ഉഷ്ണമേഖലയിൽ ഓസോൺ ദ്വാരമില്ല; അഭ്യൂഹങ്ങൾ തള്ളി മലയാളി പ്രഫസറുടെ ഗവേഷണം
Mail This Article
ന്യൂഡൽഹി ∙ ഭൂമിയുടെ ഉഷ്ണമേഖലയ്ക്ക് (ട്രോപ്പിക്കൽ ഏരിയ) മുകളിൽ ഓസോൺ പാളിയിൽ വിള്ളലുണ്ടെന്ന അഭ്യൂഹം തള്ളി ഇന്ത്യൻ ഗവേഷകരുടെ പഠനം. ഐഐടി ഖരഗ്പുരിലെ സെന്റർ ഫോർ ഓഷ്യൻ–റിവർ–അറ്റ്മോസ്ഫിയർ ആൻഡ് ലാൻഡ് സയൻസസിലെ പ്രഫസർ ജയനാരായണൻ കുറ്റിപ്പുറത്തും സംഘവുമാണു പുതിയ പഠനവുമായി രംഗത്തെത്തിയത്. രാജ്യാന്തര തലത്തിൽ സഹകരണാടിസ്ഥാനത്തിൽ നടന്ന ഗവേഷണത്തിൽ ഉഷ്ണമേഖലയിൽ ഗണ്യമായ ഓസോൺ വിള്ളലില്ലെന്നും ആ മേഖലയിൽ താമസിക്കുന്നയാളുകൾക്ക് ഇതു മൂലം ആരോഗ്യഭീഷണികളില്ലെന്നും തെളിഞ്ഞു. കേരളം ഈ മേഖലയിൽ പെടുന്നതാണ്.
കൊല്ലം പോരുവഴി അമ്പലത്തുംഭാഗം വിശാഖത്തിൽ ജി.എസ് ഗോപീകൃഷ്ണനും ഗവേഷണത്തിൽ പങ്കാളിയാണ്. ഗോപീകൃഷ്ണൻ ജയനാരായണനു കീഴിൽ ഐഐടി ഖരഗ്പുരിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. അറ്റ്മോസ്ഫെറിക് കെമിസ്ട്രി ആൻഡ് ഫിസിക്സ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
പാലക്കാട് എടത്തനാട്ടുകര കുറ്റിപ്പുറത്ത് കെ.ആർ.എസ്.നായരുടെയും ബാലാമണിയമ്മയുടെയും മകനാണ് ജയനാരായണൻ. ജർമനിയിലെ ബ്രീമെൻ സർവകലാശാലയിലാണ് പിഎച്ച്ഡി പൂർത്തീകരിച്ചത്.
ആഗോളപ്രസക്തിയുള്ള പഠനം
ഉഷ്ണമേഖലയിൽ ഓസോൺ ശോഷിക്കുന്നെന്ന് 2022ൽ പഠനം പുറത്തിറങ്ങിയതു വലിയ ആശങ്കയ്ക്ക് ഇടനൽകിയിരുന്നു. ഏഴുമടങ്ങ് വലുപ്പമുള്ള വിള്ളലുണ്ടായിരുന്നെന്നായിരുന്നു അവകാശവാദം. തുടർന്നാണ് ജയനാരായണൻ ഈ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2 വർഷത്തെ ദീർഘമായ ഗവേഷണം തുടങ്ങിയത്. ജർമനിയിൽനിന്നും ഫ്രാൻസിൽ നിന്നുമുള്ള ശാസ്ത്രജ്ഞരും ഗവേഷണത്തിൽ പങ്കാളികളായിരുന്നു. ഭൗമനിലയങ്ങൾ, ബലൂൺ സംവിധാനങ്ങൾ, നിരീക്ഷണ ഉപഗ്രഹങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് 1980 മുതൽ 2022 വരെ ശേഖരിച്ച വിവരങ്ങൾ വിലയിരുത്തിയായിരുന്നു ഗവേഷണം.
ട്രോപ്പിക്കൽ മേഖലകളിലെ ഓസോൺ സാന്നിധ്യം (260 ഡോബ്സൺ യൂണിറ്റ്) സ്ഥിരതയുള്ളതാണെന്നും ഓസോൺ ദ്വാരമെന്നു കണക്കാക്കാവുന്ന അളവിനെക്കാൾ (220 ഡോബ്സൺ യൂണിറ്റ്) ഉയർന്നതാണെന്നും തെളിഞ്ഞു.
വിള്ളലുണ്ടെന്ന് അവകാശവാദമുയർത്തിയ പഠനത്തിനായി ഉപയോഗിച്ച രീതി അപര്യാപ്തമാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഏറെ ജനസാന്ദ്രതയുള്ള ഉഷ്ണമേഖലയിൽ ഗണ്യമായ വിള്ളലില്ലെന്ന പഠനത്തിന് അതിനാൽ തന്നെ ആഗോള പ്രസക്തിയുണ്ട്. ഓസോൺ വിള്ളലിനു കാരണമാകുന്ന സാഹചര്യങ്ങളായ വളരെ താഴ്ന്ന താപനില, പ്രത്യേക മേഘങ്ങളുടെ സാന്നിധ്യം, പോളർ വോർട്ടക്സ് പ്രതിഭാസം എന്നിവ ധ്രുവപ്രദേശങ്ങളിൽ മാത്രമുള്ളതാണെന്നും ഉഷ്ണമേഖലയിലില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.