ഡോ. മഹ്മൂദ് കൂരിയ ഉൾപ്പെടെ 6 പേർക്ക് ഇൻഫോസിസ് പുരസ്കാരം
Mail This Article
ബെംഗളൂരു ∙ ശാസ്ത്ര, ഗവേഷണ രംഗത്തെ മികവിനു മലയാളി സാമൂഹികശാസ്ത്രജ്ഞൻ ഡോ. മഹ്മൂദ് കൂരിയ ഉൾപ്പെടെ 6 പേർക്ക് ഇൻഫോസിസ് പുരസ്കാരം. ഒരു ലക്ഷം ഡോളറാണ് (ഏകദേശം 84.5 ലക്ഷം രൂപ) പുരസ്കാരത്തുക. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരരാഷ്ട്രങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക രംഗത്തെ മാറ്റങ്ങളിൽ ഇസ്‌ലാമിക നിയമങ്ങളുടെ പങ്കിനെക്കുറിച്ചുള്ള പഠനത്തിന് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിലാണ് എഡിൻബറ സർവകലാശാലയിലെ ചരിത്രാധ്യാപകനായ ഡോ. മഹ്മൂദ് കൂരിയയ്ക്ക് പുരസ്കാരം ലഭിച്ചത്.
ഇന്ത്യ, ഇന്തൊനീഷ്യ, ശ്രീലങ്ക, മലേഷ്യ, മൊസാംബിക്, കോമറോസ് എന്നീ രാജ്യങ്ങളിലെ മുസ്‌ലിം മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ചുള്ള പഠനത്തിന് 2019ൽ ഡച്ച് സർക്കാരിന്റെ 2 കോടി രൂപയുടെ ഫെലോഷിപ്പും നേടിയിട്ടുണ്ട്. യുഎസിലെ സോഷ്യൽ സയൻസ് റിസർച് കൗൺസിലിൽനിന്നു 30 ലക്ഷം രൂപയുടെ ഗ്രാന്റിനും അർഹനായിരുന്നു. മലപ്പുറം പനങ്ങാങ്ങര പരേതനായ കൂരിയാടത്തൊടി കുഞ്ഞിമൊയ്‌തീൻ മുസല്യാരുടെയും മാമ്പ്രത്തൊടി മൈമൂനയുടെയും മകനാണ്.
സ്റ്റാൻഫഡ് സർവകലാശാല ഇക്കണോമിക്സ് പ്രഫസർ ഡോ. അരുൺ ഗൗതം ചന്ദ്രശേഖർ (സാമ്പത്തികശാസ്ത്രം), വാഷിങ്ടൻ സർവകലാശാല സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് പ്രഫസർ ശ്യാം ഗോല്ലക്കോട്ട, പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ബയോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസർ സിദ്ധേഷ് കാമത്ത് (ലൈഫ് സയൻസസ്), കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ തിയററ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് മാത്തമാറ്റിക്സ് വിഭാഗം പ്രഫസർ നീന ഗുപ്ത (ഗണിതശാസ്ത്രം), സ്റ്റാൻഫഡ് സർവകലാശാല ഫിസിക്സ് വിഭാഗം അസോഷ്യേറ്റ് പ്രഫസർ വേദിക ഖെമാനി (ഫിസിക്കൽ സയൻസസ്) എന്നിവരാണ് മറ്റു പുരസ്കാരജേതാക്കൾ.
ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണൻ, സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണ മൂർത്തി, എസ്.ഡി.ഷിബുലാൽ എന്നീ ട്രസ്റ്റികളും ചടങ്ങിൽ പങ്കെടുത്തു. 40 വയസ്സിൽ താഴെയുള്ളവരെയാണു പുരസ്കാരത്തിനു പരിഗണിച്ചത്. ജനുവരി 11ന് ബെംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.