ഈ ദേശത്തിനെന്ത് വെളിച്ചം !
Mail This Article
∙ ഒരു കാലമുണ്ടായിരുന്നു. കോഴിക്കോട്ടെ തെരുവിലൂടെ, കടൽത്തീരത്തിലൂടെ, കല്ലായിപ്പുഴയോരത്തൂടെ കഥയും കവിതയും പാട്ടും നാടകവുമെല്ലാം കൈകോർത്തു നടന്ന കാലം. യാത്രികർ പോയ്മറഞ്ഞാലും മായാതെ ബാക്കിനിൽക്കുന്നു കാലടിപ്പാടുകൾ. അതിലൂടെ നടന്നാണ് മലയാളം എഴുതിത്തെളിഞ്ഞത്. അതിന്റെ തിളക്കത്തിലൂടെയാണ് കോഴിക്കോട് ലോകത്തിന്റെ സാഹിത്യനഗരമാകുന്നത്.
യുനെസ്കോയുടെ സാഹിത്യനഗര പദവി സ്വന്തമാക്കിയ ശേഷം കോഴിക്കോട് ആദ്യമായി വേദിയാവുന്ന കലാസാഹിത്യ മഹാമേളയുടെ ആകാശത്ത് അനുഗ്രഹവർഷവുമായി അവരുണ്ട്; എസ്.കെ.പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീർ, എൻ.പി.മുഹമ്മദ്, കെ.ടി.മുഹമ്മദ്, തിക്കോടിയൻ, എൻ.എൻ.കക്കാട്, ഉറൂബ്, കെ.എ.കൊടുങ്ങല്ലൂർ, പി.വൽസല, എൻ.വി.കൃഷ്ണവാരിയർ, കുഞ്ഞുണ്ണി, കുട്ടിക്കൃഷ്ണമാരാര്, പുനത്തിൽ കുഞ്ഞബ്ദുള്ള, യു.എ.ഖാദർ, ബാബുരാജ്... ഇനി മൂന്നു നാൾ ഹോർത്തൂസിന്റെ വേദികളിൽ അവരുടെ അദൃശ്യസാന്നിധ്യമുണ്ടായിരുന്നെങ്കിൽ...
വാക്കിൽ വെളിച്ചവുമായി അവർ ഹോർത്തൂസ് വേദികളിലെത്തുന്നു. ഇന്നെത്തുന്നത് എസ്.കെ.പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീർ, എൻ.പി.മുഹമ്മദ് എന്നിവർ. സാഹിത്യനഗരിയുടെ സാഗരതീരത്തിരുന്ന് അവർ ആ കോഴിക്കോടൻ നാളുകളെക്കുറിച്ചു സംസാരിക്കുന്നു.
പൊറ്റെക്കാട്ട്: എന്റെ കൗമാരത്തിനും യൗവ്വനത്തിനും പല പ്രകാരത്തിൽ വിരുന്നൂട്ടിയ എത്രയോ വ്യക്തികൾ ഇവിടെ മറഞ്ഞുപോയിട്ടുണ്ട്. ഞാൻ പിറന്നു വളർന്ന ദേശത്തോടും ഇവിടെ ജീവിതനാടകമാടി അണിയറയിലേക്കു പിൻവാങ്ങിയ മനുഷ്യജീവികളോടുമുള്ള കടപ്പാട് ഞാൻ ഓർക്കുന്നു. അവരുടെ കഥ എന്റെയും ജീവിതകഥയാണ്. അവരുടെ ചെത്തവും ചൂരുമേറ്റ കടപ്പുറം ഇന്നും ചിരിച്ചുകൊണ്ട് നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാൽപാടുകൾ പഴയ കാൽപാടുകളെ മായ്ക്കുന്നു.
ബഷീർ: നഗരമേ, കാലമിത്രയും നീയെന്നെ അപാരമായ കാരുണ്യത്തോടെ സ്നേഹിച്ചു, സഹിച്ചു. എന്നെപ്പറ്റി നിനക്കെല്ലാം അറിയാം. നീ എനിക്കിപ്പോഴും ഒരു മഹാരഹസ്യം. വന്നതുപോലെത്തന്നെ ഞാൻ മടങ്ങി. നീയും ഞാനും എന്നുള്ള യാഥാർഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കുന്നു. നിന്റെ വെളിച്ചം എക്കാലവും ബാക്കിയാവുന്നു. നിന്റെ വെളിച്ചത്തിന് എന്തൊരു വെളിച്ചം!
എൻപി: എനിക്ക് വാസുവിന്റെ വാക്കുകൾ ഓർമ വരുന്നു. കണ്ണംപറമ്പിൽ എന്നെ അടക്കി മടങ്ങുമ്പോൾ ഈ കടൽക്കരയിലെ മണൽത്തരികളോട്, ഈ നഗരത്തിലെ തെരുവുകളോട് വാസു പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കുന്നു. ‘ഓർമകളിൽ നമുക്കൊരു പൂക്കാലമുണ്ടായിരുന്നു. ആഘോഷത്തോടെ പങ്കുവയ്ക്കാൻ ചിരിയും പ്രകാശവുമുള്ള കുറെ വർഷങ്ങളുണ്ടായിരുന്നു; വ്യർഥമാവാത്ത വർഷങ്ങൾ. നമ്മുടെ കാലടികൾക്കു കീഴിൽ മണ്ണിനു ചുവട്ടിൽ സ്നേഹത്തിന്റെ നീരുറവകൾ നിശ്ശബ്ദം ഒഴുകുന്നു’.