ADVERTISEMENT

തിരുവനന്തപുരം ∙ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം വർഗീയതയുടെ വിജയമാണെന്ന ആക്ഷേപം സിപിഎം ഉന്നയിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വാക്പോര്. പാലക്കാട്ടു തുടർച്ചയായി മൂന്നാം തവണയും മൂന്നാം സ്ഥാനത്തായതിന്റെ കാരണങ്ങൾ വിലയിരുത്തും മുൻപാണു ഈ ആക്ഷേപവുമായി സിപിഎം രംഗത്തിറങ്ങിയത്.

സന്ദീപ് വാരിയരെ ഉൾപ്പെടുത്തിയുള്ള പത്രപ്പരസ്യം ഏശിയില്ലെന്നും പെട്ടി വിവാദം അനാവശ്യമായിരുന്നുവെന്നുമുള്ള പരാതികൾ പാർട്ടിക്കുള്ളിൽ ചർച്ചയാകുമ്പോഴാണു ‘വർഗീയ വോട്ടി’നെ കൂട്ടുപിടിച്ചു നേതൃത്വം പ്രതിരോധം തീർക്കുന്നത്.

കഴിഞ്ഞതവണ ഇ.ശ്രീധരൻ നേടിയ വോട്ടുകളാണു രാഹുൽ മാങ്കൂട്ടത്തിൽ ഇക്കുറി പിടിച്ചതെന്നും ബിജെപിയുടെ വോട്ടു കുറഞ്ഞതിൽ സിപിഎം വെപ്രാളപ്പെടുന്നത് എന്തിനാണെന്നുമാണ് കോൺഗ്രസ് ചോദിക്കുന്നത്. സിപിഎമ്മിനും ബിജെപിക്കും ഒരേ നാവും ശബ്ദവുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുന്ന ന്യൂനപക്ഷ വോട്ടുകൾക്കു പുറമേ, നഗരസഭയിലടക്കമുള്ള ഭൂരിപക്ഷ സമുദായ വോട്ടുകളിൽ വലിയൊരു ഭാഗം കൂടി ഇക്കുറി  രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചതായി കോൺഗ്രസ് വിലയിരുത്തുന്നു. വിജയത്തിനുമേൽ വർഗീയത ആരോപിക്കുന്ന സിപിഎമ്മിനെ ന്യൂനപക്ഷങ്ങൾക്കിടയിൽ തുറന്നുകാട്ടാനുള്ള നീക്കം വരുംദിവസങ്ങളിൽ കോൺഗ്രസ് നടത്തും. 

നഗരസഭയിലടക്കം രാഹുൽ നേടിയ അധിക വോട്ടിനെ വർഗീയ വോട്ടായി സിപിഎം മുദ്രകുത്തുകയാണെന്നും അതിനു ബിജെപി കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ച് ഇരുകക്ഷികളെയും കടന്നാക്രമിക്കാനാണു തീരുമാനം.

അതുവഴി സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണത്തിനും മൂർച്ചകൂട്ടും. തൃശൂരിലെ ‘ഡീൽ’ ആരോപണം പാലക്കാട്ടേക്കു കൂടി നീട്ടുകയാണു ലക്ഷ്യം. നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭ ബിജെപിയിൽനിന്നു തിരിച്ചുപിടിക്കാൻ കൂടി ലക്ഷ്യമിട്ടുള്ള നീക്കമാണിത്.

നേതാക്കൾ ആത്മപരിശോധന നടത്തണമെന്ന് സി.കെ.പത്മനാഭൻ

തിരുവനന്തപുരം ∙ പാലക്കാട്ടെ തോൽവിക്കു പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ശക്തമാകുന്നു. പഴയകാലത്തുള്ളവരുടെ പ്രവർത്തനമല്ല ഇപ്പോഴുള്ളവരുടേതെന്നും ഈഗോ അവസാനിപ്പിച്ച് നേതാക്കൾ ആത്മപരിശോധന നടത്തണമെന്നും മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ പറഞ്ഞു. 

സംസ്ഥാന ഭാരവാഹിയോഗം നാളെ കൊച്ചിയിൽ ചേരുന്നുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ ആലോചിക്കാനാണു യോഗമെങ്കിലും പാലക്കാട്ടെ തോൽവി ചർച്ചയായേക്കും. ആർഎസ്എസ് നിയോഗിച്ച സംഘടനാ ജനറൽ സെക്രട്ടറി ഇപ്പോഴില്ലാത്ത സാഹചര്യംകൂടി പരിഗണിച്ചാൽ, യോഗത്തിൽ പരസ്യവിമർശനത്തിനു പലരും മടിക്കില്ലെന്നാണു സൂചന. 

സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന കെ.സുഭാഷ് ആർഎസ്എസിലേക്കു മടങ്ങിയത് ബിജെപിയെ ദോഷകരമായി ബാധിച്ചെന്നാണു നേതാക്കൾ പങ്കിടുന്ന വികാരം. കേരളം ഉൾപ്പെടെ പത്തോളം സംസ്ഥാനങ്ങളിലെ ബിജെപിയിൽനിന്ന് ആർഎസ്എസ് തങ്ങളുടെ പ്രതിനിധിയെ തിരികെ വിളിച്ചിരുന്നു. പകരം ആളെ നിയോഗിച്ചിട്ടുമില്ല.

ബിജെപി സ്വന്തംനിലയ്ക്ക് കാര്യങ്ങൾ ചെയ്യട്ടെ എന്നാണ് ആർഎസ്എസ് തീരുമാനം. ബിജെപി സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പ്രാദേശിക നേതാക്കളുടെ പരസ്യവിമർശനം വ്യാപകമാണ്. ചില മുതിർന്ന നേതാക്കളുടെ ആശീർവാദത്തോടെയാണ് ഇതെന്നും വാദമുണ്ട്.

English Summary:

Palakkad by-Election sparks "communal vote" controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com