ശ്രേഷ്ഠ ബാവായുടെ 30–ാം ഓർമദിനം ആചരിച്ചു
Mail This Article
കോലഞ്ചേരി ∙ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 30-ാം ഓർമ ദിനം യാക്കോബായ സുറിയാനി സഭയുടെ പള്ളികളിൽ ആചരിച്ചു. പള്ളികളിൽ കുർബാന, അനുസ്മരണ സമ്മേളനം, പാച്ചോർ നേർച്ച എന്നിവ നടത്തി. ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ മൂന്നിന്മേൽ കുർബാന നടന്നു. ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പ്രധാന കാർമികത്വവും ഐസക് മാർ ഒസ്താത്തിയോസ്, ഡോ. മാത്യൂസ് മാർ അന്തീമോസ് എന്നിവർ സഹ കാർമികത്വവും വഹിച്ചു.
യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്തയും എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. മാത്യൂസ് മാർ ഇവാനിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, യാക്കോബ് മാർ അന്തോണിയോസ്, മാത്യൂസ് മാർ തിമോത്തിയോസ് എന്നിവർ സന്നിഹിതരായിരുന്നു. കൊച്ചി ഭദ്രാസന യൂത്ത് അസോസിയേഷൻ ഒരുക്കിയ സപ്ലിമെന്റ് ‘ധന്യമീ ശ്രേഷ്ഠ ജീവിതം’ പ്രകാശനം ചെയ്തു. വൈകിട്ട് നടന്ന പ്രാർഥനയ്ക്ക് ജോസഫ് മാർ ഗ്രിഗോറിയോസ് നേതൃത്വം നൽകി.