എ.സി.മൊയ്തീനും സിപിഎമ്മിനും എതിരെ പി.വി.അൻവർ
Mail This Article
ചേലക്കര ∙ എ.സി.മൊയ്തീൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി.അൻവർ എംഎൽഎ. ജില്ലയിലെ ഒരു പ്രമുഖവ്യക്തിയെ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാൻ എ.സി.മൊയ്തീൻ 10 ലക്ഷം കൈക്കൂലി വാങ്ങിയെന്നും പിന്നീട് 25 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നും പി.വി.അൻവർ ചേലക്കരയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ചേലക്കര മണ്ഡലത്തിൽ വീടില്ലാത്തവർക്കു വീടു വച്ചു നൽകുമെന്ന അൻവറിന്റെ പ്രഖ്യാപനത്തിനെതിരെ എ.സി.മൊയ്തീൻ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയതിനെത്തുടർന്നായിരുന്നു പത്രസമ്മേളനം.
പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് അവസാനിപ്പിച്ച കേസ് ചില യൂട്യൂബർമാർ കുത്തിപ്പൊക്കിയതോടെയാണു കുറ്റാരോപിതനിൽ നിന്ന് 25 ലക്ഷം കൂടി കൈക്കൂലി ആവശ്യപ്പെട്ടത്. പണം മൊയ്തീനു കൊടുക്കാൻ ആവശ്യപ്പെട്ടതു ജില്ലയിലെ പ്രമുഖ ബിജെപി നേതാവാണ്.
ഇതിനെല്ലാം തെളിവായി ഫോൺ സംഭാഷണങ്ങളുണ്ട്. വ്യക്തിപരമായി ആരെയും ഉപദ്രവിക്കാൻ താൽപര്യമില്ലാത്തതിനാലാണ് ഇതുവരെ മിണ്ടാതിരുന്നത്. വ്യക്തിപരമായി നേരിടാൻ മൊയ്തീൻ ശ്രമിച്ചതിനാലാണ് ഇപ്പോൾ പറയുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലേതടക്കം എ.സി.മൊയ്തീനെതിരെയുള്ള കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്താക്കും– അൻവർ പറഞ്ഞു.
സിപിഎം മലപ്പുറത്തു നടത്തിയ കോടിക്കണക്കിനു രൂപയുടെ ഇടപാടുകൾക്കുള്ള തെളിവുകളുമായി ഉപതിരഞ്ഞെടുപ്പു കഴിഞ്ഞാൽ താൻ രംഗത്തുവരും. പിണറായി വിജയനും കുടുംബവും ഇഡിയുടെ പിടിയിലാണ്. ഇതിൽനിന്ന് ഒഴിവാകാനാണ് എഡിജിപി അജിത്‌കുമാർ മുഖേന ആർഎസ്എസ്–ബിജെപി സംഘടനകളുമായി പിണറായി വിജയൻ അവിശുദ്ധബന്ധം പുലർത്തുന്നത്. കെ.സുരേന്ദ്രന് എതിരെയുള്ള കുഴൽപ്പണക്കേസ് അന്വേഷിക്കാത്തതും പിണറായിയുടെ ബിജെപി ബന്ധം കൊണ്ടാണെന്നും അൻവർ പറഞ്ഞു.