ഓസ്ട്രേലിയയിൽ മലയാളി മന്ത്രി; പാലാ സ്വദേശി ജിൻസൺ ആന്റോ ചാൾസ് നോർത്തേൺ ടെറിട്ടറിയിൽ മന്ത്രി ജോൺസൺ മാമലശ്ശേരി
Mail This Article
മെൽബൺ ∙ ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിൻസൺ ആന്റോ ചാൾസ് (36) തിരഞ്ഞെടുക്കപ്പെട്ടു. കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം, കല, സാംസ്കാരികം, സാംസ്കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണ് ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയിൽ ജിൻസണു ലഭിക്കുന്നത്. ടെറിട്ടറി പാർലമെന്റിലേക്കു കഴിഞ്ഞ മാസം 24 ന് നടന്ന തിരഞ്ഞെടുപ്പിൽ സാൻഡേഴ്സൻ മണ്ഡലത്തിൽ നിന്നു കൺട്രി ലിബറൽ പാർട്ടി (സിഎൽപി) സ്ഥാനാർഥിയായാണ് ജിൻസൺ തിരഞ്ഞെടുക്കപ്പെട്ടത്.
പാലാ മൂന്നിലവ് പുന്നത്താനിയിൽ ചാൾസ് ആന്റണിയുടെയും ഡെയ്സി ചാൾസിന്റെയും മകനാണ്. ആന്റോ ആന്റണി എംപിയുടെ അനുജനാണു ജിൻസന്റെ പിതാവ് ചാൾസ്. നോർത്തേൺ ടെറിട്ടറി മെന്റൽ ഹെൽത്ത് ഡിപ്പാർട്മെന്റിൽ കൺസൽറ്റന്റായ അനുപ്രിയ ജിൻസണാണു ഭാര്യ. മക്കൾ: എയ്മി, അന.
നഴ്സായി 2011ൽ ഓസ്ട്രേലിയയിൽ എത്തിയ ജിൻസൺ ഇപ്പോൾ നോർത്തേൺ ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്റൽ ഹെൽത്തിന്റെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും ജോലി ചെയ്യുന്നു.