ADVERTISEMENT

കോഴിക്കോട് ∙ കവിതകൾ ഗദ്യമായി മാറുന്ന കാലത്തെക്കുറിച്ചു ചർച്ച ചെയ്താരംഭിച്ച ‘കവിയരങ്ങി’ൽ പക്ഷേ, പെയ്തിറങ്ങിയതു വൃത്ത, താള, ലയ കവിതകൾ. ഇപ്പോൾ കവിതകൾ പൂർണമായും ഗദ്യമായി മാറിയെന്നു പരിപാടിയുടെ ആമുഖത്തിൽ പോൾ കല്ലാനോട് പറഞ്ഞു. 

‘ഭൂരിപക്ഷം കവികളും ഇപ്പോൾ ഗദ്യത്തിലാണു കവിതയെഴുതുന്നത്. ഇത്തരം കവിതകൾ ചൊല്ലാൻ സാധിക്കില്ല. കേൾവിസുഖം കിട്ടുന്നില്ല.’ – പോൾ കല്ലാനോട് പറഞ്ഞു. ആകാശവാണിയിൽ താൻ ആദ്യമായി കവിത അവതരിപ്പിക്കാൻ പോയ അനുഭവവും അദ്ദേഹം പങ്കുവച്ചു. അന്ന് എൻ.എൻ.കക്കാട് ആകാശവാണിയിൽ ഉണ്ടായിരുന്നു. സാമാന്യം മികച്ചൊരു കവിത എത്ര മോശമായാണ് അവതരിപ്പിച്ചത് എന്നായിരുന്നു കക്കാടിന്റെ പ്രതികരണമെന്നും അതിനാൽ താൻ കവിത ചൊല്ലുന്നതിൽ അത്ര മിടുക്കനല്ലെന്നുമുള്ള ക്ഷമാപണത്തോടെയായിരുന്നു പോൾ കല്ലാനോടിന്റെ കവിതാ അവതരണം. ‘ചിതലരിക്കുന്ന പ്രതിമ’, ‘പ്രതിബിംബത്തിലെ ചിരി’ എന്നീ കവിതകൾ അദ്ദേഹം ചൊല്ലി. ബീച്ചിൽ പന്തു കളിക്കുന്ന കുട്ടികളെ കണ്ട് എഴുതിയതാണ് ‘ചിതലരിക്കുന്ന പ്രതിമ’ എന്ന കവിതയെന്ന് അദ്ദേഹം പറഞ്ഞു.

‘പുതിയ ഒരു കൃഷിപ്പാട്ട്’, ‘യക്ഷികളുടെ പരിണാമം’ എന്നീ കവിതകൾ പി.പി.ശ്രീധരനുണ്ണി അവതരിപ്പിച്ചു.  മലയാളത്തിൽ ഏറ്റവും കൂടുതൽ പേർ എഴുതുന്നതു കവിതയാണെന്നും ഈ ഹാളിൽ തന്നെ ധാരാളം കവികളുണ്ടെന്നും വേദിയിലേക്കാൾ കൂടുതൽ കവികൾ സദസ്സിലാണെന്നുമുള്ള ആമുഖത്തോടെയാണ് ഒ.പി.സുരേഷ് കവിതാ അവതരണം തുടങ്ങിയത്. ‘ഭൂതകാലം’, ‘കേൾക്കാതിരിക്കില്ല’ എന്നീ കവിതകൾ അദ്ദേഹം അവതരിപ്പിച്ചു.

English Summary:

Paul Kallanode on malayalam poetry at Manorama Hortus venue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com