ADVERTISEMENT

മലപ്പുറം ∙ പി.വി.അൻവറിന്റെ രാഷ്ട്രീയ ഡിഎൻഎ പരിശോധിച്ചാൽ തെളിഞ്ഞുവരുന്ന ഫലം കോൺഗ്രസായിരിക്കും. ജവാഹർലാൽ നെഹ്റു താമസിച്ച എടവണ്ണ ഒതായിയിലെ പുത്തൻവീട്ടിലാണു ജനനം. വല്യുപ്പ മുഹമ്മദാജിയും പിതാവ് പി.വി.ഷൗക്കത്തലിയും സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. ഷൗക്കത്തലി ദീർഘകാലം എഐസിസി അംഗമായിരുന്നു. 1962 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു ഷൗക്കത്തലി. എതിരാളി മുസ്‌ലിം ലീഗ് സ്ഥാപക പ്രസിഡന്റ് ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ. അന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോഴാണു നെഹ്റു പുത്തൻവീട്ടിൽ തറവാട്ടിൽ താമസിച്ചത്. കോൺഗ്രസ് പിളർന്നു സംഘടനാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ സംസ്ഥാന ട്രഷററായിരുന്നു ഷൗക്കത്തലി.

കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അൻവർ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. വയലാർ രവിയുടെയും കെ.സുധാകരന്റെയും നേതൃത്വത്തിൽ സംസ്ഥാനത്ത് നാലാം ഗ്രൂപ്പ് സജീവമായിരുന്ന കാലത്ത് അതിലെ യുവ നേതാക്കളിലൊരാളായിരുന്നു. പിന്നീടു കരുണാകരനും മുരളീധരനുമൊപ്പം ഡിഐസിയിലേക്കു പോയി. കരുണാകരനും മുരളീധരനും കോൺഗ്രസിലേക്കു മടങ്ങിയെങ്കിലും അൻവർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. അന്ന് ഇടതുപക്ഷത്തിനായി സിപിഐ സ്ഥാനാർഥിയാണു മത്സരിച്ചത്. സിപിഎം അൻവറിനു വേണ്ടി പാലംവലിച്ചതോടെ സിപിഐയ്ക്കു നേടാനായതു മൂവായിരത്തിൽ താഴെ വോട്ടാണ്.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോറ്റു. 2016ൽ നിലമ്പൂരിൽ സിപിഎം സ്വതന്ത്രനായി മത്സരിച്ച്, മൂന്നു പതിറ്റാണ്ടോളം നീണ്ട കോൺഗ്രസ് കുത്തക അവസാനിപ്പിച്ചു. 2021ൽ ജയം ആവർത്തിച്ചതോടെ പാർട്ടി അണികൾക്കിടയിൽ ഹീറോ പരിവേഷം ലഭിച്ചു. അതിനിടെ, 2019ൽ പൊന്നാനിയിൽനിന്നു ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

English Summary:

Congress Claims PV Anvar's Roots Are Tied to their Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com