ആത്മവിശ്വാസത്തിന്റെ ‘ചെയർ’പഴ്സൻസ്; എസ്എംഎ രോഗത്തെ അതിജീവിച്ച് രേവതിയും കാർത്തിക്കും യൂണിയൻ തലപ്പത്ത്
Mail This Article
പത്തനംതിട്ട/കോട്ടയം ∙ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) അപൂർവരോഗം വീൽചെയറിൽ പിടിച്ചിരുത്തിയിട്ടും തളരാതെ അവർ കേരളത്തിലെ ക്യാംപസ് യൂണിയൻ ചരിത്രം തിരുത്തിയെഴുതുന്നു. ആത്മവിശ്വാസത്തിന്റെ മിന്നുന്ന താരങ്ങളായി യൂണിയൻ ‘ചെയർ’ സ്ഥാനത്തേക്ക്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ആർ.വി. രേവതിയും നാട്ടകത്തെ കോട്ടയം ഗവ. കോളജിൽ എ.ജി. കാർത്തിക്കും വീൽചെയറിൽ ഇരുന്നുതന്നെ യൂണിയനെ നയിക്കും.
‘ഒൻപതിൽ പഠിക്കുമ്പോഴാണ് കാലിന്റെ ചലനം പൂർണമായി നിലച്ചത്. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയാണ് ഈ നേട്ടത്തിനു പിന്നിൽ’– എസ്എഫ്ഐ പാനലിൽ ചെയർപഴ്സനായ രണ്ടാംവർഷ ബിസിഎ വിദ്യാർഥിനി രേവതി പറയുന്നു. ഇലവുംതിട്ട തോപ്പിൽകിഴക്കേതിൽ രവിയുടെയും ജിജി മോഹനന്റെയും ഏകമകളാണ്. ഓട്ടോയിൽ കോളജിലെത്തിച്ചാൽ ഏറ്റെടുക്കുന്ന കൂട്ടുകാർതന്നെ രേവതിയെ വിജയക്കസേരയിലേക്ക് എടുത്ത് ഉയർത്തി.
ജനിച്ച് ആറാംമാസം മുതൽ രോഗത്തോടു പോരാടുന്ന കാർത്തിക് കോട്ടയം ഗവ. കോളജിൽ ചെയർമാനായി എസ്എഫ്ഐ പാനലിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. തൃശൂർ തളിക്കുളം അന്തിക്കാട് എ.കെ.ഗിരീഷ് – ഷൈനി ദമ്പതികളുടെ മകനും പൊളിറ്റിക്കൽ സയൻസ് അവസാന വർഷ ബിരുദവിദ്യാർഥിയുമാണ്. എന്തിനും ഏതിനും ഒരുപിടി സുഹൃത്തുക്കൾ ഉള്ളതാണു കരുത്തെന്നു പറയുന്ന കാർത്തിക്, കോളജിനെ 100% ഭിന്നശേഷി സൗഹൃദ ക്യാംപസ് ആക്കാനും ആഗ്രഹിക്കുന്നു.