ADVERTISEMENT

തിരുവനന്തപുരം ∙ മുന്നറിയിപ്പ് അവഗണിച്ച് പി.വി.അൻ‌വർ മുഖ്യമന്ത്രിക്കെതിരെ പരസ്യയുദ്ധത്തിനിറങ്ങിയതോടെ ഇനി അൻവറിനെതിരെ കർശന നടപടികളുമായി സർക്കാർ നീങ്ങുമെന്ന് ഉറപ്പായി. മുഖ്യമന്ത്രിക്കെതിരെ ഏതൊക്കെ നേതാക്കൾ വാളെടുത്തിട്ടുണ്ടോ അവരെയൊക്കെ കേസിൽപെടുത്തിയും റവന്യു അടക്കമുള്ള വകുപ്പുകൾ വഴി നടപടിയെടുപ്പിച്ചും തിരിച്ചടിക്കുന്നതാണു സർക്കാർ ശൈലി.

പി.സി.ജോർജ്, മാത്യു കുഴൽനാടൻ, കെ.എം.ഷാജി, സ്വപ്ന സുരേഷ് തുടങ്ങിയവർക്കെതിരെയെന്ന പോലെ പി.വി.അൻവറിനു നേരെയും വൈകാതെ നടപടി പ്രതീക്ഷിക്കാം. അതിന് ഇനി വേണ്ടത് ഒരു പരാതിയാണ്. അൻവറിന്റെ ആരോപണങ്ങൾക്ക് ഇരയായ എഡിജിപി എം.ആർ.അജിത്കുമാറിന്റെ പരാതി ലഭിച്ചാലുടൻ അന്വേഷണം പ്രഖ്യാപിക്കാനാണു സർക്കാർ ഒരുങ്ങുന്നത്. അൻവറിന്റെ സകല ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ ഇതിനകം തന്നെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മലപ്പുറത്തെ സ്വർണം പൊട്ടിക്കൽ സംഘവുമായി പി.വി.അൻവറിനു ബന്ധമുണ്ടെന്നാണ് പൊലീസിലെ ഒരു വിഭാഗം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. കൂടാതെ അൻവറിന്റെ ആവശ്യങ്ങൾക്കു വഴങ്ങാത്തതിനാലാണ് അദ്ദേഹം തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് എഡിജിപി എം.ആർ.അജിത്കുമാർ ഡിജിപിക്കു മൊഴി നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന ആരോപണമുന്നയിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും അവർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അൻവറിനെതിരായ ആയുധമായേക്കാം.

എന്നാൽ, അൻവറിനെ പിണക്കുന്നതു രാഷ്ട്രീയമായി ദോഷം ചെയ്തേക്കാമെന്ന വീണ്ടുവിചാരം സർക്കാരിനും പാർട്ടിക്കുമുണ്ട്. സിപിഐ പോലും എഡിജിപിക്ക് എതിരെ നിലപാടെടുക്കുമ്പോൾ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾക്കു തുടക്കമിട്ട അൻവറിനെ പൂർണമായി ശത്രുപക്ഷത്താക്കുക ബുദ്ധിപരമല്ല. പ്രത്യേകിച്ച് അൻവറിനോടു മാനസികമായി ഐക്യപ്പെടുന്ന ഒട്ടേറെപ്പേർ പാർട്ടിയിൽ ഉള്ളപ്പോൾ.

English Summary:

Government may take strict action against PV Anvar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com