ADVERTISEMENT

തിരുവനന്തപുരം ∙ 16–ാം ധനകാര്യ കമ്മിഷന്റെ നിർണായക കേരള സന്ദർശനം അടുത്തയാഴ്ച നടക്കാനിരിക്കെ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്രവിഹിതം പോലും വെട്ടിക്കുറയ്ക്കുമെന്ന ആശങ്കയിൽ കേരളം. ഇതു മുൻകൂട്ടിക്കണ്ട് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം 41 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി വർധിപ്പിക്കുകയെന്ന ആവശ്യം കേരളം ധനകാര്യ കമ്മിഷനു മുന്നിൽ നിവേദനത്തിലൂടെ ഉന്നയിക്കും.

2018ൽ 15–ാം ധനകാര്യ കമ്മിഷൻ കേരളം സന്ദർശിച്ചപ്പോഴും ഇതേ ആവശ്യം കേരളം ഉന്നയിച്ചെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. ഇക്കുറി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മാത്രമല്ല, ഗുജറാത്ത്, ബംഗാൾ അടക്കമുള്ള മറ്റു സംസ്ഥാനങ്ങളും സംസ്ഥാന വിഹിതം 50 ശതമാനമാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 

ഇപ്പോൾ‌ കിട്ടുന്ന 41 ശതമാനത്തിൽ നിന്നു സംസ്ഥാന വിഹിതം 36 ശതമാനമാക്കി വെട്ടിക്കുറയ്ക്കാൻ ഇടയുണ്ടെന്ന സൂചനകൾ സംസ്ഥാന സർക്കാരിനു ലഭിച്ചിട്ടുണ്ട്. ഇതു കേരളത്തിനു താങ്ങാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. കേന്ദ്രം കൂടുതൽ വിഹിതം ആവശ്യപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഉയർന്ന കടമെടുപ്പും കടമെടുത്ത തുകയ്ക്കുള്ള പലിശ തിരിച്ചടവും ബജറ്റിനെ താളംതെറ്റിക്കുന്നെന്നാണു കേന്ദ്രത്തിന്റെ വാദം.

അതിനാൽ, അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കൂടുതൽ പണം ചെലവിടാൻ വരുമാനം വർധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചും തങ്ങളുടെ വിഹിതം വർധിപ്പിച്ചും പ്രശ്നം പരിഹരിക്കണമെന്നാകും കേന്ദ്ര സർക്കാർ ധനകാര്യ കമ്മിഷനോട് ആവശ്യപ്പെടുക. 

2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വിഹിതം നിശ്ചയിക്കുന്നതിനും കേരളം എതിരാണ്. ഇത് ജനസംഖ്യ നിയന്ത്രണത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച കേരളത്തിനുള്ള വിഹിതം കുറയാൻ വഴിയൊരുക്കും. കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന ഗ്രാന്റ് 7.6 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി വർധിപ്പിക്കണമെന്ന ആവശ്യവും സംസ്ഥാനത്തിനുണ്ട്. 10 മുതൽ 15 വരെയുള്ള ധനകാര്യ കമ്മിഷനുകളുടെ ശുപാർശ പ്രകാരം കേന്ദ്രത്തിൽ നിന്നു കേരളത്തിനു ലഭിച്ച വിഹിതം 2.92 ശതമാനത്തിൽ നിന്നു 2.4 ശതമാനമായി കുറഞ്ഞെന്നാണു വിലയിരുത്തൽ.

15–ാം കമ്മിഷന്റെ കാലത്ത് കേരളത്തിന് ഏറ്റവും കൂടുതൽ റവന്യു കമ്മി നികത്തൽ ഗ്രാന്റ് കിട്ടിയിട്ടും ആകെ വിഹിതം കുറഞ്ഞുവരികയാണ്. ഗ്രാന്റ് 12 ശതമാനമാക്കി വർധിപ്പിച്ചാൽ 50,719 കോടി രൂപ കേരളത്തിന് അധികമായി ലഭിക്കും. 

വയോധികരുടെ ആധിക്യം, തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ, സ്റ്റാർട്ടപ് മേഖലയിലെ വളർച്ച, തൊഴിൽ നൈപുണ്യം തുടങ്ങി കേരളത്തിന്റേതായ പ്രത്യേകതകൾ കണക്കിലെടുത്ത് പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്ന ആവശ്യവും കേരളം ഉന്നയിക്കും. സംസ്ഥാനങ്ങളിൽ‌ നിന്നു കേന്ദ്രം പിരിക്കുന്ന നികുതിയുടെ 41% തുക 14 തവണകളായി സംസ്ഥാനങ്ങൾക്കു കൈമാറണമെന്നായിരുന്നു കഴിഞ്ഞ ധനകാര്യ കമ്മിഷന്റെ മുഖ്യ ശുപാർശ. അടുത്ത വർഷം ഒക്ടോബർ 31ന് മുൻപാണ് 16–ാം കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുക. 2026 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കാണ് കമ്മിഷന്റെ നിർദേശ പ്രകാരമുള്ള തീരുമാനങ്ങൾ നടപ്പാക്കുക. 

സന്ദർശനം 8 മുതൽ 10 വരെ

തിരുവനന്തപുരം ∙ ഇൗ മാസം 8 മുതൽ 10 വരെയാണ് കമ്മിഷൻ അധ്യക്ഷനും നിതി ആയോഗ് മുൻ വൈസ് ചെയർമാനുമായ ഡോ.അരവിന്ദ് പനാഗിരിയും അംഗങ്ങളും കേരളം സന്ദർശിക്കുന്നത്. 8ന് സംഘം കുമരകത്ത് എത്തും. 9ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരഞ്ഞെടുത്ത ഏതെങ്കിലും പഞ്ചായത്ത് സന്ദർശിക്കും. 10ന് രാവിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു നിവേദനം നൽകും. ഉച്ചയ്ക്കു ശേഷം രാഷ്ട്രീയ കക്ഷി പ്രതിനിധികളും വ്യാപാര വ്യവസായ പ്രതിനിധികളുമായി ചർച്ച നടത്തും. മുഖ്യമന്ത്രി സംഘത്തിന് അത്താഴവിരുന്നും ഒരുക്കുന്നുണ്ട്.

15-ാം ധനകാര്യ കമ്മിഷൻ അംഗമായിരുന്ന അജയ് നാരായൺ ഝാ, കേന്ദ്രത്തിലെ മുൻ ധനവിനിയോഗ സ്പെഷൽ സെക്രട്ടറി ആനി ജോർജ് മാത്യു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് മുൻ ഡയറക്ടർ മനോജ് പാണ്ട, എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ.

English Summary:

Finance Commission's visit to Kerala next week: State apprehensive of reduction in tax share

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com