അറിവിന്റെ ആഴം, നാടിന്റെ ഹൃദയം
Mail This Article
∙മുസ്‌ലിം ലീഗ് പലതലങ്ങളിൽ ആശ്രയിച്ചിരുന്ന നേതാവായിരുന്നു കെ.കുട്ടി അഹമ്മദ്കുട്ടി. തീരദേശ മേഖല, പരിസ്ഥിതി, സംവരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അതതു സമയത്ത് അദ്ദേഹം പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നന്നായി വായിച്ചിരുന്ന അദ്ദേഹത്തിന്റെ അറിവും ആശയങ്ങളും പാർട്ടിയുടെ നന്മയ്ക്കു വേണ്ടി വിനിയോഗിച്ചു.
കാര്യങ്ങൾ ആഴത്തിൽ പഠിക്കുകയും അത് അദ്ദേഹം കൃത്യമായി അവതരിപ്പിക്കുകയും ചെയ്തു. തീരദേശ മേഖലയുടെ പ്രതിനിധിയെന്ന നിലയിൽ അവിടത്തെ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരന്തരശ്രമം നടത്തി. സംവരണവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗങ്ങളെല്ലാം ഒരു കുടക്കീഴിയിൽ വന്നപ്പോൾ അതിനു നേതൃപരമായ പങ്കുവഹിക്കാൻ അദ്ദേഹത്തിനായി.
ഭിന്നശേഷിക്കാരെ എപ്പോഴും ചേർത്തുപിടിച്ചു. മന്ത്രിയെന്ന നിലയിലും അല്ലാത്തപ്പോഴും അവർക്കു വേണ്ടി ചെയ്ത സേവനങ്ങൾ ഒട്ടേറെയാണ്. മുസ്‌ലിം ലീഗിന്റെ പരിസ്ഥിതിനയം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. പരിസ്ഥിതി സംരക്ഷണം അജൻഡയായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത പാർട്ടിയെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹത്തിനു വലിയ പങ്കുണ്ട്.
തദ്ദേശ ഭരണ മന്ത്രിയെന്ന നിലയിൽ കുറഞ്ഞകാലം കൊണ്ടുതന്നെ ചരിത്രത്തിൽ ഇടംനേടി. ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവും വന്ന ശേഷം പാർട്ടിയുടെ ഭരണനിർവഹണത്തിൽ അദ്ദേഹത്തിന്റെ നിർദേശങ്ങൾക്കു വലിയ പങ്കുണ്ടായിരുന്നു. ബഹളംവച്ചു ശ്രദ്ധ പിടിച്ചുപറ്റുന്ന സ്വഭാവക്കാരനായിരുന്നില്ല അദ്ദേഹം.
ലളിതമായി ജീവിക്കുകയും അങ്ങേയറ്റം സാത്വികമായി പെരുമാറുകയും ചെയ്തു. വിദ്യാർഥി കാലം മുതൽ എനിക്ക് കുട്ടി അഹമ്മദ്കുട്ടിയെ അറിയാം. ഫാറൂഖ് കോളജിൽ ഒരേ കാലത്താണ് ഞങ്ങൾ പഠിച്ചത്. പിന്നീട് മന്ത്രിസഭയിലും ഒരുമിച്ചുണ്ടായി. പലതലത്തിൽ പാർട്ടിക്കു മുതൽക്കൂട്ടായിരുന്ന പ്രിയ സുഹൃത്തിന് ഹൃദയാഞ്ജലികൾ.