സെക്രട്ടേറിയറ്റിൽ വരുന്നു, പുതിയ എമർജൻസി ഓപ്പറേഷൻ സെന്റർ
Mail This Article
തിരുവനന്തപുരം∙ അടിയന്തര ദുരന്തസാഹചര്യം നേരിടാൻ സംസ്ഥാനത്തു രണ്ടാമതൊരു സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കുന്നു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിൽ സെന്റർ ആരംഭിക്കുന്നതിനു 19.2 കോടി രൂപയുടെ ഐടി ഉപകരണങ്ങൾ ഉടൻ വാങ്ങും. ഇ ടെൻഡർ പ്ലാറ്റ്ഫോം വഴി ടെൻഡർ വിളിക്കാൻ ദുരന്തനിവാരണ അതോറിറ്റിക്ക് അനുമതി നൽകി. അതോറിറ്റിയുടെ ദുരിതാശ്വാസനിധിയിൽനിന്നു പണം ചെലവഴിക്കും. ലോകബാങ്കിന്റെ മാർഗരേഖ അടിസ്ഥാനപ്പെടുത്തി ഐടി ഉപകരണങ്ങൾ വാങ്ങാനാണു നിർദേശം.
ദുരന്തനിവാരണ അതോറിറ്റിയുടെ തിരുവനന്തപുരം വെള്ളയമ്പലത്തെ ആസ്ഥാന മന്ദിരത്തിലാണ് ഇപ്പോഴുള്ള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്കു കൂടി മുഴുവൻ സമയവും ഏകോപനത്തിൽ പങ്കാളിത്തം വഹിക്കുന്നതിനായാണ് രണ്ടാം സെന്റർ സെക്രട്ടേറിയറ്റിൽ സ്ഥാപിക്കുന്നത്. വേഗത്തിലുള്ള പ്രതികരണവും ആധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള ആശയവിനിമയവും സെന്ററിൽ സാധ്യമാകും. സായുധസേനാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് ഇവിടം കേന്ദ്രീകരിച്ച് ഏകോപനം നിർവഹിക്കാനാകും.