സർവമത സമ്മേളനം; മലയാള ഗാനം ആസ്വദിച്ച് മാർപാപ്പ
വത്തിക്കാൻ സിറ്റി ∙ സർവമത സമ്മേളനവേദിയിൽ ഭാരതത്തിന്റെ മഹിമയെ പ്രകീർത്തിക്കുന്ന മലയാളഗാനം ആസ്വദിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളിൽനിന്നുള്ള കുട്ടികളാണു ഗാനം ആലപിച്ചത്.

‘അദ്വൈതത്തിൻ ഗീതികൾ പാടും, സാഹോദര്യം പുലരും ആർഷ ഭാരതം, വേഷവും ഭാഷയും വേറെയാണെങ്കിലും പരിമളം തൂകുന്ന പുണ്യനാട്, പാരിൽ പരിമളം തൂകുന്ന പുണ്യനാട്, ഭാരതം..ഭാരതം..ഭാരതം.., ബുദ്ധനും ഗാന്ധിയും ക്രിസ്തുവും മുഹമ്മദും തന്നൊരാത്മീയ ദീപങ്ങളേന്തി, ഇരുളിൽ പ്രകാശം പരത്താം, തമസോമാ ജ്യോതിർഗമയ, മൃത്യോർമാ അമൃതം ഗമയ, ഒലിവുമരത്തിൻ തെന്നലേ.. സഹ്യസാനുവേ, മാനിഷാദ പാടുവാൻ ലോകമാകെ പോയിടാം, നാം ഒത്തുചേർന്നിടാം, ഓം ശാന്തി.. ഓം ശാന്തി.. ഓം ശാന്തി...’ എന്ന ഗാനമാണ് ആലപിച്ചത്.
ഗാനത്തിനു ശേഷം മാർപാപ്പ അഭിനന്ദന സൂചകമായി കയ്യടിച്ചു. തുടർന്ന് കുട്ടികളെ അരികിൽ വിളിച്ചു ചേർത്തുപിടിച്ച് അഭിനന്ദിച്ചു. ഗാന്ധിജി, ശ്രീബുദ്ധൻ എന്നിവരെക്കുറിച്ചും ലോകത്തെ മഹത്തുക്കളായ പുണ്യാത്മാക്കളെക്കുറിച്ചും കൂടുതൽ അറിയണമെന്നും പഠിക്കണമെന്നും മാർപാപ്പ നിർദേശിച്ചു.
കുട്ടികൾ വരച്ച മാർപാപ്പയുടെ ചിത്രം അവർ അദ്ദേഹത്തിന് സമ്മാനിച്ചു. ചിത്രങ്ങളിൽ ഒപ്പുവച്ചും ആശംസാ സന്ദേശങ്ങൾ എഴുതി നൽകിയും മാർപാപ്പ അവരെ ആശീർവദിച്ചു. കേരളീയ ശൈലിയിൽ മുണ്ടും ഷർട്ടും അണിഞ്ഞതിനെക്കുറിച്ചും മാർപാപ്പ ചോദിച്ചറിഞ്ഞു.
മാർപാപ്പയെ സ്വീകരിച്ചത് മഞ്ഞ ഷാൾ അണിയിച്ച്
വത്തിക്കാൻ സിറ്റി ∙ സർവമത സമ്മേളന വേദിയിലെത്തിയ ഫ്രാൻസിസ് മാർപാപ്പയെ ശിവഗിരി മഠം സ്വീകരിച്ചത് മഞ്ഞ ഷാൾ അണിയിച്ചും ശ്രീനാരായണ ഗുരുദേവന്റെ ചിത്രം സമ്മാനിച്ചുമായിരുന്നു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവചനം ആലേഖനം ചെയ്ത പട്ടുഷാളാണ് മാർപാപ്പയെ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അണിയിച്ചത്.
മഞ്ഞനിറം എന്തുകൊണ്ടാണെന്നും ഷാളിൽ ആലേഖനം ചെയ്ത വാക്കുകളുടെ ആന്തരാർഥം എന്താണെന്നും മാർപാപ്പ തിരക്കി. മാനവരെല്ലാം പരസ്പരം ഒന്നായി കണ്ട് ഒരുമയോടെ നീങ്ങണമെന്ന ആന്തരാർഥമാണ് സന്ദേശത്തിലുള്ളതെന്ന് സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.
തുടർന്ന് മഞ്ഞ നിറം ഉപയോഗിക്കുന്നതിനെക്കുറിച്ചും ഹ്രസ്വമായി വിശദീകരിച്ചു. ശിവഗിരി തീർഥാടനവേളയിൽ മഞ്ഞ ഉപയോഗിക്കാമെന്ന് ഗുരു നിർദേശിച്ചിരുന്നു. കേരളത്തിലെ തീർഥാടനകേന്ദ്രമായ ശബരിമലയിലേക്കു പോകുന്നവർ കറുപ്പാണ് ഉടുക്കുന്നത്. മറ്റൊരു തീർഥാടന സ്ഥലമായ കാശിയിലേക്കു പോകുന്നത് കാവിയുടുത്തും. ശിവഗിരിയിൽ പോകുന്നവർക്ക് മഞ്ഞയാകാം. കയ്യിലുള്ള വെള്ളമുണ്ട് നന്നായി കഴുകി മഞ്ഞൾ അരച്ചതിൽ മുക്കി ഉപയോഗിക്കാം.
മഞ്ഞളിന് ഔഷധ ഗുണമുണ്ട്. യാത്രയിൽ പ്രാണികളും കീടങ്ങളും ശല്യപ്പെടുത്തില്ല. മിതവ്യയം ശീലിപ്പിക്കുന്നതിനു വേണ്ടിയാണ് ഗുരു അങ്ങനെ ഉപദേശിച്ചതെന്നും തീർഥാടന കാലത്തു മാത്രമാണ് സന്ദർശകർ ശിവഗിരിയിൽ മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നതെന്നും സ്വാമി ശുഭാംഗാനന്ദ വ്യക്തമാക്കി.
ഇറ്റാലിയൻ ഭാഷയിൽ‘ദൈവദശക’ പ്രാർഥനാലാപനം
വത്തിക്കാൻ സിറ്റി ∙‘ദൈവമേ, കാത്തുകൊൾകങ്ങു, കൈവിടാതിങ്ങു ഞങ്ങളെ, നാവികൻ നീ ഭവാബ്ധിക്കൊരാവിവൻ തോണി നിൻപദം...’ എന്നാംഭിക്കുന്ന ‘ദൈവദശക’ പ്രാർഥന ഇറ്റാലിയൻ ഭാഷയിൽ ആലപിച്ചത് സർവമത സമ്മേളനത്തിന്റെ സവിശേഷതയായി.
കർദിനാൾ ലസാരു ഹ്യൂങ് സിക്, മേജർ ആർച്ച്ബിഷപ് ജോർജ് ജേക്കബ് കൂവക്കാട്, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ്, പി.വി.ശ്രീനിജിൻ, കർണാടക സ്പീക്കർ യു.ടി.ഖാദർ, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഫാ.ഡേവിസ് ചിറമ്മൽ, ഫാ. മിഥുൻ ജെ.ഫ്രാൻസിസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.
വത്തിക്കാൻ സ്ക്വയറിലെ അഗസ്റ്റിരിയൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ 200 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്ന് മതപാർലമെന്റ് നടക്കും.