയ സ്കൂളുകൾക്കുള്ള നല്ലപാഠം പുരസ്കാരങ്ങളും സമ്മാനിച്ചു.
‘നല്ലപാഠം’ കൃഷിമികവിന് മന്ത്രിയുടെ പുരസ്കാരം
ആലപ്പുഴ ∙ മലയാള മനോരമ ‘നല്ലപാഠം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു കാർഷികരംഗത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളിന് ഇനി കൃഷിമന്ത്രിയുടെ പ്രത്യേക പുരസ്കാരം. ആലപ്പുഴ ജില്ലയിലെ നല്ലപാഠം അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് മന്ത്രി പി. പ്രസാദാണ് ഈ പ്രഖ്യാപനം നടത്തിയത്.
വിദ്യാർഥികളിൽ കൃഷിയോടും പ്രകൃതിയോടുമുള്ള പ്രതിബദ്ധതയും സ്നേഹവും വളർത്തുന്ന ‘നല്ലപാഠം’ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പുരസ്കാരം നൽകുന്നതെന്നു മന്ത്രി പറഞ്ഞു. തന്റെ അലവൻസിൽ നിന്നാകും ഈ സമ്മാനം നൽകുക. മന്ത്രിസ്ഥാനമൊഴിഞ്ഞാലും കർഷകനെന്ന നിലയിലുള്ള വരുമാനത്തിൽനിന്ന് എല്ലാ വർഷവും മുടങ്ങാതെ ഇതു നൽകുമെന്നും പ്രസാദ് പറഞ്ഞു.
മനോരമ ‘നല്ലപാഠ’ത്തിന്റെ ഭാഗമായി നടപ്പാക്കുന്ന എല്ലാ കാർഷിക സംരംഭങ്ങൾക്കും സംസ്ഥാന കൃഷിവകുപ്പിന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കും. ‘നിറയെ പച്ചപ്പ്’ എന്ന സന്ദേശം മുൻനിർത്തി ഈ മാസം തന്നെ സ്കൂളുകൾ കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങണം. ആദ്യപടിയായി തന്റെ മണ്ഡലമായ ചേർത്തലയിൽ വിപുലമായ നല്ലപാഠം– കൃഷിപാഠം പ്രവർത്തനങ്ങൾക്കു തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു.