കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹം: കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി
Mail This Article
കോട്ടയം ∙ വഖഫ് നിയമങ്ങളിൽ മാറ്റംവരുത്തി സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നു കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി.മുഹമ്മദ്, മുത്തുക്കോയ തങ്ങൾ, മുഹമ്മദ് നദീർ മൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, മാർക്ക് അബ്ദുൽസലാം, കെ.എച്ച്. മുഹമ്മദ് മൗലവി, കുറ്റിയിൽ ഷാനവാസ്, അബ്ദുൽസലാം കുമളി, കടയ്ക്കൽ ജുനൈദ്, എം.എം.ജലീൽ, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, സഫീർ ഖാൻ മന്നാനി, ജലാലുദ്ദീൻ മൗലവി, കുളത്തൂപ്പുഴ സലീം, എ.എം.കെ നൗഫൽ, ഷാഹുൽ ഹമീദ്. അബ്ദുറഹിം കുമ്മണ്ണൂർ, കബീർ താന്നിമൂട്, യൂസഫ് കൗസരി എന്നിവർ പ്രസംഗിച്ചു.
ബിജെപി ശ്രമം വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ: മുസ്‌ലിം ലീഗ്
ന്യൂഡൽഹി ∙ വഖഫ് സ്വത്തുക്കൾ നിയന്ത്രണത്തിലാക്കാനാണു ബിജെപിയുടെ ശ്രമമെന്നു മുസ്‌ലിം ലീഗ് ആരോപിച്ചു. വഖഫ് ബോർഡിനും കൗൺസിലിനുമുള്ള അധികാരങ്ങൾ വെട്ടിച്ചുരുക്കി സർക്കാരിന്റെ ആധിപത്യം അടിച്ചേൽപിക്കാനാണു വഖഫ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഭരണസംവിധാനത്തിലും അതിന്റെ നേതൃപദവികളിലും ഇഷ്ടക്കാരെ നിയമിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ എതിർക്കും. മുസ്‌ലിംകളുടെ മാത്രം വിഷയമല്ലിത്. വിശ്വാസവുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലെ അധികാരങ്ങൾ കയ്യടക്കാൻ ഒരു വ്യക്തിക്കും സർക്കാരിനും സാധിക്കില്ല. സർക്കാർ നീക്കത്തെ ചെറുക്കുന്നതിൽ സമാന ചിന്താഗതിക്കാരുമായി യോജിച്ചു പ്രവർത്തിക്കുമെന്ന് ലീഗ് എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, എം.പി.അബ്ദുസ്സമദ് സമദാനി, നവാസ് ഗനി തുടങ്ങിയവർ പറഞ്ഞു.