ADVERTISEMENT

ആലപ്പുഴ∙ അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതു തൊട്ടുമുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാർ ഓടിച്ച വിദ്യാർഥിയുടെ മൊഴി.  മുൻപിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല.

എതിർവശത്തു നിന്നു കെഎസ്ആർടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോൾ വാഹനം നിയന്ത്രണം വിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസിൽ ഇടിച്ചു കയറിയതെന്നും തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരിശങ്കർ ഇന്നലെ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.  

  അതേസമയം അപകടത്തിനു തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ നിഗമനം. അപകടവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസിൽ ഗൗരിശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ്  കോടതിയിൽ റിപ്പോർട്ട് നൽകി. കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയാണു പുതിയ റിപ്പോർട്ട്.    

  അപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 3പേരിൽ എടത്വ സ്വദേശി ആൽവിൻ ജോർജിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണു കൊണ്ടുപോയത്. കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽ നിന്നു മാറ്റി. 

  വാഹനമോടിച്ചിരുന്ന ഗൗരിശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുന്നു. പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി. 

 തിങ്കളാഴ്ച രാത്രി അപകടത്തിൽപെട്ട വാഹനത്തിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ 11 പേരാണുണ്ടായിരുന്നത്. അപകടത്തിൽ മരിച്ച  ആയുഷ് ഷാജിയുടെ സംസ്കാരം കാവാലം വടക്ക് നെല്ലൂർ വീട്ടുവളപ്പിൽ നടത്തി.

English Summary:

Kalarcode Accident: Driver says he lost control while overtaking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com