വിവാദ പരാമർശം: പി.എം.എ.സലാമിനെതിരെ നടപടി വേണ്ടെന്ന നിലപാടിൽ ലീഗ് നേതൃത്വം
Mail This Article
മലപ്പുറം ∙ എറണാകുളത്ത് പാർട്ടി ജില്ലാ ക്യാംപിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെതിരെ നടപടി വേണ്ടെന്ന നിലപാടിൽ ലീഗ് നേതൃത്വം. പ്രസംഗം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതിൽ സലാം ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്നാണ് നേതൃത്വത്തിന്റെ നിലപാട്. സലാം സുന്നി ആശയത്തെ പരിഹസിച്ചുവെന്നും നടപടി വേണമെന്നും സമസ്തയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. നേതൃക്യാംപിൽ നടത്തിയ അര മണിക്കൂർ പ്രസംഗത്തിലെ ചെറിയ ഭാഗം അടർത്തിയെടുത്ത് ചിലർ മനഃപൂർവം വിവാദമുണ്ടാക്കുകയാണെന്നാണ് സലാമിന്റെ വാദം.
ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം ശമനമുണ്ടായിരുന്നു. സമസ്തയിലെ ലീഗ് വിരുദ്ധരോട് സന്ധി വേണ്ടെന്നും സംഘടനയെ പ്രകോപിപ്പിക്കുന്ന നിലപാടുകൾ പാടില്ലെന്നുമുള്ള സമീപനത്തിലേക്കു ലീഗ് നേതൃത്വം എത്തിച്ചേരുകയും ചെയ്തു. എന്നാൽ, സലാം എറണാകുളത്തു നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ സമസ്തയിലെ ലീഗ് വിരുദ്ധർക്കു വടി കൊടുക്കുന്ന രീതിയിലായിപ്പോയെന്ന അഭിപ്രായം പാർട്ടിയിലെ ചിലർക്കുണ്ട്. സമസ്തയിൽ ലീഗിനോടൊപ്പം നിൽക്കുന്ന വിഭാഗവും സലാമിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ലീഗ് നേതൃത്വം സുന്നികളെ അവഗണിക്കുന്നുവെന്ന വാദമാണ് സമസ്തയിലെ ലീഗ് വിരുദ്ധർ പ്രധാനമായി ഉന്നയിക്കുന്നത്. സലാമിന്റെ പരാമർശം ഈ ആരോപണത്തിനു ബലം നൽകാൻ ലീഗ് വിരുദ്ധർ ഉപയോഗിക്കുമെന്ന ആശങ്കയും പാർട്ടിക്കുള്ളിലുണ്ടായി. ഇതിനെത്തുടർന്നാണ്, ലീഗ് നേതൃത്വം സലാമിനോട് ഖേദപ്രകടനം നടത്താൻ നിർദേശിച്ചത്.
അതേസമയം, സമസ്തയിലെ ലീഗ് വിരുദ്ധരുമായി സന്ധിയില്ലെന്ന നിലപാട് ശക്തമായി തുടരാൻ തന്നെയാണ് പാർട്ടിയുടെ തീരുമാനം. എസ്കെഎസ്എസ്എഫ് നിരന്തരം പാർട്ടിവിരുദ്ധ നിലപാടെടുക്കുന്നുവെന്ന പരാതി ലീഗിന് നേരത്തേയുണ്ട്.